റിയാദ്: ഇസ്രായേൽ നടത്തുന്ന നിയമ, മാനുഷിക ലംഘനങ്ങളും കുറ്റകൃത്യങ്ങളും അവസാനിപ്പിക്കാൻ ഉറച്ചതും വേഗത്തിലുള്ളതുമായ നിലപാട് അനിവാര്യമാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു.
റിയാദിൽ സമാപിച്ച ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള അന്താരാഷ്ട്ര സഖ്യം യോഗത്തിലാണ് അദ്ദേഹം സൗദിയുടെ നിലപാട് ആവർത്തിച്ച് വ്യക്തമാക്കിയത്. ഫലസ്തീനിലും ലബനാനിലും ഇസ്രായേൽ ആക്രമണത്തിന്റെ തുടർച്ചയാണ് മേഖല സാക്ഷ്യം വഹിക്കുന്നത്. പ്രാദേശികമായും ഒരുപക്ഷേ അന്തർദേശീയമായും സംഘർഷത്തിലേക്കുള്ള വ്യാപനമാണ്.
കുറ്റപ്പെടുത്തലുകളിലും ഭാഗികമായ പരിഹാരങ്ങളിലും സംതൃപ്തരാകുന്നത് പ്രയോജനകരമല്ല. പ്രത്യേകിച്ച് ഫലസ്തീൻ ജനതയുടെ കഷ്ടപ്പാടുകളുടെ വ്യാപ്തിയുടെയും അധിനിവേശത്തിന്റെ വർധനവിന്റെയും ഖുദ്സിന്റെ ചരിത്രപരവും നിയമപരവുമായ പദവിയെ അട്ടിമറിക്കപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ.
വിദ്വേഷ പ്രസംഗങ്ങളും പ്രകോപനവും വ്യാപകമാവുകയാണ്. ഇതെല്ലാം ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യതകളെ ദുർബലപ്പെടുത്തും. കൂടുതൽ അക്രമത്തിലേക്കും അസ്ഥിരതയിലേക്കും നയിക്കപ്പെടും.
മധ്യപൂർവേഷ്യൻ മേഖലയിലെ സംഘർഷത്തിന് സുസ്ഥിരമായ പരിഹാരം കാണുന്നതിൽ തുടരുന്ന പരാജയം തീവ്രവാദം, ഭീകരത, അനധികൃത കുടിയേറ്റം എന്നിവയുടെ വ്യാപനം ഉൾപ്പെടെ അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നൽകി.
അടിയന്തര വെടിനിർത്തൽ, ബന്ദികളെയും തടവുകാരെയും മോചിപ്പിക്കൽ, ഉത്തരവാദിത്ത സംവിധാനങ്ങൾ സജീവമാക്കൽ, ശിക്ഷാനടപടികളും ഇരട്ടത്താപ്പ് നയങ്ങളും അവസാനിപ്പിക്കൽ, മാനുഷിക സഹായം തടസ്സമില്ലാതെ വിതരണം ചെയ്യുന്നതിനുള്ള ഗ്യാരന്റി എന്നിവക്കുവേണ്ടി നാം നിലകൊള്ളണം.
ഫലസ്തീൻ അഭയാർഥികൾക്ക് ജീവകാരുണ്യവും വികസനപരവുമായ സഹായം ചെയ്യുന്ന യു.എൻ.ആർ.ഡബ്ല്യു.എയെ പൂർണമായും പിന്തുണക്കുന്നു. അതിന്റെ സുപ്രധാന പങ്കിന്റെ പ്രാധാന്യം സൗദി അറേബ്യ ഊന്നിപ്പറയുന്നു, പ്രത്യേകിച്ച് ഏജൻസിയുടെ പ്രവർത്തനങ്ങളെയും ഫലസ്തീൻ പ്രദേശങ്ങളിലെ എല്ലാ മാനുഷിക പ്രവർത്തനങ്ങളെയും തകർക്കാനുള്ള ഇസ്രായേൽ നീക്കങ്ങളുടെ സാഹചര്യത്തിൽ.
സുരക്ഷയും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനും അന്താരാഷ്ട്ര സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരം സംരക്ഷിക്കുന്നതിനുമുള്ള സംയുക്ത ശ്രമങ്ങൾ എന്നത്തേക്കാളും കൂടുതൽ ഊർജിതമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശം നിറവേറ്റുന്നതിനും മേഖലയിലെ എല്ലാ ജനങ്ങൾക്കും സമാധാനപരമായ സഹവർത്തിത്വം ഉറപ്പുനൽകുന്ന വിധത്തിൽ അധിനിവേശം അവസാനിപ്പിക്കുന്നതിനും വേണ്ടിയുള്ള ഫലങ്ങളിൽ എത്തിച്ചേരുന്നതിന് അന്താരാഷ്ട്ര സഖ്യത്തിന്റെ യോഗങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
നമ്മുടെ രാജ്യങ്ങൾ സമാധാനത്തെ ഒരു തന്ത്രപ്രധാനമായ തെരഞ്ഞെടുപ്പാക്കി മാറ്റുകയും സമാധാനത്തിനായുള്ള പങ്കാളിത്തത്തിനുള്ള ഗൗരവമായ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. ഇത് നേടുന്നതിന് അന്താരാഷ്ട്ര സമൂഹം കൂട്ടായി പ്രവർത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.