യാംബു: രണ്ടര പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകൻ പട്ടാമ്പി സ്വദേശി അബൂബക്കർ മേഴത്തൂരിന്ന് ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി. മത രാഷ്ട്രീയ സംഘടന വ്യത്യാസമില്ലാതെ യാംബുവിലെ എല്ലാ മലയാളികളെയും ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവന്ന യാംബു മലയാളി അസോസിയേഷന്റെ (വൈ.എം.എ) നേതാവും ദീർഘകാല പ്രസിഡന്റുമായിരുന്നു അദ്ദേഹം. കേരളത്തിൽ വിവിധ ജില്ലകളിൽ സന്നദ്ധ സംഘങ്ങൾക്ക് ഡയാലിസിസ് മെഷീനും നിർധനരായ നിരവധി വൃക്കരോഗികൾക്കും അർബുദ രോഗികൾക്കും സാന്ത്വനമേകാനും വൈ.എം.എയുടെ നേതൃത്വത്തിൽ 'നന്മ യാംബു'രൂപവത്കരിക്കാനും അദ്ദേഹം നേതൃപരമായ പങ്കുവഹിക്കുകയും ചെയ്തിരുന്നു. അബൂബക്കറിനുള്ള നവോദയയുടെ ഉപഹാരം യാംബു ഏരിയ രക്ഷാധികാരി ഗോപി മന്ത്രവാദി കൈമാറി. ഏരിയ സെക്രട്ടറി അജോ ജോർജ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ബിഹാസ് കരുവാരക്കുണ്ട്, സിബിൽ ഡേവിഡ്, ഷൗക്കത്ത്, ഏരിയ മുൻ പ്രസിഡന്റ് രാജൻ നമ്പ്യാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. യാംബുവിൽ മലയാളി സമൂഹത്തിന്ന് വൈ.എം.എ യോടൊപ്പം ജീവകാരുണ്യ സേവനങ്ങൾ ചെയ്യാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും ഇനിയും സാധ്യമായ സഹായ സഹകരണങ്ങൾ തുടർന്നും ചെയ്യാൻ ശ്രമിക്കുമെന്നും അബൂബക്കർ മേഴത്തൂർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.