റിയാദ്: സൗദിയിൽ വിവിധ മേഖലകളിൽ താമസ, തൊഴിൽ നിയമങ്ങളും അതിർത്തിസുരക്ഷാ ചട്ടങ്ങളും ലംഘിച്ച 12,458 പേരെ ഒരാഴ്ചക്കിടെ അറസ്റ്റ് ചെയ്തു.
മേയ് 12 മുതൽ മേയ് 18 വരെയുള്ള കാലയളവിൽ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റ് (ജവാസത്ത്) നടത്തിയ സംയുക്ത റെയ്ഡിലാണ് അറസ്റ്റ്. അറസ്റ്റിലായവരിൽ 7836 താമസ നിയമലംഘകരും 3134 അതിർത്തിസുരക്ഷാ ചട്ടങ്ങളുടെ ലംഘകരും 1488ലേറെ തൊഴിൽനിയമലംഘകരും ഉൾപ്പെടുന്നു. രാജ്യത്തേക്ക് അതിർത്തിവഴി കടക്കാൻ ശ്രമിക്കുന്നതിനിടെ 115 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 47 ശതമാനം യമൻ പൗരന്മാരും 35 ശതമാനം ഇത്യോപ്യക്കാരും 18 ശതമാനം മറ്റു രാജ്യക്കാരുമാണ്. നിയമലംഘകർക്ക് അഭയം നൽകിയ 19 പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു. നിലവിൽ ശിക്ഷാനടപടികൾക്ക് വിധേയരായ മൊത്തം നിയമലംഘകരുടെ എണ്ണം 77,630ലധികം പുരുഷന്മാരും 3793 സ്ത്രീകളും ഉൾപ്പെടെ 81,423 പേരാണ്.
അതിർത്തിസുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തിൽ സഹായമോ സേവനമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
10 ലക്ഷം റിയാൽ വരെ പിഴ കൂടാതെ അവരുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും ഗതാഗതമാർഗങ്ങൾ, അഭയത്തിനായി ഉപയോഗിച്ച താമസസ്ഥലം എന്നിവ കണ്ടുകെട്ടുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.