റിയാദ്: ലോക കേരളസഭ അഖില ലോക തട്ടിപ്പാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു റിയാദിൽ പറഞ്ഞു. മുഖ്യമന്ത്രിക്ക് കമീഷൻ അടിക്കാനുള്ള സഭയാണതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എത്ര കേരളസഭകൾ നടന്നു, ഏതെങ്കിലും സഭ കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടായിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. തുടക്കത്തിൽ ലോക കേരളസഭയോട് നല്ല രീതിയിൽ സഹകരിച്ചിരുന്നു. ധൂർത്തും ആർഭാടവുമല്ലാതെ പ്രവാസികളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണുകയോ നിർദേശങ്ങൾക്ക് ചെവി കൊടുക്കുകയോ ചെയ്യാതെ സഭ വഴി തെറ്റി സഞ്ചരിക്കാൻ തുടങ്ങിയപ്പോഴാണ് സഹകരണം പുനഃപരിശോധിക്കേണ്ടി വന്നതെന്ന് മറ്റൊരു കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എ. സലിം പറഞ്ഞു.
സൗദി സന്ദർശനത്തിനെത്തിയ ഇരുവരും റിയാദിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. പ്രവാസികളുടെ പ്രശ്നങ്ങളിൽ ആത്മാർഥമായി ഇടപെടുകയും നിയമസഭയിലും ലോക്സഭയിലും വിഷയം നിരന്തരം ഉന്നയിക്കുന്നതും യു.ഡി.എഫാണെന്ന് ഇരുവരും പറഞ്ഞു. സാധാരണക്കാർക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിലിപ്പോൾ. സർക്കാർ മേഖലകളിൽ വ്യാപക അഴിമതിയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ടീകോമിന് നഷ്ടപരിഹാരം നൽകി സ്മാർട്ട്സിറ്റി പദ്ധതി അവസാനിപ്പിക്കാനുള്ള ശ്രമവും മണിമലയാർ ജലവൈദ്യുതി പദ്ധതി സ്വകാര്യ കമ്പനിക്ക് കൊടുക്കാനുള്ള അണിയറ നീക്കവുമെന്നും പഴകുളം മധു പറഞ്ഞു. മുനമ്പം ഭൂമി ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള പ്രതിസന്ധിക്ക് പരിഹാരം കാണാതെ സമുദായങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും മധു കൂട്ടിച്ചേർത്തു.
കോൺഗ്രസിന്റെ പ്രവാസി ഘടകമായ ഒ.ഐ.സി.സിയുടെ സംഘടന സംവിധാനം ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് കെ.പി.സി.സി പ്രസിഡന്റിന്റെ നിർദേശപ്രകാരം ഇരുവരും സൗദിയിലെത്തിയത്. ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റിയുടെ വിപുലീകരണം സമയബന്ധിതമായി പൂർത്തിയാക്കും. സൗദിയിലെ പ്രധാന നഗരങ്ങളായ റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിലെ കോൺഗ്രസ് പ്രവർത്തകരെയും നേതാക്കളെയും കണ്ട് സംഘടന കാര്യങ്ങളും പ്രവാസികളുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളും ചർച്ച ചെയ്യും. നേതാക്കളിൽനിന്നും പ്രവർത്തകരിൽനിന്നും സമാഹരിച്ച വിവരങ്ങളും നിർദേശങ്ങളും കെ.പി.സി.സിക്ക് റിപ്പോർട്ട് ചെയ്യുമെന്നും നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ, വൈസ് പ്രസിഡൻറ് സലിം കളക്കര, ജനറൽ സെക്രട്ടറി ഫൈസൽ ബാഹസൻ എന്നിവർ നേതാക്കളോടൊപ്പം വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
റിയാദ്: കേരളത്തിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന വ്യായാമ ക്ലബ്ബായ ‘മെക്-7’നെ വർഗീയവത്കരിക്കുന്നത് വിവരദോഷവും സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള സി.പി.എം-സംഘ്പരിവാർ അച്ചുതണ്ടിന്റെ സംഘടിത ശ്രമവുമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു റിയാദിൽ പറഞ്ഞു. മെക് 7നെ സി.പി.എം ഭയക്കുന്നത് അവരുടെ സംഘടന സംവിധാനം ദുർബലപ്പെട്ടതിന്റെ ഭയത്താലാണെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ചുമതലയുമായി വണ്ടൂരിൽ പ്രവർത്തിക്കേണ്ടി വന്ന ഒരു മാസം വണ്ടൂർ സ്കൂൾ ഗ്രൗണ്ടിൽ താൻ മെക് 7 പരിശീലനം നേടിയ ആളാണെന്നും അതിന്റെ പ്രചാരകനായി പ്രവർത്തിക്കാൻ സമ്മതമാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ടെ സി.പി.എം നേതാവ് മോഹനൻ നീചമായ വർഗീയ ധ്രുവീകരണത്തിനായി പാർട്ടി സൃഷ്ടിച്ച മെഗാ ഫോണാണ്. ടി.പി. ചന്ദ്രശേഖരനെ വകവരുത്തിയ രീതിയിൽ സമൂഹ ഗാത്രത്തിൽ വിള്ളൽ ഉണ്ടാക്കാനുള്ള ആസൂത്രിത നീക്കമാണിത്. ആരോഗ്യകരമായ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ വ്യായാമം എന്ന ലക്ഷ്യത്തോടെ കേരളത്തിൽ പ്രചാരം നേടിയ മെക് 7 ഹെൽത്ത് ക്ലബ് കാലോചിത ഇടപെടലാണ് സമൂഹത്തിൽ നാടത്തുന്നത്.
കേരളത്തിൽ അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമക്കുറവും മൂലം ജീവിതശൈലി രോഗങ്ങൾ പെരുകുകയാണ്. അങ്ങനെയൊരു സാഹചര്യത്തിൽ ഒരു സംഘം നടത്തുന്ന ആരോഗ്യ ബോധവത്കരണവും വ്യായാമ പരിപാടികളും പ്രോത്സാഹിപ്പിക്കുന്നതിന് പകരം അവരെ അപമാനിക്കാൻ ശ്രമിക്കുന്നത് ലജ്ജാകരമാണ്.
ആരോഗ്യ സംരക്ഷണ സംഘങ്ങളെ പോലും മതവും രാഷ്ട്രീയവുമായി മുദ്രകുത്തി ഇല്ലാതാക്കുന്ന രീതിയാണ് സി.പി.എം സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള സമൂഹത്തെ വർഗീയവത്കരിക്കുന്നതിന് സി.പി.എം ബി.ജെ.പിയുടെ അച്ചാരം വാങ്ങി പ്രവർത്തിക്കുകയാണ്. അതിന് കോൺഗ്രസ് അനുവദിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.