റിയാദ്: വേനലിന്റെ തിളയ്ക്കലിന് കുറവുവന്നതോടെ സൗദി അറേബ്യയിലെങ്ങും കാലാവസ്ഥ മാറ്റത്തിന്റെ ശുഭസൂചനകൾ. കടുത്ത ഉഷ്ണം അവസാനിച്ചു. സുഖകരമായ മിതോഷ്ണ അന്തരീഷത്തിലേക്ക് മാറി. അതിനിടെ രാജ്യത്തിന്റെ തെക്കൻ മേഖലകളിലും പടിഞ്ഞാറൻ പ്രവിശ്യയിലും വേനലിൽ തന്നെ കോരിച്ചൊരിഞ്ഞ മഴ മറ്റ് മേഖലകളിലേക്കും പടരാൻ തുടങ്ങിയിട്ടുണ്ട്.
മക്ക, ജിസാന്‍, മദീന, അസീര്‍, നജ്റാന്, ഹാഇല്‍, റിയാദ് പ്രവിശ്യയുടെ തെക്ക് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഞായറാഴ്ച മഴ പെയ്തു. ഈ പ്രദേശങ്ങളിൽ ഇനിയുള്ള ദിവസങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഞായറാഴ്ച മക്കയിലും ജിസാനിലും റെഡ് അലര്‍ട്ടും മദീനയില്‍ ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരുന്നത്. മലവെള്ളപ്പാച്ചിലിനും ഇടി മിന്നലോടെയുള്ള മഴക്കുമാണ് സാധ്യത കൽപിച്ചിരുന്നത്. രാത്രിയും പുലര്‍ച്ചെയും മഞ്ഞുവീഴ്ചയുമുണ്ടാവുന്നുണ്ട്. റിയാദിന്റെ തെക്കുഭാഗങ്ങളില്‍ നേരിയ മഴയാണ് പെയ്തത്.
കഴിഞ്ഞ ദിവസങ്ങളിൽ മദീനയിൽ റെക്കോഡ് മഴയാണ് പെയ്തത്. വ്യാപക കെടുതികളും ഉണ്ടായിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ ശനിയാഴ്ച രാവിലെ ഒമ്പത് വരെ 24 മണിക്കൂറിനിടെ തുള്ളിമുറിയാതെ പെയ്തത് റെക്കോഡ് മഴയാണെന്നും ഈ സീസണിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മദീനയിലാണെന്നും പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം അറിയിച്ചു.
കനത്ത മഴയില്‍ മദീനയില്‍ റോഡുകള്‍ തകര്‍ന്ന് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മഴ കണക്കിലെടുത്ത് മദീന, അൽ ഹനാകിയ, വാദി അൽ ഫറഅ് എന്നിവിടങ്ങളില്‍ ഞായറാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. പകരം ‘മദ്റസതീ’ പോർട്ടൽ വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടന്നു.
മദീന കൂടാതെ മക്ക, ഖസീം, അസീര്‍, തബൂക്ക്, ജിസാന്‍, നജ്റാന്, അല്‍ബാഹ എന്നിവയടക്കം എട്ടു പ്രവിശ്യകളിലാണ് ഇത്രയും ശക്തമായ മഴപെയ്തത്. മദീനയിലെ വിമാനത്താവള മേഖലയിൽ 35.2 മില്ലിമീറ്ററും മസ്ജിദുന്നബവി മേഖലയിൽ 27.6 മില്ലിമീറ്ററുമാണ് മഴ പെയ്തത്.
ഇതാണ് ഈ ദിവസങ്ങളിൽ രേഖപ്പെടുത്തിയ മഴയുടെ ഏറ്റവും ഉയർന്ന തോത്. മക്ക പ്രവിശ്യയിലെ അൽ ലൈത്തിലും യലംലമിലും 17.4 ഉം അൽ ലൈത്ത് ഡാം വൃഷ്ടി പ്രദേശങ്ങളിൽ എട്ടും മില്ലിമീറ്റർ മഴ ലഭിച്ചു. ഖസീം പ്രവിശ്യയിലും ഉഖ്ലത് അൽ സഖറിലും 1.8 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. തെക്കൻ പ്രവിശ്യയായ അസീറിലെ ബനീ ഉമറിലും അൽ നമാസിലും 16.6 മില്ലിമീറ്റർ മഴ പെയ്തു.
വടക്കുപടിഞ്ഞാറൻ മേഖലയിലെ അൽ മഅസമിൽ തബൂക്കിലും 3.4 മില്ലിമീറ്ററും ജീസാൻ പ്രവിശ്യയിലെ അൽ ജബൽ അൽ അസ്വദിലും അൽ റെയ്ത്തിലും 7.2 മില്ലിമീറ്ററും നജ്റാൻ പ്രവിശ്യയിൽ ബദർ അൽ ജനൂബിൽ 0.6 മില്ലിമീറ്ററും അൽ ബാഹ പ്രവിശ്യയിൽ ബിൽഖസ്മറിലും അൽ മൻദഖിലും 28.6 ഉം മില്ലിമീറ്റർ മഴ പെയ്തെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.