ജിദ്ദ: ഇന്ത്യന്‍ പ്രവാസികളുടെ ഹൃദയത്തിലിടം നേടിയ ജനകീയനായ കോണ്‍സല്‍ ജനറല്‍ ബി.എസ് മുബാറക് ബുധനാഴ്ച സ്ഥാനമൊഴിയും. സാധാരണക്കാരായ പ്രവാസികളുടെ നോവും നൊമ്പരവും മനസ്സിലാക്കി ഒട്ടേറെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതിന്‍െറ സാഫല്യവുമായാണ് അദ്ദേഹം ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍െറ പടിയിറങ്ങുന്നത്. ഏറ്റവുമൊടുവില്‍ കോണ്‍സുലേറ്റില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് 24 മണിക്കുറും സേവനം ലഭ്യമാക്കുന്ന ഐ.ഡബ്ള്യൂ.ആര്‍ പദ്ധതി യാഥാര്‍ഥ്യമാക്കിയാണ് അദ്ദേഹം മടങ്ങുന്നത്. ഹജ്ജ് കാലങ്ങളില്‍ തീര്‍ഥാടകരുടെ പ്രയാസങ്ങള്‍ ദുരീകരിക്കാന്‍ ഒരുപാട് സംഭാവനകള്‍ അര്‍പിക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്‍െറ ഓര്‍മകളുടെ ആല്‍ബത്തിലെ തിളങ്ങുന്ന അധ്യായങ്ങളാണ്. ശുഭപ്രതീക്ഷയോടെ പ്രതിസന്ധികളെ തരണം ചെയ്ത് പ്രവാസികള്‍ ജീവിതവിജയം നേടണമെന്നാണ് കോണ്‍സല്‍ ജനറല്‍ പദവിയില്‍ നിന്ന് ഇറങ്ങുമ്പോഴും അദ്ദേഹത്തിന് പറയാനുള്ളത്. എന്നും ഒരേ ജോലി എന്ന സങ്കല്‍പം തന്നെ മാറി പുതിയ ലോകങ്ങള്‍ തേടുമ്പോഴാണ് ജീവിതം ആസ്വാദ്യകരമാവുന്നത് എന്നാണ് അദ്ദേഹത്തിന്‍െറ അഭിപ്രായം. പുതിയ സ്ഥാനമാറ്റത്തെയും ഈ രീതിയിലാണ് കാണുന്നത്. രണ്ടുവര്‍ഷത്തെ സേവനത്തിന് ശേഷമാണ് ബാവ സെയ്ദ് മുബാറക്ക് എന്ന ബി.എസ് മുബാറക് ജിദ്ദയോട് വിട പറയുന്നത്. 2014-ല്‍ ഫൈസ് അഹ്മദ് കിദ്വായിയില്‍ നിന്ന് ചുമതലയേറ്റെടുത്തു. കുറഞ്ഞ കാലം കൊണ്ടുതന്നെ കോണ്‍സുലേറ്റ് ജീവനക്കാരുടെയും ഇന്ത്യന്‍ സമൂഹത്തിന്‍െറയും പ്രിയപ്പെട്ട സി.ജിയായി മാറി. കന്യാകുമാരി സ്വദേശിയാണ്. ദല്‍ഹിയില്‍ വിദേശകാര്യമന്ത്രാലയ ആസ്ഥാനത്ത് ഡയറക്ടറായാണ് ചുമതലയേല്‍ക്കാന്‍ പോകുന്നത്. മൂന്ന് വര്‍ഷമാണ് സി.ജിയുടെ കാലാവധി. രണ്ട് വര്‍ഷം മുമ്പാണ് ഇദ്ദേഹം ചുമതലയേറ്റത്. കാലാവധി തീരും മുമ്പാണ് സ്ഥാനമാറ്റം. ജോയന്‍റ് സെക്രട്ടറി പദവിയിലത്തൊന്‍ വിദേശകാര്യ ആസ്ഥാനത്ത് രണ്ട് വര്‍ഷത്തെ സര്‍വീസ് അനിവാര്യമായതിനാലാണ് ഡല്‍ഹിയിലേക്ക് മടങ്ങാന്‍ അദ്ദേഹം തീരുമാനിച്ചത്. മലയാളികളായ പ്രവാസികളുമായി ബി.എസ് മുബാറകിന് ഉണ്ടായ അടുപ്പം വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ലഭിച്ച സ്നേഹോഷ്മളമായ യാത്രയയപ്പുകള്‍.
മുമ്പ് ഹജ്ജ്കോണ്‍സലായും ജിദ്ദയില്‍ പ്രവര്‍ത്തിച്ചിരുന്നു. നേരത്തെ ഹജ്ജ് കോണ്‍സലായിരുന്ന മുഹമ്മദ് നൂര്‍ റഹ്മാന്‍ ശെയ്ഖ് ആണ് പുതിയ സി.ജി. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ ഫസ്റ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ് ശെയ്ഖ്. എപ്രില്‍ അവസാനത്തോടെ അദ്ദേഹം ചുമതലയേല്‍ക്കുമെന്നാണ് സൂചന. മൂന്നു വര്‍ഷത്തെ സേവനത്തിന് ശേഷം കഴിഞ്ഞ നവംബറിലാണ് അദ്ദേഹം ന്യൂയോര്‍ക്കിലേക്ക് സ്ഥലം മാറിപ്പോയത്. മണിപ്പൂരിലെ ഇംഫാല്‍ സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.