ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതി തെരഞ്ഞെടുപ്പ്  പ്രക്രിയ പരിഷ്കരിക്കാന്‍ ആലോചന

ദമ്മാം: സൗദി അറേബ്യയിലെ ഇന്ത്യന്‍ സ്കൂളുകളിലെ ഭരണ സമിതി തെരെഞ്ഞെടുപ്പ് പ്രക്രിയയില്‍ വലിയ തോതിലുള്ള പരിഷ്കാരം കൊണ്ടുവരാന്‍ എംബസി ആലോചിക്കുന്നതായി സൂചന. കഴിഞ്ഞ മാസം നടന്ന ഹയര്‍ ബോര്‍ഡ് മീറ്റിങ്ങിലാണ് ഇത്തരം പരിഷ്കാരങ്ങളെ കുറിച്ച് ചര്‍ച്ച നടന്നത്. ഏകദേശം അന്തിമ രൂപമായിട്ടുണ്ടെന്നും സൗദി വിദ്യാഭ്യാസ വകുപ്പിന്‍െറ അംഗീകാരത്തോട് കൂടി ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. നിലവില്‍ രക്ഷിതാക്കളില്‍നിന്ന് ഏഴ് അംഗങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്. ഒരു സംസ്ഥാനത്തിന് രണ്ട് പ്രതിനിധികളെയും തെരഞ്ഞെടുക്കാം. ഇത് പരിഷ്കരിക്കാനാണ് ആലോചന നടക്കുന്നത്. ഒരു സംസ്ഥാനത്തിന് ഒരു പ്രതിനിധിയായി പരിമിതപ്പെടുത്തി, അഞ്ചു പേരെ രക്ഷിതാക്കള്‍ തെരഞ്ഞെടുക്കുകയും, ബാക്കി രണ്ടു പേരെ എംബസി നേരിട്ട് നിയമിക്കുകയും ചെയ്യുന്നതായിരിക്കും പുതിയ രീതി എന്നാണ് സൂചന. മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന രക്ഷിതാവിന്‍െറ ശമ്പള പരിധിയും ഉയര്‍ത്തിയേക്കും. 
സ്കൂള്‍ നടത്തിപ്പിന് ആവശ്യമുള്ള കരാറുകളും എംബസി നേരിട്ട് ചെയ്യാന്‍ സാധിക്കുന്ന രീതിയിലായിരിക്കും പരിഷ്കരിച്ച നിയമാവലി. ഇതോടെ എംബസിക്ക് സ്കൂള്‍ നടപടികളില്‍ കൂടുതല്‍ ക്രിയാത്മകമായി ഇടപെടാന്‍ പറ്റുമെന്നാണ് അധികൃതര്‍ കരുതുന്നത്. 
ഹയര്‍ ബോര്‍ഡ് മീറ്റിങ്ങില്‍ നിലവിലെ ഭരണ സമിതി മേധാവികള്‍ പരിഷ്കാരത്തെ എതിര്‍ത്തില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. നിലവിലെ സംവിധാനത്തില്‍ മാറ്റം വേണമെന്ന് നിരവധി പരാതികള്‍ ലഭിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു പരിഷ്കാരത്തിന് മുന്‍കൈ എടുത്തത് എന്നാണ് എംബസി അധികൃതര്‍ പറയുന്നത്. 
പരിഷ്കാരം നടപ്പായാല്‍ സ്കൂള്‍ നടത്തിപ്പിലുള്ള അധികാരം എംബസിയില്‍ കേന്ദ്രീകരിക്കപ്പെടും എന്ന അഭിപ്രായം നിലവിലെ ഭരണ സമിതികള്‍ക്കുണ്ട്.  
ഭൂരിപക്ഷവും മലയാളി രക്ഷിതാക്കളുള്ള സ്കൂളുകളില്‍ കേരളത്തില്‍ നിന്ന് രണ്ട് പ്രതിനിധികള്‍ മാത്രമായി പരിമിതപ്പെടുത്തുന്നതില്‍ അശാസ്ത്രീയതയുണ്ട് എന്ന പരാതി നിലനില്‍ക്കെയാണ്, ഓരോ സംസ്ഥാനത്തിന് ഒരു പ്രതിനിധിയായി പരിമിതപ്പെടുത്താന്‍ ആലോചന നടക്കുന്നത്. ദമ്മാം ഇന്ത്യന്‍ സ്കൂളിലെ ഭരണ സമിതിയുടെ കാലാവധി ഇനി ഒന്നര വര്‍ഷമാണുള്ളത്. അടുത്ത വര്‍ഷത്തേക്ക് പരിഷ്കരിച്ച നിയമാവലി പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ശ്രമം. നിലവില്‍ ഹയര്‍ ബോര്‍ഡില്‍ മാത്രമാണ് എംബസി നേരിട്ട് നിയമിക്കുന്ന പ്രതിനിധികള്‍ ഉള്ളത്. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-02 04:06 GMT