വെള്ളിയാഴ്ച ജുമുഅയിൽ പ​ങ്കെടുക്കാൻ മക്ക ഹറമിലെത്തിയ ഇന്ത്യൻ ഹാജിമാർ

16,566 തീർഥാടകർ നാട്ടിലെത്തി

മക്ക: ഹജ്ജിനുശേഷമുള്ള ഇന്ത്യൻ ഹാജിമാരുടെ മടക്കം തുടരുന്നു. ജൂലൈ 15 മുതൽ ഇതുവരെ 50 വിമാനങ്ങളിലായി 16,566 തീർഥാടകർ ഇന്ത്യയിൽ തിരിച്ചെത്തി. മദീന വഴി സൗദിയിലെത്തിയ ഹാജിമാരാണ് ഇപ്പോൾ ജിദ്ദ വഴി മടങ്ങിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ എത്തിയ​വരിൽ 40,068 പേരാണ് മടങ്ങാൻ ബാക്കിയുള്ളത്. ഹജ്ജിന് മുമ്പ് മദീന സന്ദർശനം നടത്താത്തവരുടെ സന്ദർശനം തുടരുകയാണ്.

6,345 ഇന്ത്യക്കാരാണ് ഇപ്പോൾ മദീനയിൽ സന്ദർശനം നടത്തുന്നത്. ഞായറാഴ്ച മുതൽ മദീന വഴിയും ഹാജിമാർ മടങ്ങിത്തുടങ്ങും. മദീനയിൽ എട്ടുദിവസം സന്ദർശനം പൂർത്തിയാക്കിയാണ് ഹാജിമാർ മടങ്ങുന്നത്. കേരളത്തിൽനിന്നുള്ള 4,524 ഹാജിമാർ ഇതിനകം നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്. ജൂലൈ 31നാണ് കേരളത്തിലേക്കുള്ള അവസാന വിമാനം. വെള്ളിയാഴ്ച 35,000 ഹാജിമാരാണ് ജുമുഅക്ക് മസ്ജിദുൽ ഹറാമിൽ നമസ്കാരത്തിനും പ്രാർഥനക്കുമായി എത്തിയത്.

ഇവരെ പള്ളിയിൽ എത്തിക്കാനും തിരിച്ച് താമസസ്ഥലങ്ങളിൽ എത്തിക്കാനും ഹജ്ജ് മിഷന്റെ നേതൃത്വത്തിൽ പ്രത്യേകം സംവിധാനങ്ങൾ ഒരുക്കിയിരുന്നു. തീർഥാടകർക്ക് സേവനം നൽകുന്നതിന് ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും നാട്ടിൽനിന്നെത്തിയ വളന്റിയർമാരും മെഡിക്കൽ സംഘങ്ങളും ഹറം പരിസരത്ത് തമ്പടിച്ചിരുന്നു. മക്കയിലെ വിവിധ സന്നദ്ധസംഘടന വളന്റിയർമാരും വഴിനീളെ ഹാജിമാർക്ക് സേവനം നൽകി. വെള്ളം, ജ്യൂസ്, ചെരിപ്പ്, കുട എന്നിവ ഹാജിമാർക്കായി ഇവർ വിതരണം ചെയ്തു. ചൂട് ശക്തമായതിനാൽ നിർജലീകരണം കാരണം പല ഹാജിമാരും മെഡിക്കൽ സംഘങ്ങളിൽ നിന്നുള്ള പ്രാഥമിക ശുശ്രൂഷ നേടിയാണ് മടങ്ങിപ്പോയത്. 

Tags:    
News Summary - 16,566 pilgrims reached the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.