റിയാദ്: കേരളത്തിലുടനീളം ഒരു ലക്ഷം പൊതിച്ചോർ വിതരണം ചെയ്യുകയെന്ന റിയാദിലെ കേളി കലാസാംസ്കാരിക വേദിയുടെ ‘ഹൃദയപൂർവം കേളി’ പദ്ധതിക്ക് രണ്ടു വർഷം പൂർത്തിയായതായി വാർത്താക്കുറിപ്പിൽ അറിയിച്ചു. 11ാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി മുന്ന് വർഷത്തിനുള്ളിൽ കേരളത്തിലങ്ങോളമിങ്ങോളം ഒരുലക്ഷം പൊതിച്ചോറുകൾ വിതരണം ചെയ്യുക എന്നതായിരുന്നു തീരുമാനം.
2022 സെപ്റ്റംബറിൽ തുടങ്ങി 2024 ആഗസ്റ്റ് വരെയുള്ള രണ്ട് വർഷ കാലയളവിനുള്ളിൽ മിക്ക ജില്ലകളിലേയും പാർശ്വവത്കരിക്കപ്പെട്ട 55,000 പേർക്ക് പൊതിച്ചോറുകൾ വിതരണം ചെയ്തു.
കേളി അംഗങ്ങളിൽനിന്നും സമൂഹത്തിൽനിന്നും നല്ല പിന്തുണയാണ് പദ്ധതിക്ക് ലഭിക്കുന്നത്. കേളിയുടെ അംഗങ്ങളിൽ ചിലർ പദ്ധതി ആരംഭിച്ചത് മുതൽ ഓരോ മാസവും നിശ്ചിത എണ്ണം പൊതിച്ചോറുകൾ നൽകുന്നു. തങ്ങൾ ഉദ്ദേശിച്ച രീതിയിൽ അർഹരായവരുടെ കൈകളിൽ തന്നെ ഭക്ഷണങ്ങൾ എത്തുന്നു എന്നതാണ് ഇവരെ പദ്ധതിയിലേക്ക് കൂടുതൽ ആകർഷിച്ചത്. 2025 ജൂലൈയോടുകൂടി പദ്ധതി പൂർത്തിയാക്കുമെന്ന് സെക്രട്ടറി സുരേഷ് കണ്ണപുരം അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ വെട്ടം പി. ബാലകൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ (ശാന്തി സ്പെഷൽ സ്കൂൾ) ഭിന്നശേഷി വിദ്യാലയത്തിലെ കുട്ടികൾക്ക് 15 ദിവസത്തേക്ക് ഭക്ഷണം നൽകുന്നതിനുള്ള ധാരണാപത്രം മത്സ്യതൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ കൈമാറി.
വെട്ടം ശാന്തി സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരുക്കിയ പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി. നാസർ അധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പഠനവും തൊഴിൽ പരിശീലനവും നൽകി കുട്ടികളെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ 2002ലാണ് ശാന്തി സ്പെഷ്യൽ സ്കൂളിന് തുടക്കമിട്ടത്.
‘ഹൃദയപൂർവം കേളി’ പദ്ധതിയിലൂടെ രണ്ടാം തവണയാണ് ശാന്തി സ്കൂളിന് സഹായം നൽകുന്നത്. 120ൽപരം കുട്ടികൾ പഠിക്കുന്ന ഇവിടെ ആദ്യ ഘട്ടത്തിൽ ഏഴ് ദിവത്തെ ഭക്ഷണമായിരുന്നു നൽകിയിരുന്നത്. കേളി രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി, സ്കൂൾ ട്രസ്റ്റ് ബോർഡ് അംഗം ഒ.കെ.എസ്. മേനോൻ, കേരള പ്രവാസി സംഘം മലപ്പുറം ജില്ലാ പ്രസിഡന്റ് സി.പി. റസാഖ് എന്നിവർ സംസാരിച്ചു. സ്കൂൾ ചെയർമാൻ കൃഷ്ണൻ സ്വാഗതവും പ്രധാന അധ്യാപിക ശ്രീലത നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.