സുഹാർ: മലബാർ മേഖലയിലുള്ള യാത്രക്കാർക്ക് ആശ്വാസം പകർന്ന് എയർ ഇന്ത്യ വിമാനം കണ്ണൂരിൽനിന്ന് ഒമാനിലേക്ക് ജൂൺ 21 മുതൽ സർവിസ് ആരംഭിക്കുന്നു. കണ്ണൂരിൽനിന്ന് രാത്രി 10.20ന് പുറപ്പെടുന്ന വിമാനം ഒമാൻ സമയം 12.20ന് മസ്കത്തിൽ എത്തും. അതുപോലെ ഇവിടെനിന്ന് വൈകീട്ട് 4.30ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം 9.30ന് കണ്ണൂരിൽ ഇറങ്ങും.ആഴ്ചയിൽ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ മൂന്ന് വീതം സർവിസായിരിക്കും നടത്തുക. എയർ ഇന്ത്യ എക്സ്പ്രസ്, ഗോ ഫസ്റ്റ് എന്നീ വിമാനക്കമ്പനികൾക്കാണ് നിലവിൽ കണ്ണൂരിലേക്ക് സർവിസുള്ളത്. എയർ ഇന്ത്യ മുമ്പ് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽനിന്ന് ഒമാനിലേക്ക് സർവിസ് നടത്തിയിരുന്നെങ്കിലും തിരുവനന്തപുരം സർവിസ് നിർത്തലാക്കിയിരുന്നു. നിലവിൽ കൊച്ചിയിൽനിന്ന് മാത്രമാണ് എയർ ഇന്ത്യ ഒമാനിലേക്ക് സർവിസ് നടത്തുന്നത്.
എയർ ഇന്ത്യയെ സ്വകാര്യ കമ്പനി ഏറ്റെടുത്തതിനു ശേഷം നിരവധി പരിഷ്കാരം വരുത്തുകയാണ്. അതിന്റെ മുന്നോടിയായാണ് സർവിസ് വർധിപ്പിക്കുന്നത് എന്നാണ് ട്രാവൽ മേഖലയിലുള്ളവർ പറയുന്നത്. കണ്ണൂർ എയർപോർട്ടിൽ ആധുനിക സൗകര്യമുണ്ടെങ്കിലും അന്താരാഷ്ട്ര സർവിസുകൾ അധികം ആരംഭിച്ചിട്ടില്ല. എയർ ഇന്ത്യ കണ്ണൂരിൽനിന്ന് പറക്കാൻ ആരംഭിക്കുമ്പോൾ പഴയ പ്രവാസികൾക്ക് ഓർമകൾ അയവിറക്കാനുള്ള അവസരം കൂടിയാണ്. അക്കാലങ്ങളിൽ ബോംബെയിൽനിന്ന് ഏറ്റവും കൂടുതൽ യാത്രചെയ്തത് എയർ ഇന്ത്യ ൈഫ്ലറ്റിലായിരുന്നു. പിന്നീട് നിരവധി വിമാനക്കമ്പനികൾ ബജറ്റ് വിമാനങ്ങളിലേക്ക് തിരിഞ്ഞതോടെ ടിക്കറ്റ് നിരക്ക് ഇളവ് അനുകൂലമാക്കി പ്രവാസികൾ എയർ ഇന്ത്യ എക്സ്പ്രസ് പോലെ ചെലവ് കുറഞ്ഞ യാത്ര സ്വീകരിച്ചു. എയർ ഇന്ത്യ സർവിസ് ടാറ്റ ഗ്രൂപ് ഏറ്റെടുത്തശേഷമാണ് കണ്ണൂരിൽനിന്ന് സർവിസ് ആരംഭിക്കാൻ പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.