ജിദ്ദ: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സോളാർ പാനൽ നിർമാണ പ്ലാൻറ് തബൂക്കിൽ പ്രവർത്തനമാരംഭിച്ചു. വ്യവസായ ധാതുവിഭവ വകുപ്പ് സഹമന്ത്രി എൻജി. ഉസാമ ബിൻ അബ്ദുൽ അസീസ് അൽസാമിൽ ഉദ്ഘാടനം ചെയ്തു. തബൂക്ക് വ്യവസായ നഗരത്തിൽ പ്രവർത്തിക്കുന്ന സോളാർ പ്ലാൻറിൽ ആദ്യഘട്ട ഉൽപാദനവും ആരംഭിച്ചു. സൗരോർജ രംഗത്ത് നിക്ഷേപം സജീവമാക്കാനും ഊർജ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനുമാണ് ഈ പ്ലാൻറ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തുടനീളം പുനരുപയോഗിക്കാവുന്നതും സുസ്ഥിരവുമായ ഊർജവുമായി ബന്ധപ്പെട്ട വ്യവസായങ്ങളെ സഹായിക്കാനാണ് പ്ലാൻറ് സ്ഥാപിച്ചത്.
സർക്കാർ ഏജൻസികളും സ്വകാര്യമേഖലയും തമ്മിൽ യോജിച്ച പ്രവർത്തനം സാധ്യമാക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ക്രോസ് ബോർഡർ സ്മാർട്ട് സിറ്റിയായ 'നിയോം' സമീപത്തായതിനാൽ തബൂക്ക് നഗരത്തിൽ ഇത്തരം ഫാക്ടറികൾ സ്ഥാപിക്കുന്നതിന് തന്ത്രപരമായ മാനമുണ്ടെന്നും മന്ത്രി വിശദമാക്കി. സോളാർ പ്ലാൻറിൽ വിവിധ ജോലികളിൽ യോഗ്യരായ സ്വദേശികളെ നിയമിക്കും. പ്ലാൻറിെൻറ ആകെ വിസ്തീർണം 27,000 ചതുരശ്ര മീറ്ററിൽ കൂടുതലാണ്. ഉൽപാദനശേഷി 1.2 ജിഗാവാട്ട് ആണെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക വളർച്ചയെ പിന്തുണക്കുന്ന സുസ്ഥിര പുനരുപയോഗ ഊർജമേഖല കെട്ടിപ്പടുക്കുക എന്ന കാഴ്ചപ്പാടിൽ രാജ്യം മുന്നോട്ടു കുതിക്കുന്നതിനിടയിലാണ് തബൂക്കിൽ സോളാർ പ്ലാൻറ് പ്രവർത്തനമാരംഭിച്ചുവെന്നത് ശ്രദ്ധേയമാണ്. സോളാർ പാനൽ നിർമാണ മേഖലയിലെ ഏറ്റവും പുതിയ അന്തർദേശീയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന രാജ്യത്തെ നൂതന ഫാക്ടറികളിൽ ഒന്നാണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.