ജുബൈൽ: സൗദിയിൽനിന്നുള്ള യാത്രക്കാർ വിമാനക്കമ്പനികൾക്കെതിരെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന് (ജി.എ.സി.എ) ഒക്ടോബറിൽ മാത്രം 371 പരാതികൾ നൽകി. പരാതികളുടെ എണ്ണത്തെ അടിസ്ഥാനമാക്കി വിമാനക്കമ്പനികളുടെയും വിമാനത്താവളങ്ങളുടെയും അടിസ്ഥാനത്തിൽ സൂചിക പുറത്തിറക്കി. സൗദി അറേബ്യൻ എയർലൈൻസ് ആണ് പരാതികളിൽ ഏറ്റവും കുറവ് ലഭിച്ച വിമാനക്കമ്പനി. ഫ്ലൈ അദീൽ രണ്ടും ഫ്ലൈനാസ് മൂന്നും സ്ഥാനെത്തത്തി. ടിക്കറ്റുകളുടെ മൂല്യം തിരിച്ചുനൽകുന്നതുമായി ബന്ധപ്പെട്ടതാണ് ഏറ്റവും കൂടുതൽ പരാതികൾ. വിമാനം റദ്ദാക്കൽ, ബോർഡിങ് നിരസനം, വിമാനങ്ങളുടെ വൈകൽ എന്നിവയാണ് മറ്റു പ്രധാനപ്പെട്ടവ. വിമാനത്താവളങ്ങളുടെ റേറ്റിങ് സൂചികപ്രകാരം റിയാദിലെ കിങ് ഖാലിദ് ഇൻറർനാഷനലിൽ ഒരു ലക്ഷം യാത്രക്കാർക്ക് ഒന്ന് എന്ന നിരക്കിൽ ഏറ്റവും കുറവ് പരാതികൾ ലഭിച്ചത്. പ്രതിവർഷം യാത്രക്കാരുടെ എണ്ണം 60,00,000 കവിയുന്ന അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ സൂചിക പ്രകാരമാണിത്.
അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ സൂചികയിൽ ഏറ്റവും കുറവ് പരാതികൾ ലഭിച്ചത് അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനാണ്. യാത്രക്കാർക്ക് പരാതികൾ പരിഹരിക്കാനും സുതാര്യതയും വിശ്വാസ്യതയും കൂട്ടാനും വിമാനക്കമ്പനികളുടെയും വിമാനത്താവളങ്ങളുടെയും പ്രകടനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാനാണ് ജി.എ.സി.എ ലക്ഷ്യമിടുന്നത്. ഉചിതമായ സേവന ദാതാവിനെ തിരഞ്ഞെടുക്കാൻ ഇത് യാത്രക്കാരെ പ്രാപ്തരാക്കുകയും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിണ് കമ്പനികൾ ഉണർന്ന് പ്രവർത്തിക്കുകയും ചെയ്യും. ഏകീകൃത കോൾ സെൻറർ (8001168888), വാട്ട്സ്ആപ് 0115253333, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ഇ-മെയിൽ, ഔദ്യോഗിക വെബ്സൈറ്റ് എന്നിവയിലൂടെ യാത്രക്കാരുമായും വിമാനത്താവളത്തിൽ പോകുന്നവരുമായും ആശയവിനിമയം ഉറപ്പാക്കാൻ ജി.എ.സി.എ മണിക്കൂറും പ്രവർത്തന സജ്ജമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.