റിയാദ്: നോർക്ക റൂട്ട്സിലും പ്രവാസി ക്ഷേമ ബോർഡിലും പ്രവാസി മലയാളികൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന് സൗദിയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ കേരള മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. പ്രവാസി മലയാളികൾക്കായി തൊഴിൽ, പെൻഷൻ, സാമ്പത്തിക സഹായം തുടങ്ങിയ നിരവധി സേവനങ്ങൾ നൽകിവരുന്ന നോർക്ക റൂട്ട്സിലും ക്ഷേമ ബോർഡിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം. 2023ലെ കണക്കനുസരിച്ച് നോർക്ക റൂട്ട്സിൽ 500ഓളം ജീവനക്കാരും ക്ഷേമ ബോർഡിൽ 150ഓളം ജീവനക്കാരും നിലവിലുണ്ട്.
സ്ഥാപനങ്ങൾ അവരുടെ പ്രവർത്തനം വിപുലീകരിക്കുകയും കൂടുതൽ മേഖലകളിലേക്ക് പരിപാടികൾ നടപ്പാക്കുകയും ചെയ്യുന്നതിനാൽ വരും വർഷങ്ങളിൽ എണ്ണം ഇനിയും വർധിക്കും. ഒരു നിശ്ചിതകാലയളവിൽ വിദേശത്ത് സേവനം ചെയ്ത് കേരളത്തിൽ തിരിച്ചെത്തുന്ന യോഗ്യരായ പ്രവാസി മലയാളികൾക്ക് ഈ സ്ഥാപനങ്ങളിൽ തൊഴിൽ നൽകാൻ കേരള സർക്കാർ ആത്മാർഥമായ ഒരു ശ്രമവും നടത്തിയിട്ടില്ല. അനുദിനം വികസിക്കുന്ന ഈ സ്ഥാപനങ്ങളിൽ പ്രവാസികൾ ഇല്ലെന്നാണ് അറിയുന്നത്.
ഇത് കേരളത്തിന്റെ വികസനത്തിന് വളരെയധികം സംഭാവനകൾ നൽകിയ പ്രവാസി മലയാളികളോട് ചെയ്യുന്ന കടുത്ത അനീതിയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഈ സ്ഥാപനങ്ങൾ നിർദേശിക്കുന്ന എല്ലാ ആവശ്യകതകളും നിറവേറ്റുന്ന, റിക്രൂട്ട്മെൻറിന് യോഗ്യതയുള്ള മടങ്ങിവരുന്ന പ്രവാസികൾക്കായി, നോർക്ക റൂട്ട്സിലും പ്രവാസി ക്ഷേമ ബോർഡിലും 50 ശതമാനം ജോലി സംവരണം ചെയ്താൽ അത് പ്രവാസികൾ കേരളത്തിന് നൽകിയ സംഭാവനകൾ തിരിച്ചറിയുന്നതിനുള്ള ന്യായമായ മാർഗമായിരിക്കുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വിദേശരാജ്യങ്ങളിൽ കഠിനാധ്വാനം ചെയ്ത പ്രവാസി മലയാളികൾ കേരളത്തിൽ നല്ല രീതിയിൽ ഉപയോഗിക്കാവുന്ന വിലപ്പെട്ട കഴിവുകളും അനുഭവപരിചയവും നേടിയവരാണ്. 2021ലെ സെൻസസ് പ്രകാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 30 ലക്ഷത്തിലധികം പ്രവാസി മലയാളികൾ താമസിക്കുന്നുണ്ട്.
കഴിഞ്ഞ അഞ്ചുവർഷമായി ശരാശരി 85,000 കോടി രൂപ പ്രവാസി മലയാളികൾ നാട്ടിലേക്ക് അയക്കുന്നു. നോർക്ക റൂട്ട്സിലും ക്ഷേമ ബോർഡിലും ജോലിക്ക് അപേക്ഷിക്കാൻ കേരള സർക്കാർ പ്രവാസികൾക്കായി ഒരു പ്രത്യേക പോർട്ടൽ സജ്ജീകരിക്കുക, കേരളത്തിലേക്ക് മടങ്ങാനും ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യാനും താൽപര്യമുള്ള പ്രവാസികൾക്ക് സർക്കാർ പരിശീലനവും മറ്റു പിന്തുണയും നൽകുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിച്ചതായി പ്രവാസി ലീഗൽ ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ജോസ് എബ്രഹാം, കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അഡ്വ. ആർ. മുരളീധരൻ, സൗദി കോഓഡിനേറ്റർ ഹാഷിം പെരുമ്പാവൂർ എന്നിവർ വാർത്തക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.