റിയാദ്: എയർ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാരുടെ സമരവും വിമാന റദ്ദാക്കലുകളും ദുരിതത്തിലാക്കിയത് യാത്രക്കാരെ മാത്രമല്ല, പ്രവാസ ലോകത്ത് ഗുരുതര രോഗം ബാധിച്ച് ദുരിത്തിലായ രോഗികളെ കൂടിയാണ്. ശരീരം തളർന്ന് ചികിത്സയിൽ കഴിയുന്ന റിയാദിലെ കാസർകോട് മഞ്ചേശ്വരം സ്വദേശിയായ മുഹമ്മദ് ഹനീഫ് ഇത്തരം നിരവധി രോഗികളിൽ ഒരാൾ മാത്രമാണ്.
രണ്ട് മാസമായി റിയാദിലെ ശുമൈസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുഹമ്മദ് ഹനീഫിന് എയർ ഇന്ത്യ എക്സ്പ്രസ്സിൽ സ്ട്രെക്ച്ചറിൽ ടിക്കറ്റ് എടുത്ത് മെയ് ഏഴാം തിയ്യതി ഡിസ്ചാർജ് ചെയ്ത് യാത്രക്ക് അനുമതി നേടിയതാണ്. സാങ്കേതിക പ്രശ്നങ്ങളാൽ ഏഴാം തിയ്യതിയിലെ യാത്ര ക്യാൻസൽ ആണെന്ന് എയർ ഇന്ത്യ അറിയിച്ചതിനെ തുടർന്ന് ടിക്കറ്റ് പത്താം തിയ്യതിയിലേക്ക് മാറ്റി. യാത്ര നീളുന്ന വിവരം അറിയിച്ചതിനെ തുടർന്ന് ആശുപത്രി അധികൃതരുടെ കനിവ് കൊണ്ട് മൂന്ന് ദിവസം കൂടി ബെഡും ചികിത്സയും വീണ്ടും ഇദ്ദേഹത്തിന് അനുവദിച്ചു കിട്ടി. എന്നാൽ പത്താം തിയ്യതി യാത്രക്ക് ഒരുങ്ങിയെങ്കിലും വീണ്ടും സാങ്കേതിക തകരാർ കാരണം യാത്ര മുടങ്ങുമെന്ന് എയർ ഇന്ത്യയിൽ നിന്ന് സന്ദേശം വന്നതിനാൽ യാത്ര വീണ്ടും മുടങ്ങി.
ഇനി അടുത്ത ദിവസത്തേക്കായുള്ള കാത്തിരിപ്പാണ്. യാത്ര മുടങ്ങിയതിനെ തുടർന്ന് വീണ്ടും ആശുപത്രി അധികൃതരെ കണ്ട് ഇക്കാര്യം ബോധിപ്പിക്കേണ്ട നാണക്കേടിലാണെന്ന് പൊതുപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
മഞ്ചേശ്വരം കെ.എം.സി.സി പ്രവർത്തകർ ഉൾപ്പടെ പൊതുപ്രവർത്തകരുടെ സഹായത്താലാണ് ഹനീഫിനെ തുടർ ചികിത്സക്ക് നാട്ടിലേക്ക് അയക്കാൻ അവസരം ഒരുങ്ങിയത്. എന്നാൽ എയർ ഇന്ത്യ എക്സ്പ്രസിലെ തൊഴിൽ സമരം യാത്ര സാധ്യമാകാതെ ഇദ്ദേഹത്തിന് ദുരിതം സമ്മാനിച്ചിരിക്കുകയാണിപ്പോൾ. സ്വകാര്യ ആശുപത്രിയിലാണെങ്കിൽ വിമാനം മുടങ്ങുന്ന ഓരോ ദിവസവും ദിനേന വലിയൊരു തുക അടക്കേണ്ട ഗതികേടുണ്ടാകുമായിരുന്നെന്ന് ഹനീഫിന്റെ പരിചരണവുമായി രംഗത്തുള്ളവർ പറഞ്ഞു.
ഹനീഫ് മാത്രമല്ല, അടിയന്തിര ചികിത്സക്കായി നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്ത നിരവധി രോഗികൾ എയർ ഇന്ത്യ സമര ക്രൂരതയുടെ ഇരകളാണ്. താമസ രേഖ കാലാവധി ഇല്ലാതെ എക്സിറ്റ് അടിച്ചവർ, സന്ദർശക വിസ കാലാവധി അവസാനിക്കുന്നവർ, നാട്ടിൽ നിന്നും റീ-എൻട്രി വിസ കാലാവധി അവസാനിക്കുന്നവർ തുടങ്ങി നൂറു കണക്കിനാളുകൾ വേറെയും നിയമകുരുക്കിലായി സമരത്തിന്റെ ഇരകളായിട്ടുണ്ട്. മിന്നൽ സമരങ്ങൾ പ്രഖ്യാപിക്കുന്ന തൊഴിലാളികളും ബദൽ സംവിധാനം കാണാൻ കഴിയാത്ത കമ്പനിയും പ്രവാസികളോട് ചെയ്യുന്നത് മാനുഷീക പരിഗണന പോലും നൽകാത്ത ക്രൂരതയാണെന്ന് ശിഹാബ് കൊട്ടുകാട് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.