ജിദ്ദ: നിയോം നഗരത്തോട് ചേർന്നുള്ള മലനിരകളിൽ സാഹസിക മലകയറ്റം സംഘടിപ്പിച്ചു. സൗദിക്കകത്തും ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള 80ൽ അധികം പ്രഫഷനൽ മലകയറ്റക്കാരാണ് പരീക്ഷണമെന്നോണം 100 മലകയറ്റ പാതകൾ കയറാനുള്ള മത്സരത്തിൽ പങ്കെടുത്തത്. സാഹസികത, റോക്ക് ക്ലൈംബിങ്, ഹൈക്കിങ് എന്നിവക്കുള്ള ഏറ്റവും പുതിയ ആഗോള ലക്ഷ്യസ്ഥാനം സ്ഥാപിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായാണ് ഹസ്മ മലനിരകളിൽ മലകയറ്റ മത്സരം സംഘടിപ്പിച്ചത്.
നിയോമിനെ അതിെൻറ വൈവിധ്യമാർന്ന ഭൂമിശാസ്ത്രപരമായ ഭൂപ്രകൃതിയാൽ വേർതിരിച്ചിരിക്കുകയാണെന്ന് നിയോം സ്പോർട്സ് സെക്ടർ എക്സിക്യൂട്ടിവ് ഡയറക്ടർ ജാൻ പീറ്റേഴ്സൺ പറഞ്ഞു. ഇതു മലകയറ്റം പോലുള്ള സാഹസിക കായിക വിനോദങ്ങൾ ഇഷ്ടപ്പെടുന്നവരെ ആകർഷിക്കുന്നതാണ്. നിയോമിൽ അനുയോജ്യമായ സുസ്ഥിര കായിക അന്തരീക്ഷം പ്രദാനം ചെയ്യാനും എല്ലാവർക്കും ആസ്വദിക്കാനും അവസരം നൽകാൻ ലക്ഷ്യമിടുന്നതായും ജാൻ പീറ്റേഴ്സൺ പറഞ്ഞു.
100 ട്രാക്കുകൾ കയറുക വിജയകരമായ തുടക്കമാണ്. സൗദി ക്ലൈംബിങ് ആൻഡ് ഹൈക്കിങ് ഫെഡറേഷനുമായി സഹകരിച്ച് ഈ മത്സരം നടത്തുന്നതിൽ കൂടുതൽ സന്തോഷമുണ്ട്. മലകയറ്റ രംഗത്തെ വിദഗ്ധരാണ് പുതിയ പാതകളുടെ വികസനത്തിന് മേൽനോട്ടം വഹിക്കുന്നത്. പരീക്ഷണങ്ങൾ പൂർത്തിയായ ശേഷം 2022 അവസാനത്തോടെ ലോകമെമ്പാടുമുള്ള മലകയറ്റക്കാരെ നിയോം സ്വീകരിക്കാൻ തുടങ്ങുമെന്നും ജാൻ പീറ്റേഴ്സൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.