‘​ദ ലൈൻ’ ഭാവി നഗരത്തിന്‍റെ രൂപകൽപ

ലോ​കത്തെ വിസ്​മയിപ്പിക്കാനിതാ ഒരു നഗരം

റിയാദ്​: ലോകം ഇനി വിസ്​മയം കൂറുക ഈ നഗരത്തെ കണ്ടും കേട്ടുമാവും. ഇതുവരെയുള്ള എല്ലാ നഗര, പാർപ്പിട സങ്കൽപങ്ങളെയും പൊളിച്ചെഴുതുന്ന വിപ്ലവകരമായൊരു നഗര പാർപ്പിട ഡിസൈനാണ്​​ സൗദി അറേബ്യയുടെ സ്വപ്​ന പദ്ധതിപ്രദേശമായ 'നിയോമി'ൽ യാഥാർഥ്യമാകാൻ പോകുന്നത്​. 'ദ ലൈൻ' എന്ന ഭാവി നഗരത്തി​െൻറ ഡിസൈൻ തിങ്കളാഴ്​ച സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ ജിദ്ദയിൽ പുറത്തുവിട്ടു.

Full View


ചുറ്റുമുള്ള പ്രകൃതിയെ സംരക്ഷിച്ചും, എന്നാൽ മനുഷ്യരെ ഒന്നാമതായി പരിഗണിച്ചും​ അഭൂതപൂർവമായ നഗര ജീവിതാനുഭവം പ്രദാനം ചെയ്യുന്ന ഒരു നാഗരിക വിപ്ലവമാണ്​ 'ദ ലൈൻ' നഗരത്തിലൂടെ സാധ്യമാക്കാൻ സൗദിയൊരുങ്ങുന്നത്​. നഗരവികസനത്തിന്റെ ആശയത്തെയും ഭാവിയിലെ നഗരങ്ങൾ എങ്ങനെയായിരിക്കണം എന്നതിനെയും പുനർനിർവചിക്കുന്ന 'ദ ലൈനി'​െൻറ പ്രാരംഭ ആശയവും കാഴ്ചപ്പാടും കിരീടാവകാശി ആദ്യമായി അവതരിപ്പിച്ചത്​ കഴിഞ്ഞവർഷം ജനുവരിയിലാണ്​. ഇന്നലെ (തിങ്കളാഴ്​) രാത്രി അതി​െൻറ മൂർത്തമായ ഡിസൈൻ പ്രഖ്യാപിച്ചു. 



റോഡുകൾ, കാറുകൾ, മലിനീകരണം എന്നിവയില്ലാത്ത ഒരു നഗരം, പൂജ്യം ശതമാനം മലിന മുക്തമായ ഒരു ഭാവി നഗരം എങ്ങനെ സാധ്യമാക്കാം, അതിൽ സമൂഹങ്ങൾ എങ്ങനെ ജീവിക്കുമെന്ന് 'ദൈ ലൈൻ' ലോകത്തിന്​ കാണിച്ചുകൊടുക്കും. ഇത് 100 ശതമാനം പുനരുപയോഗ ഊർജത്തിൽ പ്രവർത്തിക്കുകയും പരമ്പരാഗത നഗരങ്ങളിലെന്നപോലെ ഗതാഗതത്തിനും അടിസ്ഥാന സൗകര്യത്തിനും പകരം, ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകുകയും ചെയ്യും. ഇത് പ്രകൃതിയെ വികസനത്തിന് മുന്നിൽ നിർത്തുകയും നിയോമി​െൻറ 95 ശതമാനം ഭൂമി സംരക്ഷിക്കുകയും ചെയ്യും. 



