അബഹ നാടുകടത്തൽകേന്ദ്രത്തിൽ നിന്നും 24 ഇന്ത്യാക്കാർ നാട്ടിലേക്ക്



ഖമീസ് മുശൈത്ത്: വിവിധ നിയമ ലംഘനങ്ങളുടെ പേരിൽ പിടിക്കപ്പെട്ട് അബഹ നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ കഴിഞ്ഞിരുന്നവരിൽ 24 ഇന്ത്യാക്കാർ സ്വദേശത്തേക്ക് തിരിച്ചു. അസീർ റീജനിലെ വിവിധ ജയിലുകൾ, പൊലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നിന്നും നാടുകടത്തൽകേന്ദ്രത്തിൽ എത്തിയ 52 ഇന്ത്യക്കാരിൽ പാസ്പോർട്ട് കൈവശമുള്ള 24 പേർക്കാണ് ജിദ്ദ ഇന്ത്യൻ കൗൺസുലേറ്റിന്റെ ഇടപെടലിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ അവസരം ഒരുങ്ങിയത്. ബാക്കി ഇന്ത്യക്കാരെ പെരുന്നാൾ അവധി കഴിഞ്ഞ് നാട്ടിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. 24 പേരിൽ പൂരിഭക്ഷം പേരും നാലുമാസത്തിലേറെയായി ബിഷ ജവാസത്ത് (പാസ്​പോർട്ട് ഡയറക്ടറേറ്റ്) ജയിലിൽ കഴിഞ്ഞവരാണ്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ നിർദേശത്തെ തുടർന്ന് ബീഷയിൽനിന്നും അബഹയിൽ എത്തിച്ച് സൗദി എയർലൈൻസ് അബഹ ഓഫീസിന്റെ സഹകരണത്തോടെ ജിദ്ദ വഴി ഡൽഹിക്ക് യാത്രാസൗകര്യം ഒരുക്കുകയാണ് ചെയ്തത്.

ശനിയാഴ്ച രാവിലെ 10.20ന് ജിദ്ദയിൽ നിന്നും തിരിച്ച് വൈകീട്ട് 4.30ഓടെ ഡൽഹിയിൽ എത്തിച്ചേരും. മലയാളികളെ കൂടാതെ യു.പി., പശ്ചിമ ബംഗാൾ, പഞ്ചാബ്, അസം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഇക്കുട്ടത്തിലുണ്ട്. കോൺസുലേറ്റ് വെൽഫെയർ കമ്മിറ്റി പ്രതിനിധി അഷ്റഫ് കുറ്റിച്ചലിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. യാത്രക്കാർക്ക് ആവശ്യമായ ലഘുഭക്ഷണം കോൺസുൽ ജനറൽ ഷാഹിദ് ആലം നൽകി.

സാധാരണഗതിയിൽ അബഹയിൽനിന്നും ജിദ്ദ ശുമൈസി നാടുകടത്തൽ കേന്ദ്രത്തിൽ എത്തിച്ച് അവിടെനിന്നും യാത്രാരേഖകൾ ശരിയാക്കിയാണ് നാട്ടിലേക്ക് അയക്കാറുള്ളത്. അതുമൂലമുണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ ഇന്ത്യൻ കോൺസുലേറ്റിന്റേയും അബഹ ജവാസത്ത് നാടുകടത്തൽ കേന്ദ്രം മേധാവി കേണൽ മുഹമ്മദ് മാന അൽഖഹ്താനിയുടേയും സഹപ്രവർത്തകരായ കേണൽ സാലിം ഖഹ്താനി, ജയിൽ മേധാവി മുഹമ്മദ് ഖാസിം ബിഷിരി, കൗൺസുലേറ്റ് വെൽഫെയർ കമ്മിറ്റി പ്രതിനിധി അഷ്റഫ് കുറ്റിച്ചൽ, സാമൂഹികപ്രവർത്തകരായ പൈലി ജോസ്, അൻസാരി എന്നിവരുടെ ഇടപെടലാണ് സഹായിച്ചത്. നാട്ടിലേക്ക് പുറപ്പെട്ടവർ, വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിതിന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിനും അബഹ തർഹീൽ അധികാരികൾക്കും സാമൂഹികപ്രവർത്തകർക്കും നന്ദി അറിയിച്ചു.

Tags:    
News Summary - 24 Indians returned home from Abaha Deportation Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.