അബഹ: വിവിധ നിയമലംഘനങ്ങൾക്ക് പിടിയിലായി അബഹ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞ 24 ഇന്ത്യക്കാരെ നാടുകടത്തി. നിയമം ലംഘിച്ച് ജോലി ചെയ്തിരുന്നവരും സ്പോൺസറിൽനിന്ന് ഒളിച്ചോടിയെന്ന കേസിൽ (ഹുറൂബ്) പെട്ടവരുമായി അറസ്റ്റിലായ ആളുകളാണ് ഇവർ.
അസീർ മേഖലയിലെ വിവിധ ഗവർണറേറ്റ് പരിധികളിൽനിന്നും കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ പൊലീസ് പരിശോധനയിലാണ് ഇവർ പിടിക്കപ്പെട്ടത്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലിനെ തുടർന്നാണ് നാട്ടിലേക്ക് മടങ്ങാൻ സാധിച്ചത്.
മതിയായ താമസരേഖകളോ ജോലിയോ താമസസ്ഥലമോ ഇല്ലാതെ ഖമീസ് മുശൈത്തിലെ തെരുവുകളിലും വൃത്തിഹീനമായ പൊളിഞ്ഞ കെട്ടിടങ്ങളിലും താമസിച്ചിരുന്ന അഞ്ച് തമിഴ്നാട് സ്വദേശികളുടെ വിവരങ്ങൾ ഒരു മാസം മുമ്പ് വാർത്താമാധ്യമങ്ങളിൽ ഇടംപിടിക്കുകയും ഇന്ത്യൻ സമൂഹത്തിനിടയിൽ ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു.
വാർത്തയെ തുടർന്ന് ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം കോൺസുലേറ്റിലെ പ്രധാന ഉദ്യോഗസ്ഥനായ കോൺസുൽ ദീപക് യാദവിനെ അബഹയിലേക്ക് നേരിട്ട് അയച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പുവരുത്തുകയായിരുന്നു.
തമിഴ്നാട് സ്വദേശികളെക്കൂടാതെ നാല് മലയാളികളും യു.പി, പശ്ചിമ ബംഗാൾ, ബിഹാർ, കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുമുള്ളവരുമാണ് സംഘാംഗങ്ങൾ. ഇവരെ അബഹയിൽനിന്ന് ബസ് മാർഗം ജിദ്ദ വിമാനത്താവളത്തിലെത്തിച്ച് ജിദ്ദയിൽനിന്നും സൗദി എയർലൈൻസ് വിമാനം വഴി ഡൽഹിയിലേക്കാണ് കയറ്റിയയച്ചത്.
കോൺസുലേറ്റ് ഉദ്യോഗസ്ഥനോടൊപ്പം നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി കോൺസുലേറ്റ് ജീവകാരുണ്യവിഭാഗം പ്രതിനിധികളായ സൗദി ഒ.ഐ.സി.സി ദക്ഷിണ മേഖല കമ്മിറ്റി പ്രസിഡൻറ് അഷ്റഫ് കുറ്റിച്ചലും ബിജു കെ. നായരും രംഗത്തുണ്ടായിരുന്നു.
കോൺസുൽ ദീപക് യാദവും സംഘവും ഖമീസ് മുശൈത്ത് സെൻട്രൽ ജയിലും അബഹ വി.എഫ്.എസ് കേന്ദ്രവും സന്ദർശിച്ചു. വി.എഫ്.എസ് കേന്ദ്രത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയ സന്ദർശകരോട് കേന്ദ്രത്തിന്റെ സേവനത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.