സൗദി അറേബ്യയുടെ വടക്കേ അതിർത്തിയിൽ ചെങ്കടൽ തീരത്താണ്​ നിയോം പദ്ധതി. അതിനുള്ളിൽ 200 മീറ്റർ വീതിയിൽ 170 കിലോമീറ്റർ നീളത്തിൽ കടൽനിരപ്പിൽ നിന്ന്​ 500 മീറ്റർ ഉയരത്തിൽ ലംബമായ (ഒറ്റ നേർരേഖയിൽ) ആകൃതിയിലാണ്​ ദ ലൈൻ നഗര പാർപ്പിട പദ്ധതി ഒരുങ്ങുക. രണ്ട്​ പുറംഭിത്തികളാൽ സംരക്ഷിക്കപ്പെടുന്ന നഗരത്തി​െൻറ ഉയരം 488 മീറ്ററായിരിക്കും. 170 കിലോമീറ്റർ നീളത്തിൽ, 488 മീറ്റർ ഉയരത്തിൽ നിർമിക്കപ്പെടുന്ന ഈ ഭിത്തികളെ ചുറ്റുമുള്ള കാഴ്​ചകൾ പ്രതിഫലിക്കുന്ന കണ്ണാടി കൊണ്ട് പൊതിയും.​ നേർരേഖയിൽ പരസ്​പരം അഭിമുഖീകരിച്ചിരിക്കും വിധം ഈ ഭിത്തികൾക്കുള്ളിൽ രണ്ട്​ വരികളിലായി വീടുകൾ നിർമിക്കപ്പെടും. 170 കിലോമീറ്റർ നീളത്തിൽ 200 മീറ്റർ വീതിക്കുള്ളിൽ ഇരുവശങ്ങളിലായി ഉയരുന്ന വീടുകളിൽ 90 ലക്ഷം ആളുകൾക്ക്​ സ്ഥിരതാമസം നടത്താനാവും. ഇത്രയും ലക്ഷം താമസക്കാരെ ഉൾക്കൊള്ളാനാവും വിധം 34 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ നിർമിക്കപ്പെടുന്ന ഈ നഗരം സമാന ശേഷിയുള്ള മറ്റ് നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അത്ഭുതപ്പെടുത്തുന്നതായി മാറും​.

അമിതവ്യയമില്ലാതെ തന്നെ ഏറ്റവും മികച്ച അടിസ്ഥാനസൗകര്യം ഒരുക്കാനും മറ്റ്​​ നഗരങ്ങളിൽ ജനവാസത്തിന്​ ആവശ്യമായി വരുന്നത്ര പ്രവർത്തനങ്ങൾ കൂടാതെ തന്നെ ഉയർന്ന കാര്യക്ഷമത സൃഷ്ടിക്കാനും കഴിയുന്നതാണ്​ 'ദ ലൈൻ' രൂപകൽപന. വർഷം മുഴുവനും അനുയോജ്യമായ കാലാവസ്ഥ ഈ നഗരനിവാസികൾക്ക് അനുഭവിക്കാനാവും. കാൽനടയായി യാത്ര ചെയ്യുമ്പോൾ ചുറ്റുമുള്ള പ്രകൃതിയെ ഉള്ളുതുറന്ന്​ ആസ്വദിക്കാനും കഴിയും. 



നഗരത്തിനുള്ളിൽ താമസക്കാരുടെ എല്ലാ ദൈനംദിന ആവശ്യങ്ങളും അഞ്ചുമിനുട്ടിനുള്ളിൽ നിറവേറ്റാനുള്ള സൗകര്യങ്ങളുണ്ടായിരിക്കും. ഇത്രയും സമയത്തിനുള്ളിൽ എത്തിച്ചേരാനാവും വിധം പൊതു പാർക്കുകൾ, കാൽനടയാത്രക്കുള്ള ഭാഗങ്ങൾ, സ്‌കൂളുകൾ, ജോലി സ്ഥലങ്ങൾ, വീടുകൾ എന്നിവ ക്രമീകരിക്കും. 



ലൈനിന് അതിന്റെ സവിശേഷമായ സ്വഭാവം നൽകുകയും അതിന്റെ ചെറിയ കാൽപ്പാടുകൾ പോലും പ്രകൃതിയുമായി ഇഴുകിച്ചേരാൻ അനുവദിക്കുകയും ചെയ്യുന്നതാണ്​ ഭിത്തികളെ പൊതിഞ്ഞിരിക്കുന്ന പുറം കണ്ണാടി. അതേസമയം ഭിത്തികളുടെ ഉൾവശം അസാധാരണമായ അനുഭവങ്ങളും മാന്ത്രിക നിമിഷങ്ങളും സൃഷ്ടിക്കും. 



നഗരത്തിന്റെ ഡിസൈൻ പൂർണമായും ഡിജിറ്റൈസ് ചെയ്യും. നിർമാണ സാങ്കേതികവിദ്യകളും പ്രക്രിയകളും വികസിപ്പിച്ച്​ നിർമാണപ്രവർത്തനം വലിയ തോതിൽ വ്യവസായവൽക്കരിക്കും.


Full View


Tags:    
News Summary - a city to amaze the world design of Neom's 'The Line' future city is out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.