മക്ക: ഇന്ത്യൻ ഹാജിമാരുടെ മുഴുവൻ കാര്യങ്ങളും നിയന്ത്രിക്കാനും പ്രശ്നപരിഹാരങ്ങൾക്കുമായി മക്കയിൽ പ്രത്യേകം കേന്ദ്രം പ്രവർത്തിക്കുന്നു. മസ്ജിദുല്‍ ഹറാമില്‍ നിന്നും അഞ്ച് കിലോമീറ്റർ അകലെ ഖുദായ് പാർക്കിങ്ങിന് സമീപമായി ജബൽ സൗർ ബ്രാഞ്ച് റോഡിൽ വിപുലമായ സൗകര്യങ്ങളോടെ ബഹുനില കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്.
ഇന്ത്യയിൽനിന്നുള്ള മുഴുവൻ ഹാജിമാരുടെയും സേവനത്തിനായി 24 മണിക്കൂർ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ഇന്‍ഫര്‍മേഷന്‍ സെന്റര്‍. വാട്സ്ആപ് വഴിയും ടോള്‍ ഫ്രീ നമ്പറുകൾ വഴിയും ബന്ധപ്പെടാന്‍ പ്രത്യേക കേന്ദ്രം, കോഓഡിനേഷൻ സെൽ കെട്ടിടം, ജനറൽ വെൽഫെയർ സെൽ, ട്രാൻസ്പോർട്ടേഷൻ എന്നിങ്ങനെ വിവിധ ഓഫിസുകൾ ഇവിടെ പ്രവർത്തിക്കുന്നു. കോണ്‍സുല്‍, ഹജ്ജ് കോണ്‍സുല്‍ എന്നിവരുടെ ഓഫിസുകളുമുണ്ടിവിടെ.
സ്വകാര്യ ഗ്രൂപ്പുകൾ ഉൾപ്പെടെ 1,75,025 ഹാജിമാരാണ് ഇന്ത്യയിൽനിന്ന് ഇത്തവണ ഹജ്ജിനെത്തുന്നത്. ഇവരുടെ ഏതൊരു പ്രശ്നങ്ങൾക്കും പരിഹാരം കാണാനുള്ള കേന്ദ്രമായാണ് ഓഫിസ് പ്രവർത്തിക്കുന്നത്. ഹജ്ജിന് മൂന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ ഈ കേന്ദ്രം പ്രവർത്തന സജ്ജമാണ്. ഹാജിമാർ മുഴുവനായും മടങ്ങുന്നതുവരെ സജീവമായിരിക്കും ഇവിടെയുള്ള വിവിധ ഓഫിസുകൾ. നിരവധി വർഷത്തെ ഹജ്ജ് സേവന പരിചയമുള്ള ജിദ്ദ ഇന്ത്യൻ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലമാണ് കേന്ദ്രത്തിലെ എല്ലാ വിഭാഗങ്ങൾക്കും ചുക്കാൻ പിടിക്കുന്നത്. ഹജ്ജ് കോണ്‍സുല്‍ എന്ന പ്രത്യേക തസ്തിക തന്നെയുണ്ട് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍. കണ്ണൂർ സ്വദേശി അബ്ദുൽ ജലീൽ ആണ് ഹജ്ജ് കോണ്‍സുല്‍. ഹജ്ജ് സേവന പ്രവർത്തനങ്ങളെല്ലാം വിവിധ വകുപ്പുകള്‍ കേന്ദ്രീകരിച്ച് ഇന്ന് ഹൈടെക്കായാണ് നടന്നുവരുന്നത്.
ഇന്ത്യയില്‍നിന്നും ഹജ്ജ് സംഘങ്ങളുമായി എത്തുന്ന 300ഓളം വളന്റിയർമാരെ (ഖാദിമുല്‍ ഹുജ്ജാജ്) നിയന്ത്രിക്കുന്നത് ഇവിടെയാണ്. മഹ്റം (ആൺ തുണയില്ലാത്തവർ) ഇല്ലാതെ എത്തുന്ന വനിതാ തീർഥാടകർക്ക് പ്രത്യേകം സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഹറമിലെ സേവനം, കാണാതായവര്‍ക്കായുള്ള സഹായം, ബാഗേജ് നഷ്ടം എന്നിവക്കായി പ്രത്യേകം വിഭാഗങ്ങളുണ്ട്. സ്വകാര്യ ഹാജിമാര്‍ക്ക് പ്രത്യേകം ഡസ്ക് തന്നെ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. തീർഥാടകർക്ക് എല്ലാം അറിയാൻ ഇന്ത്യൻ ഹജ്ജ് ഇൻഫർമേഷൻ സിസ്റ്റം എന്നപേരിൽ മൊബൈൽ ആപ്പും പുറത്തിറക്കിയിട്ടുണ്ട്. കോൺസുലേറ്റിന്റെ www.cgijeddah.org എന്ന വെബ്സൈറ്റ് മുഖേനയും വിവരങ്ങൾ അറിയാനാകും.
മക്ക: ജനറൽ ഹെൽപ് ടെലിഫോൺ: 0125496000
ടോൾഫ്രീ: 8002477786
വാട്സ്ആപ്: 0553646966
മെഡിക്കൽ ഹെൽപ് ലൈൻ: 0557020112
മദീന: ജനറൽ ഹെൽപ് മൊബൈൽ: 0538583152
മെഡിക്കൽ ഹെൽപ് ലൈൻ: 0537394352
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.