ജിദ്ദ: രണ്ടര മാസക്കാലമായി ജിദ്ദയിൽ നടന്നുവന്നിരുന്ന സിഫ് ഈസ്റ്റി ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റിന് ആവേശകരമായ പരിസമാപ്തി. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള ആയിരങ്ങളെകൊണ്ട് ഗ്യാലറികൾ നിറഞ്ഞു കവിഞ്ഞ ജിദ്ദ ജാമിഅയിലെ കിങ് അബ്ദുൽഅസീസ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരാട്ടങ്ങൾ ഫുട്ബാൾ പ്രേമികൾക്ക് അന്താരാഷ്ട്ര മത്സരങ്ങൾ വീക്ഷിക്കുന്ന അനുഭവം നൽകി. ഏവരും ഉറ്റുനോക്കിയ ആവേശകരമായ എ ഡിവിഷൻ ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് റിയൽ കേരള എഫ്.സിയെ പരാജയപ്പെടുത്തി മഹ്ജർ എഫ്.സി ജേതാക്കളായി.
കളിയുടെ പതിനൊന്നാം മിനുട്ടിൽ വലതു വിങ്ങിലൂടെ ഒറ്റക്ക് മുന്നേറിയ ഡിഫൻഡർ മുഹമ്മദ് അർഷാദിന്റെ അളന്ന് മുറിച്ചുള്ള ക്രോസ് ഉയർന്നു ചാടി കൃത്യമായി തല വെച്ച മുഹമ്മദ് ഫൈസലിന്റെ ഹെഡർ ഗോൾ ആണ് മഹ്ജർ എഫ്.സിയെ ടൂർണമെന്റിലെ ചാമ്പ്യന്മാരാക്കിയത്. മഹ്ജർ എഫ്.സിയുടെ മുഹമ്മദ് അർഷാദ് ആയിരുന്നു എ ഡിവിഷനിലെ മാൻ ഓഫ് ദി മാച്ച്.
ഐ.ടി സോക്കർ, ബ്ലാസ്റ്റേഴ്‌സ് എഫ്.സി എന്നീ ടീമുകൾ മാറ്റുരച്ച ബി ഡിവിഷനിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഐ.ടി സോക്കർ ജേതാക്കളായി. മത്സരത്തിന്റെ ആദ്യ പകുതിയുടെ ആറാം മിനുട്ടിലും രണ്ടാം പകുതിയുടെ മൂന്നാം മിനുട്ടിലും മുഹമ്മദ് റിയാസ് നേടിയ രണ്ടു ഗോളുകൾക്കാണ് ഐ ടി സോക്കർ വിജയിച്ചത്. മുഹമ്മദ് റിയാസിനെ തന്നെയായിരുന്നു മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തതും.
ജൂനിയർ കുട്ടികളുടെ ഡി ഡിവിഷൻ ഫൈനലിൽ അഞ്ചാം തവണയും സ്പോർട്ടിങ് യുനൈറ്റഡ് ടീം കിരീടം നിലനിർത്തി. ടാലന്റ് ടീൻസ് ടീമിനെ ടൈ ബ്രേക്കറിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് അവർ പരാജയപ്പെടുത്തിയത്. സാധാരണ സമയത്തും അധിക സമയത്തും ഓരോ ഗോളുകൾ പങ്ക് വെച്ച് സമനിലയിൽ പിരിഞ്ഞതിലാണ് ടൈ ബ്രേക്കറിൽ വിജയികളെ കണ്ടെത്തിയത്. ടാലെന്റ് ടീൻസിന് വേണ്ടി ആദിൽ സൈൻ കളിയുടെ പത്താം മിനുട്ടിൽ ഗോൾ നേടിയപ്പോൾ കളി അവസാനിക്കാൻ ഒരു മിനുട്ട് ബാക്കിയുള്ളപ്പോൾ സ്പോർട്ടിങ് യുനൈറ്റഡ് നായകൻ അബ്ദുൽ ഖുദ്ദൂസ് പെനാൽറ്റിയിലൂടെ ഗോൾ മടക്കി. സ്പോർട്ടിങ് യുനൈറ്റഡിന്റെ മുആദ് ഷബീറിനെ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു.
കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ അതിഥിയായി ഫൈനൽ മത്സരത്തിൽ പങ്കെടുത്തിരുന്നു. എ ഡിവിഷനിൽ ജേതാക്കളായ മഹ്ജർ എഫ്.സിക്കുള്ള ട്രോഫി ടൂർണമെന്റിലെ മുഖ്യാതിഥിയായിരുന്ന ചലച്ചിത്ര നടൻ സിദ്ധീഖ്, കിങ് അബ്ദുൽഅസീസ് യൂനിവേഴ്സിറ്റി സ്റ്റേഡിയം പ്രതിനിധി ഡോ. അബ്ദുറഹ്മാൻ എന്നിവർ കൈമാറി. ജേതാക്കൾക്കുള്ള കാശ് പ്രൈസ് സിഫ് പ്രസിഡന്റ് ബേബി നീലാംബ്ര, ജനറൽ സെക്രട്ടറി നിസാം മമ്പാട് എന്നിവരും കൈമാറി. റണ്ണറപ്പ് ടീം റിയൽ കേരളക്കുള്ള ട്രോഫി ബിച്ചി, സുധീർ കൊച്ചാപ്പി എന്നിവർ കൈമാറി.
ബി ഡിവിഷൻ ജേതാക്കളായ ഐ.ടി സോക്കറിനുള്ള ട്രോഫി ജുനൈസ് ബാബു ഗുഡ്ഹോപ്പ്, അബ്ദുലത്തീഫ് എൻകംഫർട്ട് എന്നിവരും കാശ് പ്രൈസ് കെ.സി മൻസൂർ, നാസർ ശാന്തപുരം എന്നിവരും കൈമാറി. രണ്ടാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്‌സ് എഫ്.സിക്കുള്ള ട്രോഫി അബ്ദുലത്തീഫ്, ഷാഫി പവർ ഹൗസ് എന്നിവരും കൈമാറി.
ഡി ഡിവിഷൻ ജേതാക്കളായ സ്പോർട്ടിങ് യുനൈറ്റഡ് ടീമിനുള്ള ട്രോഫി കെ.പി മുഹമ്മദ് കുട്ടി, കെ.ടി.എ മുനീർ എന്നിവരും കാശ് പ്രൈസ് സലീം മമ്പാട്, ഷബീറലി ലാവ എന്നിവരും കൈമാറി. റണ്ണറപ്പ് ടീം ടാലന്റ് ടീൻസിനുള്ള ട്രോഫി കുഞ്ഞുമോൻ കാക്കിയ, ഗഫൂർ അൽ ഹസ്മി എന്നിവർ കൈമാറി. മൂന്ന് ഡിവിഷനുകളിലെയും മികച്ച കളിക്കാർക്കുള്ള ട്രോഫികൾ സുബൈർ വട്ടോളി, നസീർ മേപ്പള്ളി, സലീം മമ്പാട് എന്നിവർ സമ്മാനിച്ചു.
ഫുട്ബാൾ ടൂര്ണമെന്റിനോടനുബന്ധിച്ചു സിഫ് അധികൃതർ കാണികൾക്കിടയിൽ നടത്തിയ കൂപ്പൺ നറുക്കെടുപ്പിൽ മെഗാ സമ്മാനമായ സ്‌കൂട്ടർ മലപ്പുറം ചേളാരി സ്വദേശി മജീദ് കള്ളിയിലിന് ലഭിച്ചു. മുഖ്യാതിഥി നടൻ സിദ്ധീഖ് നറുക്കെടുപ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.