അബഹ: ആരംഭിച്ച് ഏതാനും ദിവസത്തിനുള്ളിൽ രണ്ട് ലക്ഷം സന്ദർശകരെ ആകർഷിച്ച് അബഹ സമ്മർ ഫെസ്റ്റിവൽ. ജൂലൈ 28നാണ് 24ാമത് അബഹ വേനൽ മഹോത്സവത്തിന് കൊടിയേറിയത്. ഉത്സവം ആസ്വദിക്കാൻ എത്തിയത് രാജ്യത്തിനകത്തും പുറത്തുംനിന്ന് രണ്ട് ലക്ഷം ആളുകളാണ്. മേളയുടെ ഭാഗമായി ഒരുക്കി ആറ് ഷോപ്പിങ് ഹാളുകളിലും ഒരു എന്റർടെയ്ൻമെൻറ് വില്ലേജിലുമായി നിരവധി വിനോദ പരിപാടികളും കാർണിവൽ ഷോകളും സാഹസിക പരിപാടികളും ആളുകൾ ആസ്വദിച്ചു. ഇവിടെ പ്രത്യേകമായി ഒരുക്കിയ കുട്ടികളുടെ കളിസ്ഥലങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
സെപ്റ്റംബർ 24 വരെ നീളുന്ന അബഹ സമ്മർ ഫെസ്റ്റിവൽ മൊത്തം 1.6 കോടി സന്ദർശകർ പങ്കെടുത്ത റിയാദ്, ജിദ്ദ സീസൺ ആഘോഷങ്ങൾക്ക് ശേഷം മറ്റൊരു വലിയ വിജയമായി മാറുകയാണ്. ഈ ഫെസ്റ്റിവൽ പ്രമാണിച്ച് ഇത്തവണ 500 തൊഴിലവസരങ്ങളാണ് ഒരുങ്ങിയത്. സൗദി അറേബ്യയുടെ മറ്റ് ഭാഗങ്ങളിലെല്ലാം കൊടിയ വേനൽ ചൂട് അനുഭവപ്പെടുമ്പോൾ അബഹ ഉൾപ്പെടുന്ന അസീർ പ്രവിശ്യയിൽ മഴയും മഞ്ഞും ആലിപ്പഴ വർഷവും കുളിർകാറ്റുമായി സുഖമുള്ള കാലാവസ്ഥയാണ് പ്രകടമാകുന്നത്. ഇതുകൂടി ആസ്വദിക്കാനാണ് ആളുകളെല്ലാം അബഹയിലേക്ക് ഒഴുകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.