അബ്ഹ: അസീർ പ്രവാസി സംഘം സംഘടിപ്പിച്ച അസീർ സ്പോർട്സ് ഫെസ്റ്റ് ദേശീയ കളിയുത്സവത്തിന് വർണാഭമായ സമാപനം. ഖമീസ് ഖാലിദിയയിലെ നാദി ദമ്മക്ക് സ്റ്റേഡിയത്തിൽ രണ്ട് ദിനങ്ങളിലായി നടന്ന കായികമേളയിൽ ഫുട്ബാൾ ടൂർണമെൻറ്, വടംവലി മത്സരങ്ങൾ എന്നിവ നടന്നു.
മെട്രോ ഖമീസ് അസീർ സോക്കർ ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കി. മൈ കെയർ മെഡിക്കൽ ഗ്രൂപ് വിന്നേഴ്സ് ട്രോഫിക്കും ഫ്ലൈ കിയോസ്ക് ട്രാവൽസ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി തുല്യശക്തികള്‍ തമ്മിലുള്ള ആവേശകരമായ കലാശപ്പോരില്‍ ലയൺസ് എഫ്.സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി മെട്രോ എഫ്.സി ഈ സീസണിലെ അവസാന സോക്കര്‍ ടൂര്‍ണമെൻറിന്റെ ജേതാക്കളായി.
ഹോട്ടൽ ന്യൂസഫയർ വിന്നേഴ്സ് ട്രോഫിക്കും എ.ഇസെഡ് കാർഗോ എക്സ്പ്രസ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി നടത്തിയ വടംവലി മത്സരത്തിൽ എറണാകുളം പ്രവാസി കൂട്ടായ്മയുടെ റിയാദ് ടാക്കീസിനെ പരാജയപ്പെടുത്തി ചോക്കോ സ്വീറ്റ്സ് അബഹ കനിവ് എ ടീം കിരീടത്തിൽ മുത്തമിട്ടു.
അസീര്‍ സോക്കര്‍ 2023 ട്രോഫിയും 15,000 റിയാൽ കാഷ് പ്രൈസും മൈ കെയർ മെഡിക്കൽ ഗ്രൂപ് കമ്പനി ഡയറക്ടറായ അജ്മൽ അനൂപ്, അസീർ പ്രവാസി സംഘം രക്ഷാധികാരി ബാബു പരപ്പനങ്ങാടി, സംഘാടക സമിതി കൺവീനർ രാജേഷ് കറ്റിട്ട എന്നിവർ ചേർന്ന് ജേതാക്കൾക്ക് കൈമാറി.
റണ്ണേഴ്സ് അപ്പിനുള്ള ട്രോഫിയും 8,000 റിയാൽ കാഷ് പ്രൈസും ഫ്ലൈ കിയോസ്ക് ട്രാവൽസ് ഡയറക്ടർ ബോർഡ് അംഗം ആഷിക്ക്, അസീർ പ്രവാസി സംഘം ആക്ടിങ് സെകട്ടറി അബ്ദുൽ വഹാബ്, സംഘാടക സമിതി ചെയർമാൻ രാജഗോപാൽ ക്ലാപ്പന എന്നിവർ ചേർന്ന് ലയൺസ് എഫ്.സിക്ക് സമ്മാനിച്ചു.
വ്യക്തിഗത ചാമ്പ്യൻഷിപ് നേടിയ ജേതാക്കൾക്ക് ബഷീർ റോയൽ ട്രാവൽസ്, രജ്ജിത്ത്, ഷുഹൈബ് സലിം, ബഷീർ ലൈഫ് ടൈം, മുസ്തഫ എ.എം കാർഗോ, ഷമീർ എന്നിവർ ട്രോഫിയും കാഷ് പ്രൈസും സമ്മാനിച്ചു. മെട്രോ ക്ലബിലെ താരങ്ങളായ ഫൈനലിലെ മാൻ ഓഫ് ദി മാച്ച് ഫവാസ്, മാൻ ഓഫ് ദി ടൂർണമെൻറ് ജിജോ, ടൂർണമെൻറിലെ മനോഹരമായ ഗോൾ നേടിയ റഹീം, ബെസ്റ്റ് ഗോൾ കീപ്പർ ആദിൽ, ബെസ്റ്റ് സ്റ്റോപ്പർ ബാക്ക് ഹാഷിക്, മികച്ച ടീം മെട്രോ, ഫൈനൽ മാച്ചിലെ ആദ്യ ഗോൾ നേടിയ താരം അഫ്സൽ മുത്തു, കൂടുതൽ ഗോൾ നേടിയ സുബൈർ എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
രണ്ട് ദിവസങ്ങളിലായി നടന്ന കളികളിൽ മാൻ ഓഫ് ദി മാച്ചായ കളിക്കാർക്കും ട്രോഫികൾ സമ്മാനിച്ചു. സന്തോഷ് ട്രോഫി ജേതാവ് കേരള ടീം ക്യാപ്റ്റൻ ജിജോ, അഫ്സൽ മുത്തു എന്നിവരും കേരളത്തിലെ പ്രമുഖ ക്ലബ് താരങ്ങളും ഈ ടൂർണമെൻറിൽ അണിനിരന്നത് കാണികൾക്ക് ഏറേ ആവേശം പകർന്നു.
ഉദ്ഘാടനത്തോട് അനുബന്ധമായി നടന്ന സാംസ്കാരിക സമ്മേളനം അബഹ മുനിസിപ്പൽ ചെയർമാൻ അഹ്മദ് അബ്ദുല്ല അസീറി ഉദ്ഘാടനം ചെയ്തു. അൽ ജനൂബ് സ്കൂൾ പ്രിൻസിപ്പൽ മഹ്സൂം, മൈ കെയർ മെഡിക്കൽ ഗ്രൂപ് ഡയറക്ടർ സാജിദ്, ഫ്ലൈ കിയോസ്ക് ട്രാവത്സ് പ്രതിനിധി ആഷിക്ക്, ഹോട്ടൽ സഫയർ എം.ഡി മുസ്തഫ, റോയൽ ട്രാവൽസ് എം.ഡി ബഷീർ, എ.എം കാർഗോ എം.ഡി മുസ്തഫ തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ രാജഗോപാൽ ക്ലാപ്പന നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.