രഞ്ജു മോനെ നാട്ടിലേക്ക്​ കൊണ്ടുപോകും മുമ്പ്​ അബഹയിലെ ആശുപത്രിയിൽ അന്തിമ തയ്യാറെടുപ്പുകൾ നടക്കുന്നു

രണ്ട്​ മാസമായി അബഹയിലെ ആശുപത്രിയിൽ; ആലപ്പുഴ സ്വദേശിയെ നാട്ടിലെത്തിച്ചു

അബഹ: അർബുദം മൂർച്​ഛിച്ച്​ രണ്ട്​ മാസമായി അബഹയിലെ അസീർ മെഡിക്കൽ കോളജിൽ കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശിയെ ചികിത്സക്കായി നാട്ടിലേക്ക്​ കൊണ്ടുപോയി. ആലപ്പുഴ അമ്പലപ്പുഴ കരൂർ കുട്ടൻതറവീട്ടിൽ പരേതനായ ഗോപിയുടെയും ശോഭയുടെയും മകൻ രഞ്ജു മോനെ (39) നാട്ടിലെത്തിക്കാൻ ഏറെ നാളമായി നടത്തിയ ശ്രമങ്ങൾക്കൊടുവിൽ സാമൂഹികപ്രവർത്തകരാണ്​ വഴിതുറന്നത്​. നാട്ടിലേക്ക്​ കൊണ്ടുപോകണമെന്ന്​ ഡോക്ടർമാർ നിർദേശിച്ചെങ്കിലും ഇതിനാവശ്യമായ 14 ലക്ഷം രൂപ കണ്ടെത്താനാകാതെ വിഷമിക്കുകയായിരുന്നു നിർധന കുടുംബം.

രഞ്ജു മോൻ അഞ്ചു കൊല്ലം മുമ്പാണ് ഡ്രൈവർ ജോലിക്കായി സൗദിയിലെത്തിയത്. രണ്ട്​ വർഷത്തിനുശേഷം തലവേദനയെത്തുടർന്ന് അബഹയിൽ ചികിത്സതേടി. മുഖത്തി​െൻറ ഒരുവശത്തെ എല്ല് പൊടിഞ്ഞു തുടങ്ങിയിരുന്നു. തുടർന്ന് ചികിത്സക്കായി നാട്ടിലേക്ക്​ മടങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ തലയിലും കഴുത്തിലും അർബുദബാധ കണ്ടെത്തി.

തുടർന്ന് ശസ്ത്രക്രിയ നടത്തി. കടംവാങ്ങിയും മറ്റുള്ളവരുടെ സഹായത്താലുമായിരുന്നു ചികിത്സ. 20 ലക്ഷത്തിലേറെ രൂപ ചെലവായി. കടംവീട്ടാൻ വേണ്ടിയാണ് ഒമ്പത്​ മാസം മുമ്പ്​ വീണ്ടും അബഹയിലേക്ക്​ തിരിച്ചുവന്നത്. രണ്ട്​ മാസം മുമ്പ്​ രക്തം ഛർദ്ദിച്ച് അവശതയിലായി. വെൻറിലേറ്റർ സഹായത്തോടെയായിരുന്നു പിന്നീട് ചികിത്സ. നില ഭേദപ്പെട്ടതോടെ വാർഡിലേക്കുമാറ്റി.

ഇതിനിടെ രഞ്ജു മോനെ നാട്ടിൽ എത്തിക്കാൻ വീട്ടുകാർ ജനപ്രതിനിധികളടക്കമുള്ളവരെ സമീപിച്ചു. സ്​​ട്രെച്ചർ സൗകര്യത്തോടെ മാത്രമേ വിമാനത്തിൽ കൊണ്ടുപോകാൻ കഴിയൂ. ഡോക്ടറും നഴ്‌സും ഒപ്പമുണ്ടാകണം. ഇതിനെല്ലാംകൂടി വേണ്ടിവരുന്ന ഭാരിച്ച ചെലവ് നിർധനകുടുംബത്തിന് താങ്ങാവുന്നതായിരുന്നില്ല. രഞ്​ജു മോ​െൻറ നാട്ടുകാരികൂടിയായ ബഹ്​റൈനിലെ സാമൂഹിക പ്രവർത്തക ഗീത വേണുഗോപാൽ വിഷയത്തിൽ ഇടപെടുകയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ച്​ സഹായം തേടി. എം.പി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ വഴിയും ശ്രമം നടത്തി. ഗീതയുടെ ഇടപെടലി​നെ തുടർന്ന്​ കോൺസുലേറ്റ്​ അധികൃതർ നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടത്താൻ അബഹയിലെ സാമുഹികപ്രവർത്തകൻ ഇബ്രാഹിം പട്ടാമ്പിയെ ചുമതലപ്പെടുത്തി.

നാട്ടിലെത്തിക്കാൻ ആവശ്യമായ മുഴുവൻ തുകയും ഗീത വേണുഗോപാലും നാട്ടിലുള്ള ബന്ധുക്കളും സുമനസുകളുടെ സഹായത്തോടെ സ്വരൂപിച്ചു. നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാൻ ദുബൈയിലെ ഒരു കമ്പനിയെ ചുമതലപ്പെടുത്തി. അവരുടെ നിർദേശാനുസരണം യാത്രക്കുള്ള രേഖകളെല്ലാം ഗീത ഇബ്രാഹിം പട്ടാമ്പിയുടെ സഹായത്തോടെ തയാറാക്കി. നാട്ടിലെത്തിയാൽ ബംഗളുരുവിലെ ആസ്​റ്റർ ആശുപത്രിയിൽ തുടർചികിത്സയും ഉറപ്പാക്കി. തിങ്കളാഴ്​ച രാത്രി 10.15ന്​​ അബഹയിൽനിന്ന് പുറപ്പെട്ട​ സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദ വഴിയാണ്​ കൊണ്ടുപോയത്​. ചൊവ്വാഴ്​ച രാവിലെ 11.15ന്​ ബംഗളുരുവിലെത്തി. ഉടൻ ആസ്​റ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അബഹയിലെ ആശുപത്രിയിൽ നിന്ന്​ എയർപ്പോർട്ടിൽ എത്തിക്കാൻ സമയത്ത്​ ആംബുലൻസ്​ കിട്ടാത്തതിനാൽ ഏ​െറ പ്രയാസപ്പെ​ട്ടെന്നും ഒടുവിൽ വിവിധ അധികാരികളുമായി ബന്ധപ്പെട്ട്​ നടത്തിയ കഠിനപരിശ്രമത്തിനൊടുവിൽ കിലോമീറ്ററുകൾക്കകലെ അഹദ്​ അൽറുഫൈദ എന്ന സ്ഥലത്ത്​ നിന്ന്​ ആംബുലൻസ്​ എത്തിച്ചാണ്​ പരിഹാരം കണ്ടെത്തിയതെന്ന്​ ഇബ്രാഹിം പട്ടാമ്പി ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. അസീർ ആശുപത്രിയിലെ സ്​റ്റാഫ്​ നഴ്​സ്​ ബിനു അൻസാർ, മൊയ്തുട്ടി ചെലൂർ, സന്ദീപ് മേപ്പാടി, ഷൗക്കത്ത് ആലത്തൂർ എന്നിവരാണ് ആദ്യം മുതലേ​ സഹായത്തിനുണ്ടായിരുന്നത്​.

ഭാര്യ ലിൻഡാ തോമസും മകനും അമ്മയും സഹോദരങ്ങളുമടങ്ങുന്നതാണ് രഞ്ജു മോ​െൻറ കുടുംബം. 

Tags:    
News Summary - Abaha hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.