സൗദിയിൽ ഒരാഴ്ചക്കിടയിൽ പിടിയിലായത് 15,568 നിയമ ലംഘകർ

ദമ്മാം: സൗദിയിൽ കഴിഞ്ഞ ഒരാഴ്ചക്കിടയിൽ നിയമ ലംഘകരായ 15,568 പേരെ അറസ്റ്റ് ചെയ്തതായി സുരക്ഷാസേന അറിയിച്ചു. തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചവരാണ് ഇതിൽ അധികവും. താമസനിയമം ലംഘിച്ച 9331പേരും അതിർത്തി സുരക്ഷനിയമങ്ങൾ ലംഘിച്ച 4,226 പേരും തൊഴിൽ വ്യവസ്ഥകൾ ലംഘിച്ച 2,011 പേരുമാണ് അറസ്റ്റിലായത്. അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 260 പേരെ അതിർത്തിസേന പിടികൂടി സുരക്ഷാവകുപ്പിന് കൈമാറി.

ഇതിൽ ഇതോപ്യക്കാരാണ് കൂടുതൽ. ഇതിൽ 27 ശതമാനം യമനികളാണ്. എട്ടു ശതമാനം മാത്രമാണ് മറ്റു രാജ്യക്കാർ. കൃത്യമായ രേഖകളില്ലാത്തവർക്ക് താമസവും ജോലിയും നൽകാൻ ശ്രമിച്ച 20 ഓളം പേരും അറസ്റ്റിലായിട്ടുണ്ട്. വിസാനിയമങ്ങൾ ലംഘിച്ചവരാണ് രാജ്യത്ത് പിടികൂടപ്പെടുന്നവരിൽ അധികവും. ഇവരെ നാടുകടത്തുകയാണ് പ്രധാനമായും ചെയ്യുന്നത്.

ക്രിമിനൽ കേസുകളിൽ ഉൾപെടാത്തവരെ ഉടൻ നാട്ടിലേക്ക് തിരിച്ചയക്കും. നിലവിൽ നിയമലംഘകരായ 46,064 പേർക്കെതിരെ നിയമനടപടികൾ നിലനിൽക്കുന്നുണ്ട്. ഇതിൽ 43,005 പുരുഷന്മാരും 3,059 സ്ത്രീകളുമാണ്. ഓരോരാജ്യങ്ങളുടേയും എംബസികൾ യാത്രാരേഖകൾ നൽകുന്നതിനനുസരിച്ചായിരിക്കും ഇവരെ നാട്ടിലയക്കുക.

36,540 നിയമലംഘകർ എംബസികളിൽനിന്നുള്ള യാത്രാരേഖകൾക്കായി കാത്തിരിക്കുകയാണ്.

2,081 നിയമലംഘകർ നടപടിക്രമങ്ങൾ പൂർത്തിയാക്കി ടിക്കറ്റിനായി കാത്തിരിക്കുന്നു. കഴിഞ്ഞായാഴ്ച മാത്രം നടപടിക്രമങ്ങൾ പൂർത്തീകരിച്ച 9,293 നിയമലംഘകരെ നാടുകടത്തുകയും ചെയ്തു.

നിയമവിരുദ്ധമായി രാജ്യത്തേക്കുള്ള വ്യക്തികളുടെ പ്രവേശനം സുഗമമാക്കുകയും അവർക്ക് ജോലിയോ അഭയമോ നൽകുകയും ചെയ്യുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.