ജിദ്ദ: ഉംറ സർവിസ് കമ്പനികൾ പാക്കേജുകളിൽ പറഞ്ഞ മുഴുവൻ സേവനങ്ങളും തീർഥാടകർക്ക് നൽകണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, തീർഥാടകരുടെ യാത്ര സുഗമമാക്കുക, വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ നിർദേശം. മക്കയിൽ താമസിക്കുന്ന സമയത്ത് കൂടുതൽ ഉംറ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഉംറ പെർമിറ്റ് നൽകാൻ സർവിസ് കമ്പനികൾ ബാധ്യസ്ഥരായിരിക്കും.
മദീന റൗദയിലെ നമസ്കാരത്തിന് ആവശ്യമായ പെർമിറ്റുകളും നൽകിയിരിക്കണം. പെർമിറ്റിൽ പറയുന്ന സമയം അനുസരിച്ച് ഹറമിലേക്ക് തീർഥാടകരെ കൊണ്ടുപോകുകയും വേണം. പാക്കേജുകൾ പ്രകാരമുള്ള സേവനങ്ങൾ തീർഥാടകർക്ക് ഉംറ സർവിസ് കമ്പനികൾ നൽകുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ ഫീൽഡ് പരിശോധന സംഘം ഹറമുകളിലുണ്ടാവും. അവർ നിരന്തരം നിരീക്ഷണം നടത്തും. ലംഘനങ്ങൾ നിരീക്ഷിക്കാൻ മന്ത്രാലയത്തിന്റെ മക്കയിലും മദീനയിലും ഹറമിനടുത്തുള്ള ഫീൽഡ് ടീമുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ നിയമാനുസൃത നടപടിയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.