മക്ക: റമദാൻ അവസാന പത്തിൽ മക്ക ഹറമിൽ ഇഅ്തികാഫിനായി എത്തുന്നവർക്ക് വിപുലമായ സൗകര്യമൊരുക്കി ഇരുഹറം കാര്യാലയം. ഈ 10 ദിവസങ്ങളിൽ ഇഅ്തികാഫിൽ (ഭജനമിരിക്കൽ) കഴിയുന്നവർക്ക് ഭക്തിനിർഭരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അവർക്കാവശ്യമായ സേവനം നൽകുന്നതിനും സമ്പന്നമായ ആത്മീയാനുഭവത്തിനും ഇത്തവണയും വിപുലമായ സൗകര്യമാണ് ഇരുഹറം കാര്യാലയം ഒരുക്കിയിരിക്കുന്നത്.
പഠനക്ലാസുകൾ, ശരിയായ ഖുർആൻ പാരായണത്തിനുള്ള സഹായികൾ, മാർഗനിർദേശങ്ങൾക്ക് പ്രത്യേക സ്ക്രീനുകൾ, പുതിയ ഖുർആൻ പതിപ്പുകൾ അടങ്ങിയ അലമാരകൾ എന്നിവ ഹറമിൽ സജ്ജീകരിച്ചിട്ടുണ്ട്. ശനിയാഴ്ച മുതൽ ഹറമിൽ ഇഅ്തികാഫിന് രജിസ്റ്റർ ചെയ്തവരുടെ വരവ് തുടങ്ങി. ഇത്തവണ ഹറമിൽ ഇഫ്തികാഫിന് സ്ത്രീകളും പുരുഷന്മാരുമായി 3,000 പേരാണുള്ളത്. മൂന്നാം സൗദി വിപുലീകരണ ഭാഗം, ഒന്നാം നില എന്നിവിടങ്ങളിലാണ് ഇഅ്തികാഫിന് സ്ഥലമൊരുക്കിയിരിക്കുന്നത്. 106, 114, 119 എന്നീ നമ്പറുകളിലുള്ള കവാടങ്ങളാണ് ഭജനിമിരിക്കാനെത്തുന്നവർക്കായി നിജപ്പെടുത്തിയിരിക്കുന്നത്. ഇഅ്തികാഫിനെത്തുന്നവർ അതിന്റെ മര്യാദകൾ പഠിക്കുകയും മനസ്സിലാക്കുകയും വേണമെന്ന് ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ആവശ്യപ്പെട്ടു. ബന്ധപ്പെട്ട അധികാരികൾ നൽകുന്ന നിർദേശങ്ങൾ പാലിക്കാനും അവരുമായി സഹകരിക്കാനും സ്ഥലത്തിന്റെ വൃത്തിയും പരിശുദ്ധിയും നിലനിർത്താനും ശ്രദ്ധിക്കണം. ദൈവപ്രീതിയുണ്ടാക്കുന്ന കാര്യങ്ങളിലേർപ്പെട്ട് അനുഗ്രഹീത റമദാനിന്റെ10 രാപ്പകലുകൾ പ്രയോജനപ്പെടുത്തണമെന്നും അൽസുദൈസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.