മക്ക: സൗദിയിൽ പെട്രോളിൽ മായം ചേർത്തെന്ന കേസിൽ പ്രതിയാക്കപ്പെട്ട മലയാളി കോടതിയിൽ നിരപരാധിത്വം തെളിയിച്ച് നാട്ടിലേക്ക് മടങ്ങി. ഷാജി ഹസൻ കുട്ടി എന്ന അഞ്ചൽ സ്വദേശിയാണ് ചെയ്യാത്ത കുറ്റത്തിന് കേസിൽപെട്ടത്. ത്വാഇഫിൽ ജോലിചെയ്യവേ 11 വർഷം മുമ്പായിരുന്നു അത്. അന്ന് ജോലിചെയ്ത പെട്രോൾ പമ്പ് മുനിസിപ്പാലിറ്റി (ബലദിയ) മായം ചേർത്തെന്ന കേസിൽ അടപ്പിച്ചിരുന്നു.
ഇതോടെ, ജോലിക്ക് കയറാൻ പെട്രോൾ പമ്പിന് ഉത്തരവാദിത്തമുള്ളയാൾ വേണമെന്ന് പറഞ്ഞ് സ്ഥാപനമുടമ ഷാജിയെക്കൊണ്ട് ഒരു ഓതറൈസേഷൻ ലെറ്ററിൽ ഒപ്പുവെപ്പിച്ചു. അതിനിടയിൽ വിസ റദ്ദാക്കി നാട്ടിൽ പോവുകയും പുതിയ വിസയിൽ മടങ്ങി വരുകയും ചെയ്തു. പുതിയ ജോലിയുമായി മുന്നോട്ടു പോകുമ്പോഴാണ് പഴയ ഓതറൈസേഷൻ ലെറ്റർ പണി തരുന്നത്. അസുഖ ബാധിതനായി നാട്ടിൽ പോകാൻ എയർപോർട്ടിൽ എത്തിയപ്പോൾ മടക്കി. പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേസിൽ കുടുങ്ങിയ വിവരം അറിയുന്നത്. ഇരു വൃക്കകളും തകരാറിലായതോടെ നാട്ടിലേക്ക് പോവാൻ കഴിയാതെ പ്രയാസപ്പെടുന്ന ഇദ്ദേഹത്തെ മലയാളി നഴ്സ് നിസ നിസാമിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മക്കയിലെ ഒ.ഐ.സി.സിക്ക് കീഴിലുള്ള സന്നദ്ധപ്രവർത്തകർ പ്രശ്നം ഏറ്റെടുക്കുന്നത്.
കോടതിയിൽ വക്കീലിനെവെച്ച് കേസ് നടത്തി. ഇതിനിടെ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട് ജീവിതം ദുരിതത്തിലായി. മക്കയിലെ മലയാളി നഴ്സുമാരുടെ സഹായത്തോടെ ചികിത്സ നടത്തി. കാഴ്ച കുറഞ്ഞ തോതിൽ തിരിച്ചുകിട്ടി. ഇതിനിടെ അനുകൂലമായി വിധിയും വന്നു. ഒ.ഐ.സി.സി പ്രവർത്തകർ രേഖകൾ ശരിയാക്കി നാട്ടിലേക്ക് വിമാന ടിക്കറ്റ് എടുത്തുനൽകി. കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചു. നാട്ടിലെ തുടർചികിത്സയും മറ്റും ചോദ്യ ചിഹ്നമാണ്. ഒ.ഐ.സി.സി ഭാരവാഹി ഷാനിയസ് കുന്നിക്കോട്, ഷാജി ചുനക്കര, നിസാം, സാകിർ കൊടുവള്ളി എന്നിവരാണ് സഹായിക്കാൻ രംഗത്തുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.