യാംബു: സഞ്ചാരികൾക്ക് ആവോളം ആസ്വദിക്കാനുള്ള വിസ്‌മയക്കാഴ്ചകളൊരുക്കുന്ന യാംബു അൽ നഖൽ പ്രദേശത്തെ മുഖ്യമായ ഒരാകർഷണമാണ് ഐനുൽ മുബാറക് തടാകം. സന്ദർശകർക്ക് മനസ്സിന് കുളിരേകുന്ന പ്രകൃതിയൊരുക്കിയ ഈ ദൃശ്യവിരുന്ന് കാണാൻ സ്വദേശികളും വിദേശികളും ഇപ്പോൾ ധാരാളമായി എത്തുന്നു.
യാംബു ടൗണിൽനിന്ന് യാംബു അൽ നഖൽ റോഡിലൂടെ 35 കിലോമീറ്റർ സഞ്ചരിച്ചാൽ അൽ മുബാറക് ഗ്രാമത്തിലെത്താം. അവിടെ നിന്ന് ഒരു കിലോമീറ്റർ ഓഫ് റോഡിലൂടെ യാത്ര ചെയ്താൽ ഐനുൽ മുബാറക് തടാകത്തിന്റെ ഓരത്തെത്താം.
ഓഫ് റോഡാണെങ്കിലും വാഹനങ്ങൾക്ക് പ്രയാസമില്ലാതെ തടാകത്തിന്റെ അരികി ലെത്താനും അവിടെയുള്ള പാർക്കിങ് സൗകര്യം ഉപയോഗപ്പെടുത്താനും കഴിയും. സായന്തനങ്ങളിൽ സ്വദേശികളും വിദേശികളും കുടുംബസമേതം ഇവിടെ ഏറെ സമയം ചെലവഴിക്കുന്നത് കാണാം.
ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കി കുടുംബങ്ങൾ ഇവിടത്തെ പ്രകൃതിരമണീയമായ തടാകങ്ങളും പച്ചവിരിച്ചുനിൽക്കുന്ന കാർഷികമേഖലയുടെ കാഴ്ചകളും മണിക്കൂറുകളോളം കണ്ടാസ്വദിക്കുന്നു.
തടാകങ്ങളുടെ ഓരം ചേർന്നുനിൽക്കുന്ന കൊച്ചുകുന്നുകളും അവയുടെ നിറപ്പകിട്ടാർന്ന വൈവിധ്യ ങ്ങളും പൊയ്കകളുടെ വശ്യമനോഹരക്കാഴ്ചക്ക് ആക്കം കൂട്ടുന്നു. പ്രകൃതിരമണീയമായ തടാക പരിസരത്തുനിന്ന് ദൃശ്യങ്ങൾ പകർത്തിയും സെൽഫിയെടുത്തും സന്ദർശകർ ഇവിടെ ഉല്ലാസദായകമാക്കുന്നത് കാണാം.
സൗദിയുടെ പടിഞ്ഞാറുഭാഗത്തുള്ള മദീന മേഖലയിലെ യാംബു അൽ നഖൽ പ്രദേശം അറബ് ഹിജാസ് ചരിത്രത്തിൽ നേരത്തേ രേഖപ്പെടുത്തിയ ചരിത്രമേഖലയാണ്. സഹസ്രാബ്ദങ്ങൾക്ക് മുമ്പുതന്നെ ചരിത്രത്തിൽ യാംബു അൽ നഖലിലെ തെളിനീരുറവകളെ കുറിച്ചുള്ള പരാമർശം ഉണ്ടായിട്ടുണ്ട്. യാംബുവിന് (ജലധാര) ആ പേര് ലഭിക്കാൻ തന്നെ ഇവിടത്തെ ഉറവുകളാണെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. അറബ് ചരിത്രത്തിൽ ഹിജാസ് മേഖലയിൽ ഏറ്റവും ശുദ്ധമായ തെളിനീർ കിട്ടുന്ന ഇടങ്ങളിലൊന്നാണ് ഐശ്വര്യങ്ങളുടെ ഉറവ എന്ന അർഥം വരുന്ന ഐനുൽ മുബാറക്. പൗരാണിക കാലത്ത് സുലഭമായി വളർന്നിരുന്ന ഈന്തപ്പനകളുടെ വളർച്ചക്കും കാർഷിക വിളകളുടെ വ്യാപനത്തിനും ഇവിടത്തെ തെളിനീരുറവകൾ മുഖ്യമായ ഒരു ഘടകമായിരുന്നു.
പ്രദേശത്തെ ജലാശയങ്ങളെ ആശ്രയിച്ച് ജീവിച്ചിരുന്ന ഒരു സമൂഹത്തിന്റെ നാഗരികതയുടെ അവശേഷിപ്പുകൾ ഇവിടത്തെ 'ഖർയത്തുൽ മുബാറക്' എന്ന് പേരുള്ള പൈതൃക ഗ്രാമത്തിൽ കാണാം.
കാലാവസ്ഥയെ അതിജീവിച്ച് പഴയ തലമുറയുടെ ചരിത്രശേഷിപ്പുകൾ കൂടി കാണാനും അറബ് സമൂഹം പിന്നിട്ട ജീവിതത്തിന്റെ നാൾവഴികൾ പകർത്താനും പൈതൃക ഗ്രാമക്കാഴ്ചകൾ വഴി നമുക്ക് സാധിക്കും.
പതിറ്റാണ്ടുകൾക്ക് മുമ്പ് യാംബു അൽ നഖലിലെ ഐനുൽ മുബാറക് തടാകത്തിലെ വെള്ളം പൂർണമായും വറ്റിയിരുന്നു. രണ്ടുമൂന്ന് വർഷമായി പെയ്ത ശക്തമായ മഴക്ക് ശേഷം തടാകത്തിലെ നീരുറവകൾ അഭൂതപൂർവമായ ശക്തിപ്രാപിച്ച പ്രതിഭാസമാണ് ഇപ്പോൾ ഇവിടെ പ്രകടമാകുന്നത്. നീണ്ട ഇടവേളക്ക് ശേഷം തെളിനീർ നിറഞ്ഞ തടാകങ്ങളുടെ മനംമയക്കുന്ന കാഴ്ചകൾ കാണാനാണ് സഞ്ചാരികൾ ഇവിടെ എത്തുന്നത്. തടാകങ്ങളുടെ ആഴം കൂടിയ പ്രദേശങ്ങൾക്ക് ചുറ്റും വേലികെട്ടി അപകടം ഇല്ലാതാക്കാൻ അധികൃധർ ഇവിടെ വേണ്ട നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. നീന്തലും ആഴം കൂടിയ തടാക ഭാഗത്തേക്ക് പോകുന്നതും ഇവിടെ നിരോധിച്ചി രിക്കുന്നുവെന്ന മുന്നറിയിപ്പ് പലകയും അങ്ങിങ്ങായി കാണാം. പ്രകൃതിരമണീയമായ തടാകപരിസരം ഇപ്പോൾ ഒരു ഉല്ലാസകേന്ദ്രമായി മാറിയിരിക്കുകയാണ്.
ഒരു ചെറിയ ആവാസവ്യവസ്ഥയുടെ പ്രകൃതിദത്തമായ നേർക്കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക. പ്രദേശത്തെ മിതമായ കാലാവസ്ഥയെ നിലനിർത്താനും ഇവിടത്തെ ഉറവകൾ സംഗമിക്കുന്ന തടാകങ്ങൾക്ക് സുപ്രധാന പങ്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.