റിയാദ്: കേരളത്തിലെ ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കും വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും നവംബർ 13-ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ പ്രചരണാർഥം കേളി കാലാസംസ്കാരിക വേദി റിയാദിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.
മൂന്ന് മണ്ഡലങ്ങളിലെയും സ്ഥാനാർഥികളായ സത്യൻ മൊകേരി, ഡോ. സരിൻ, യു.ആർ. പ്രദീപ് എന്നിവർ വിഡിയോ കോളിലൂടെ കൺവെൻഷനെ അഭിസംബോധന ചെയ്തു സംസാരിച്ചു.
രക്ഷധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വയനാട് മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പണ വേളയിൽ റോബർട്ട് വദേര പങ്കെടുത്തതിലൂടെ എന്ത് സന്ദേശമാണ് യു.ഡി.എഫ് ജനങ്ങൾക്ക് നൽകുന്നത് എന്ന് വ്യക്തമാക്കണമെന്ന് സുരേന്ദ്രൻ കൂട്ടായ് ആവശ്യപ്പെട്ടു.
ഏറ്റവും വലിയ ദുരന്തം നടന്ന വയനാടിന് വേണ്ടി മൂന്ന് മാസം പിന്നിടുമ്പോഴും ഒരുവിധ സഹായവും നൽകാത്ത കേന്ദ്രസർക്കാരിന് എതിരെ ഒരു വാക്കുകൊണ്ട് പോലും നോവിക്കാതെയുള്ള പ്രചരങ്ങൾ നടത്തുന്നതിൽ യു.ഡി.എഫ് വളരെ ഏറെ ശ്രദ്ധകാണിക്കുമ്പോൾ, മാധ്യമങ്ങൾ സ്ഥാനാർഥിയുടെ സൗന്ദര്യത്തെ അതിശയോക്തിയോടെ പൊലിപ്പിച്ചു കാണിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വർഗീയതയും കേരളത്തിനെതിരായ പ്രചാരണവും ഒരു വശത്ത് നടക്കുമ്പോൾ മനുഷ്യപക്ഷത്ത് നിന്ന് സംസാരിക്കാൻ ഇടതുപക്ഷം മാത്രമേ ഉള്ളൂ എന്നും എന്നാൽ അത്തരം പ്രവർത്തനങ്ങളെ തമസ്കരിക്കുകയും വിവാദങ്ങൾക്ക് മാത്രം പ്രാധ്യാന്യം നൽകികൊണ്ടുള്ള വാർത്തകൾ നൽകി ജനശ്രദ്ധ തിരിച്ചുവിടാൻ മാധ്യമങ്ങൾ പ്രാധാന്യം നൽകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നതെന്നും കൺവെൻഷനെ അഭിസംബോധന ചെയ്തു സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
കേളി കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, ചന്ദ്രൻ തെരുവത്ത്, ഗീവർഗീസ് ഇടിച്ചാണ്ടി, ജോസഫ് ഷാജി, ഫിറോഷ് തയ്യിൽ എന്നിവർ സംസാരിച്ചു. പ്രസിഡൻറ് സെബിൻ ഇഖ്ബാൽ സ്വാഗതവും രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.