റിയാദ്: 2034 ലോകകപ്പ് സംഘടിപ്പിക്കാൻ തെരഞ്ഞെടുക്കപ്പെട്ടതിലൂടെ ആഗോളതലത്തിൽ രാജ്യത്തിന്റെ ഉയർന്ന പദവിയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് സൗദി മന്ത്രിസഭ. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച റിയാദിലെ അൽ യമാമ കൊട്ടാരത്തിൽ ചേർന്ന യോഗമാണ് ഇക്കാര്യം വിലയിരുത്തിയത്.
ഒരു നൂറ്റാണ്ടോളമെത്തിയ ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലെത്തന്നെ അസാധാരണമായ ഒരു ടൂർണമെന്റിനാണ് രാജ്യം ആതിഥേയത്വം വഹിക്കുന്നത്. ഇതുവഴി സൗദി കായികരംഗം വിജയത്തിന്റെയും മികവിന്റെയും വിശാലമായ ചക്രവാളങ്ങളിലേക്ക് ചുവടുവെക്കുകയാണ്.
ഏകാധിപത്യ ഭരണത്തെ നിഷ്കാസനം ചെയ്ത് ജനഹിതത്തിനനുസരിച്ച് മാറാനൊരുങ്ങുന്ന സിറിയക്കൊപ്പമാണ് സൗദി അറേബ്യയെന്നും അതിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ നടത്തുന്ന എല്ലാ നീക്കങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്നും മന്ത്രിസഭ ആവർത്തിച്ചു. സിറിയൻ പ്രദേശത്ത് ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. റിയാദിൽ നടന്ന ‘വൺ വാട്ടർ’ ഉച്ചകോടി, രാജ്യാന്തര തലത്തിൽ രാജ്യത്തിന്റെ മുൻനിര സ്ഥാനത്തെയും ശുദ്ധജല സ്രോതസ്സുകളുടെ സുസ്ഥിരതക്കായി പ്രവർത്തിക്കാനുള്ള പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് പരിസ്ഥിതി, ജലം, കൃഷി മന്ത്രി പറഞ്ഞു.
തലസ്ഥാന നഗരത്തിൽ ഭദ്രമായ ഒരു പൊതുഗതാഗത സംവിധാനമായി റിയാദ് മെട്രോയും ബസും പദ്ധതി യഥാർഥ്യമാകുന്നതുവരെ നൽകിയ പിന്തുണക്കും സ്പോൺസർഷിപ്പിനും സൽമാൻ രാജാവിന് മന്ത്രിസഭ നന്ദി പറഞ്ഞു. ഈ പദ്ധതിയുടെ പ്രവർത്തനം അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും വികസനപരവും സാമ്പത്തികവുമായ മുന്നേറ്റത്തെ പിന്തുണക്കുന്നതിലും പൗരന്മാർക്കും താമസക്കാർക്കും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും അവരെ മികച്ച തലത്തിലേക്ക് ഉയർത്തുന്നതിനും ഒരു ഗുണപരമായ കുതിപ്പിനെ പ്രതിനിധീകരിക്കുന്നതായും യോഗം വിലയിരുത്തി.
ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും ബ്രിട്ടൻ പ്രധാനമന്ത്രി കെയർ സ്റ്റാർമറും സൗദി അറേബ്യയിൽ നടത്തിയ ഔദ്യോഗിക സന്ദർശനങ്ങൾ നേടിയ നല്ല ഫലങ്ങളെ സൗദി മന്ത്രിസഭ പ്രശംസിച്ചു. വിവിധ മേഖലകളിലെ സംയുക്ത സഹകരണത്തിന്റെ വ്യാപ്തി വികസിപ്പിക്കുന്നതിന് ഇത് സംഭാവന ചെയ്യും. പരസ്പര നേട്ടങ്ങളും ആഗ്രഹിക്കുന്ന ലക്ഷ്യങ്ങളും അഭിലാഷങ്ങളും നേടുന്നതിനും അന്താരാഷ്ട്ര വിഷയങ്ങളിൽ ഏകോപനം വർധിപ്പിക്കുന്നതിനും സഹായിക്കുമെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.