ജുബൈൽ: ആഴപ്പരപ്പിൽ അന്തർവാഹിനി നിയന്ത്രിച്ച ആദ്യത്തെ അറബ് വനിതയായി സൗദി യുവതി അഫ്ര അലോത്ത്മാൻ. നാഷനൽ സെന്റർ ഫോർ വൈൽഡ് ലൈഫ് (എൻ.സി.ഡബ്ല്യു.എൽ) സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടി സംഘടിപ്പിച്ച അന്താരാഷ്ട്ര ശാസ്ത്രമേളയിലാണ് ഈ വിവരം പുറത്തുവിട്ടത്. ഈ മാസം നാലിന് പുറപ്പെട്ട ചെങ്കടൽ പര്യവേക്ഷണ സംഘത്തിന്റെ അന്തർവാഹിനി നിയന്ത്രിച്ചത് കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ (കൗസ്റ്റ്) മറൈൻ സയൻസ് പിഎച്ച്.ഡി വിദ്യാർഥി അഫ്ര അലോത്ത്മാനാണെന്ന് അധികൃതർ വിശദീകരിച്ചു.
അനാഥയായിരുന്ന അഫ്ര അൽഅഹ്സയിലെ കിങ് ഫൈസൽ യൂനിവേഴ്സിറ്റിയിൽനിന്ന് ബയോളജിയിൽ ബിരുദം നേടിയശേഷം കാനഡയിലെ ഹാലിഫാക്സിലുള്ള ഡൽഹൗസി യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. ചെങ്കടലിൽ കൂടുതൽ അനുഭവങ്ങൾ സ്വന്തമാക്കുകയും അവ തലമുറകൾക്ക് കൈമാറുകയും എന്നതായിരുന്നു സ്വപ്നമെന്ന് അഫ്ര വ്യക്തമാക്കുന്നു. ജീവശാസ്ത്രത്തിൽ വിജ്ഞാനം നേടാനുള്ള തീരുമാനം വലിയ ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയായിരുന്നു. തന്റെ സമൂഹത്തിലെ പെൺകുട്ടികൾക്കിടയിൽ സ്വാധീനം ചെലുത്താൻ അത് തന്നെ പ്രാപ്തയാക്കിയാക്കിയതായി അവർ പറഞ്ഞു. ചെങ്കടൽ ഗവേഷണ കേന്ദ്രത്തിൽ ചേർന്ന് ഒരു വർഷത്തിന് ശേഷമാണ് അഫ്ര ആദ്യത്തെ ശാസ്ത്രഗവേഷണ പ്രബന്ധം പ്രസിദ്ധീകരിക്കുന്നത്. അഫ്രയുടെ 'ബയോളജിക്കൽ ഓഷ്യനോഗ്രഫി ലാബ്' എന്ന ജീവചരിത്രത്തിൽ ഗവേഷണ കേന്ദ്രത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഇരുമ്പിന്റെ കുറവുള്ള യൂറിയപോലുള്ള ജൈവവസ്തുക്കളുടെ സാന്നിധ്യത്തോടുള്ള ഡയാറ്റം (ആൽഗ) പ്രതികരണത്തെക്കുറിച്ച് വിശദപഠനം നടത്തിയതായി അഫ്ര പറയുന്നു. ഉയർന്ന ചൂടുള്ള വ്യത്യസ്ത പാരിസ്ഥിതിക സാഹചര്യങ്ങളിൽ ഡയാറ്റമുകളുടെയും ബാക്ടീരിയകളുടെയും അവസ്ഥ എന്താണെന്ന് പഠിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത് എന്ന് അഫ്ര പറഞ്ഞു. വിദൂര നിയന്ത്രിത അന്തർവാഹിനി വഴി ചെങ്കടലിന്റെ ആഴമേറിയ ഭാഗങ്ങൾ പര്യവേക്ഷണം ചെയ്യാനുള്ള ശ്രമത്തിലാണ് അഫ്ര. ലോകമെമ്പാടുമുള്ള നിരവധി ശാസ്ത്രജ്ഞരും വിദഗ്ധരും ഇതിൽ ഉൾപ്പെടുന്നു. ഇത് മേഖലയിലെ സ്ത്രീകൾക്ക് ഒരു നാഴികക്കല്ലാണ്. സൗദി അറേബ്യയിലെ നാഷനൽ സെന്റർ ഫോർ വൈൽഡ് ലൈഫ് അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ആദ്യ വനിത അന്തർവാഹിനി ഓപറേറ്ററായ അഫ്രയെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.