ദമ്മാം: വാളയാർ അമ്മ നീതിക്കുവേണ്ടി നടത്തുന്ന സമരത്തോട് സർക്കാർ മുഖംതിരിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രവാസി സാംസ്കാരികവേദി വനിത വിഭാഗം ദമ്മാം ഘടകം ആവശ്യപ്പെട്ടു. കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥരായ ചാക്കോ, സോജൻ എന്നിവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മാസമായി വാളയാർ പെൺകുട്ടികളുടെ അമ്മ നിരാഹാരസമരത്തിലാണ്. കോടികൾ മുടക്കി ഗീബൽസിയൻ തന്ത്രം പയറ്റുന്ന ഇടതു സർക്കാർ ഇരകളാക്കപ്പെട്ടവരുടെ രോദനങ്ങൾക്കു നേരെ മുഖംതിരിക്കുന്നത് തങ്ങളുടെ കപടമുഖാവരണങ്ങൾ അഴിഞ്ഞുവീഴുമെന്ന ഭയം കൊണ്ടാണ്.
നീതി നിരാകരിക്കപ്പെട്ട അമ്മമാരുടെ ചൂണ്ടുവിരൽ ഓരോ ജനാധിപത്യ വിശ്വാസികളുടെയും നേരെയാണ് നീളുന്നത്. പാലത്തായിയും വാളയാറും കേരളത്തിലെ അമ്മമാരുടെ നെഞ്ചിലെ തീയാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ സ്ത്രീ വോട്ടർമാർ ഇതിന് കണക്കു ചോദിക്കും. സ്ത്രീകളുടെയും യുവാക്കളുടെയും പ്രശ്നങ്ങൾക്കു നേരെ മുഖംതിരിഞ്ഞുനിൽക്കുന്ന, കപട വികസനത്തിെൻറ കള്ളക്കഥകൾ പാടി, അവകാശങ്ങൾപോലും ഔദാര്യമാക്കി പൊതുജനങ്ങളെ പരിഹസിക്കുന്ന ഇടതു സർക്കാറിനെ താഴെയിറക്കേണ്ടതുണ്ടെന്ന് വനിത വിഭാഗം അഭിപ്രായപ്പെട്ടു. കേരളത്തിലെ സ്ത്രീസംഘടനകളും ജനാധിപത്യ വിശ്വാസികളും ശക്തമായ പ്രതിഷേധം ഉയർത്തണമെന്നും പ്രവാസി സാംസ്കാരിക വേദി ദമ്മാം വനിത വിഭാഗം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.