റിയാദ്: വാഹനാപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ് മലയാളി ബാലൻ രണ്ടര മാസമായി അ ബോധാവസ്ഥയിൽ. ദക്ഷിണ കർണാടകയിലെ മംഗലാപുരത്ത് താമസിക്കുന്ന റിയാസിെൻറ മകൻ റിദ്വാനാണ് (12) റിയാദിലെ സനദ് ആശുപത്രിയിൽ വെൻറിലേറ്ററിൽ കഴിയുന്നത്. സാമൂഹിക പ് രവർത്തകർ ഇടപെട്ട് നാട്ടിൽ കൊണ്ടുപോകാൻ ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ടെങ്കിലും യാത്രാചെലവിന് ആവശ്യമായ പണമില്ലാത്തത് തടസ്സമായിട്ടുണ്ട്. റിയാദിൽ വർഷങ്ങളായി ഒാഡിയോ വിഷ്വൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന റിയാസും കുടുംബവും സഞ്ചരിച്ച കാർ മറിഞ്ഞാണ് അപകടമുണ്ടായത്. ഇൗ വർഷം മാർച്ച് 29ന് രാത്രിയിൽ ബത്ഹക്ക് സമീപം ഒാൾഡ് സനാഇയയിൽ കാർ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞായിരുന്നു അപകടം.
മുന്നിൽ പോയ മിനി ട്രക്ക് അപ്രതീക്ഷിതമായി ട്രാക്ക് മാറി കയറിയപ്പോൾ ഇടിക്കാതിരിക്കാൻ റിയാസ് സ്റ്റിയറിങ് വെട്ടിച്ച് തിരിച്ചപ്പോഴാണ് കാറിെൻറ നിയന്ത്രണം നഷ്ടമായത്. കാറിലുണ്ടായിരുന്ന മുഴുവനാളുകൾക്കും സാരമായി പരിക്കേറ്റിരുന്നു. റെഡ് ക്രസൻറ് ആംബുലൻസിൽ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. റിയാസ്, ഭാര്യ ഷഹ്നാസ്, മക്കളായ റിദ്വാൻ, റിഷാൻ, റിഫാസ്, ഉമ്മ ഫാത്തിമി എന്നിവർക്ക് ഗുരുതര പരിക്കേറ്റു. റോഡിലിടിച്ച് തലക്ക് ഗുരുതര ക്ഷതമേറ്റ റിദ്വാന് സംഭവസ്ഥലത്തു വെച്ച് തന്നെ ബോധം നഷ്ടപ്പെട്ടിരുന്നു. എല്ലാവരേയും ആദ്യം മലസിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. റിദ്വാൻ ഒഴികെ മറ്റുള്ളവരെയെല്ലാം രണ്ടാഴ്ചക്ക് ശേഷം വിട്ടയച്ചു. 28 ദിവസം ഇവിടെ കിടന്നെങ്കിലും റിദ്വാെൻറ നിലയിൽ പുരോഗതി ഒന്നുമുണ്ടായില്ല. അബോധാവസ്ഥയിൽ തന്നെ തുടർന്നു. വിദഗ്ധ ചികിത്സ നൽകാൻ വേണ്ടത്ര സൗകര്യം അവിടെ ഇല്ലാഞ്ഞതിനാൽ പിന്നീട് സനദ് ആശുപത്രിയിലേക്ക് മാറ്റി ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു.
അതിനുശേഷം ചലനശേഷിയും ഭാഗികമായി ബോധവും വീണ്ടെടുത്തു. കൈകാലുകൾ ഒടിഞ്ഞ ഉമ്മ ഫാത്തിമിയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത ഉടനെ തന്നെ സ്ട്രെച്ചർ സൗകര്യത്തിൽ നാട്ടിലയച്ചു. അപകടത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സന്ദർശക വിസയിൽ അവർ നാട്ടിൽ നിന്ന് വന്നത്. മക്കളിൽ റിഷാൻ, റിഫാസ് എന്നിവരെയും ഫാത്തിമിയോടൊപ്പം നാട്ടിൽ അയച്ചു. ആശുപത്രിയിൽനിന്ന് വിട്ടയച്ചെങ്കിലും സുഖം പ്രാപിക്കാത്ത റിയാസും ഭാര്യയും റിയാദിൽ തന്നെ കഴിയുകയാണ്. റിദ്വാനെ കൊണ്ടുപോകുേമ്പാൾ ഒപ്പം പോകാനുള്ള തീരുമാനത്തിലാണ്. ഇൻഷുറൻസിെൻറ കാലാവധി നാലു ദിവസത്തിനുള്ളിൽ തീരും. പിന്നീട് റിയാദിൽ ചികിത്സയിൽ തുടരാനുള്ള പണമില്ല. കടുത്ത സാമ്പത്തിക ക്ലേശത്തിലാണ് റിയാസ്. സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടാണ് നാട്ടിൽ കൊണ്ടുപോകുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നത്.
വെൻറിലേറ്റർ, ഒരു ഡോക്ടർ, നഴ്സ് എന്നീ സൗകര്യങ്ങളുണ്ടെങ്കിൽ മാത്രമേ ബാലനെ വിമാനത്തിൽ കൊണ്ടുപോകാൻ കഴിയൂ. യു.എ.ഇയിലെ സന്നദ്ധ സംഘമായ യൂനിവേഴ്സൽ മെഡിക്കൽ ട്രാൻസ്ഫർ സർവിസ് ടീം ഇൗ സൗകര്യം ഏർപ്പാടാക്കാമെന്ന് ഏറ്റിട്ടുണ്ട്. എന്നാലും യാത്രക്ക് ഭാരിച്ച പണച്ചെലവ് വരും. അതിനുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ശിഹാബും സംഘവും. കൊച്ചിയിലെ ആസ്റ്റർ ആശുപത്രിയിൽ പ്രവേശിപ്പിക്കാമെന്നാണ് കരുതുന്നത്. റിയാസിനെ സഹായിക്കാൻ താൽപര്യമുള്ളവർക്ക് 0535479980 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.