യാംബു: സൗദി അറേബ്യയുടെ 94ാമത് ദേശീയ ദിനാചരണത്തിന്റെ മുദ്രയും മുദ്രാവാക്യവും പ്രഖ്യാപിച്ചു. ‘ഞങ്ങൾ സ്വപ്നം കാണുന്നു, നേടുന്നു’ എന്നതാണ് ആഘോഷ പ്രമേയം. രാജ്യവ്യാപകമായി ദേശീയ ദിനാഘോഷ പരിപാടികൾ നടക്കുന്നത് ഈ മുദ്രക്കും പ്രമേയത്തിനും കീഴിലായിരിക്കും. ജനറൽ എൻറർടെയിൻമെൻറ് അതോറിറ്റി (ജി.ഇ.എ) ഡയറക്ടർ ബോർഡ് ചെയർമാനും ഉപദേഷ്ടാവുമായ തുർക്കി അൽ ശൈഖ് ആണ് മുദ്രയും മുദ്രാവാക്യവും പ്രഖ്യാപിച്ചത്.
എല്ലാവർഷവും സെപ്റ്റംബർ 23നാണ് സൗദി ദേശീയ ദിനം ആഘോഷിക്കുന്നത്. കഴിഞ്ഞ വർഷവും ‘ഞങ്ങൾ സ്വപ്നം കാണുന്നു, നേടുന്നു’ എന്നതായിരുന്നു ആഘോഷ പ്രമേയം. ‘വിഷൻ 2030’മായി ബന്ധപ്പെട്ട സുപ്രധാന പദ്ധതികൾ എടുത്തുകാണിക്കുകയും വിവിധ മേഖലകളിൽ രാജ്യത്തിന്റെ പ്രധാന പങ്ക് പ്രദർശിപ്പിക്കുകയും ചെയ്യുന്നു.
94ാം ദേശീയ ദിനത്തിന് അംഗീകൃത മുദ്രയും മുദ്രാവാക്യവും സ്വീകരിക്കാൻ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളോടും ജി.ഇ.എ അഭ്യർഥിച്ചു. http://nd.gea.gov.sa/ എന്ന വെബ് സൈറ്റ് സന്ദർശിച്ച് തീം ഗൈഡ് ഡൗൺലോഡ് ചെയ്യാം. മുദ്ര സംബന്ധിച്ച മാർഗനിർദേശങ്ങളും വ്യത്യസ്ത ആപ്ലിക്കേഷനുകളിൽ എങ്ങനെ തീം ഉപയോഗിക്കാമെന്ന വിവരങ്ങളും ഇതിൽ ലഭ്യമാണ്.
ദേശീയ ദിനാഘോഷവിവരങ്ങൾക്ക് പുറമെ രാജ്യത്തെ വിവിധ ആഘോഷ മേളകളും അവയുടെ വാർത്തകളും ഫോട്ടോകളും ഉൾപ്പെടെ വിവിധ വിവരങ്ങൾ സൈറ്റിൽ ലഭ്യമാണെന്നും അധികൃതർ വ്യക്തമാക്കി.
1932ൽ അബ്ദുൽ അസീസ് രാജാവിന്റെ നേതൃത്വത്തിൽ സൗദി ഏകീകരിക്കപ്പെട്ടതിന്റെ വാർഷികമാണ് രാജ്യം സെപ്റ്റംബർ 23ന് ദേശീയ ദിനമായി ആഘോഷിക്കുന്നത്.
രാജ്യത്തെ പൂർവികരുടെ മഹിതമായ ത്യാഗ പ്രവർത്തനങ്ങളെ സ്മരിക്കുകയും ഭരണകൂടവും സമൂഹവും തമ്മിലുള്ള ഐക്യത്തിന്റെയും വിശ്വസ്തതയുടെയും സൗഹാർദത്തിന്റെയും ആഴം ഉൾക്കൊള്ളുകയും ചെയ്യുന്ന സുദിനം കൂടിയാണിത്. സമ്പന്നമായ ഭൂതകാലത്തിന്റെ നാൾവഴികൾ സ്മരിച്ചും അതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടും സമൃദ്ധമായ ഭാവിയിലേക്ക് കൂടുതൽ കരുത്തോടെ മുന്നേറാനുള്ള ഒരുക്കങ്ങളുടെ ദിനം കൂടിയാണ് ദേശീയ ദിനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.