ജിദ്ദ: അഞ്ചോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യസ്ഥാപനങ്ങളിലെ അക്കൗണ്ടിങ് ജോലികൾ 30 ശതമാനം സ്വദേശിവത്കരിക്കാനുള്ള സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയ തീരുമാനം പ്രാബല്യത്തിലായി. കഴിഞ്ഞ വർഷം ഡിസംബറിലാണ് മാനവ വിഭവശേഷി മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽറാജിഹി ഇത് സംബന്ധിച്ച ഉത്തരവിട്ടത്.
ദുൽഖഅദ് ഒന്നു മുതൽ തീരുമാനം നടപ്പാക്കുമെന്ന് അന്ന് വ്യക്തമാക്കിയിരുന്നു. ഇതിലൂടെ സ്വദേശികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും 9800 തൊഴിലവസരങ്ങൾ നൽകുകയാണ് ലക്ഷ്യമിടുന്നത്. സ്വദേശിവത്കരണം ലക്ഷ്യമിട്ട് അക്കൗണ്ടിങ് ജോലികളെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം 20 ആയി തരം തിരിച്ചിട്ടുണ്ട്. ഫിനാൻസ് ആൻഡ് അക്കൗണ്ടിങ് മാനേജർ, അക്കൗണ്ട്സ്, ബജറ്റ് മാനേജർ, ഫിനാൻഷ്യൽ റിപ്പോർട്ടിങ് വിഭാഗം മാനേജർ, സകാത് ആൻഡ് ടാക്സ് വിഭാഗം മാനേജർ, ഇേൻറണൽ ഓഡിറ്റ് ഡിപ്പാർട്മെൻറ് മാനേജർ, ജനറൽ ഓഡിറ്റ് വിഭാഗം മാനേജർ, ഇേൻറണൽ ഓഡിറ്റ് പ്രോഗ്രാം മേധാവി, ഫിനാൻഷ്യൽ കൺട്രോളർ, ഇേൻറണൽ ഓഡിറ്റർ, സീനിയർ ഫിനാൻഷ്യൽ ഓഡിറ്റർ, ജനറൽ അക്കൗണ്ടൻറ്, കോസ്റ്റ് അക്കൗണ്ടൻറ്, ഓഡിറ്റർ, ജനറൽ അക്കൗണ്ടിങ് ടെക്നീഷ്യൻ, ഓഡിറ്റ് ടെക്നീഷ്യൻ, കോസ്റ്റ് അക്കൗണ്ട്സ് ടെക്നീഷ്യൻ, ഫിനാൻഷ്യൽ ഓഡിറ്റ് സൂപ്പർവൈസർ, കോസ്റ്റ് ക്ലർക്ക്, ഫിനാൻസ് ക്ലർക്ക്, ബുക്ക് കീപ്പിങ് ക്ലർക്ക് എന്നീ ജോലികൾ സ്വദേശിവത്കരണം ലക്ഷ്യമിടുന്ന ജോലികളിൽ ഉൾപ്പെടുന്നു.
അക്കൗണ്ടിങ് ജോലിക്ക് നിയോഗിക്കപ്പെടുന്നവർ സൗദി അക്കൗണ്ടൻറ് ഒാർഗനൈസേഷനിൽനിന്ന് തൊഴിൽ അക്രഡിറ്റേഷൻ നേടിയിരിക്കണം. ബാച്ലർ ബിരുദമുള്ളവരുടെ മാസാന്ത വേതനം ചുരുങ്ങിയത് 6000 റിയാലും ഡിപ്ലോമ കൈവശമുള്ളവരുടേത് 4500 റിയാലുമായിരിക്കണമെന്നും വ്യവസ്ഥ നിശ്ചയിച്ചിട്ടുണ്ട്. സ്വദേശികളായവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിൽ തുടരുകയാണ്.
അക്കൗണ്ടിങ് മേഖലകളിൽ നിരവധി വിദേശികളാണ് ജോലി ചെയ്തുവരുന്നത്. അഞ്ചോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യമേഖലയിലെ അക്കൗണ്ടിങ് ജോലികൾ 30 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുന്നതോടെ നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമാകും. 2021ലെ ബജറ്റിൽ സൗദി മാനവ വിഭവശേഷി മന്ത്രാലയം അതിെൻറ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ വ്യക്തമാക്കിയപ്പോൾ വിവിധ മേഖലകളിലായി 1,15,000 സ്വദേശികളായ യുവതി-യുവാക്കൾക്ക് തൊഴിലവസരമൊരുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. വിവര സാേങ്കതിക മേഖലക്ക് പുറമെ അക്കൗണ്ടിങ്, എൻജിനീയറിങ് മേഖലകളും സ്വദേശിവത്കരിക്കാൻ ലക്ഷ്യമിടുന്നതായും പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.