ജുബൈൽ: യാത്രക്കാരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധന ലക്ഷ്യമിട്ട് സൗദി വ്യോമയാന മേഖലയിൽ പുതിയ പദ്ധതികൾ. 2030ഓടെ രാജ്യത്തിന്റെ ജി.ഡി.പിയിൽ സിവിൽ ഏവിയേഷൻ-എയർ ട്രാൻസ്പോർട്ട് മേഖലയുടെ സംഭാവന 280 ശതകോടി റിയാലായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജി.എ.സി.എ) പ്രസിഡന്റ് അബ്ദുൽ അസീസ് അൽ ദുവൈലെജ് പറഞ്ഞു.
പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ എംപ്ലോയ്മെന്റ് എക്സിബിഷനിലെ പാനൽ ചർച്ചയിലാണ് അൽ-ദുവൈലെജ് ഇക്കാര്യം വ്യക്തമാക്കിയത്.
2030ഓടെ രാജ്യത്തെ വ്യോമഗതാഗത മേഖലയെ പശ്ചിമേഷ്യയിലെ ഒന്നാമത്തേതും ആഗോളതലത്തിൽ അഞ്ചാമത്തേതുമായ എയർ കണക്റ്റിവിറ്റിയായാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
2019ലെ 103 ദശലക്ഷം യാത്രക്കാർ എന്നതിൽനിന്ന് പ്രതിവർഷം 330 ദശലക്ഷത്തിലേക്ക് എത്തിക്കുകയാണ് പദ്ധതി. 2019ലെ എട്ടുലക്ഷം ടണ്ണിൽനിന്ന് 45 ലക്ഷം ടണ്ണായി ശേഷി വർധിപ്പിച്ച് വ്യോമയാന ചരക്ക് നീക്കത്തിലും പശ്ചിമേഷ്യയിലെ ഒന്നാംസ്ഥാനം നേടുക എന്നതാണ് മറ്റൊരു ലക്ഷ്യം. നേരിട്ടും അല്ലാതെയും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇത് സുപ്രധാന മേഖലയായി മാറും. തൊഴിൽ സ്വദേശിവത്കരണത്തിനായുള്ള 10,000 തൊഴിലവസര സംരംഭങ്ങൾ ആരംഭിച്ചതായി അൽ-ദുവൈലെജ് ചൂണ്ടിക്കാട്ടി.
ഇത് 2021 അവസാനത്തോടെ 50 ശതമാനം വിജയം കൈവരിച്ചു. എയർപോർട്ട് ഓപറേഷൻ, സേഫ്റ്റി, ഫയർ ആൻഡ് റെസ്ക്യൂ, ഏവിയേഷൻ സെക്യൂരിറ്റി, എയർപോർട്ട് ഓപറേഷൻ സേവനം എന്നിവയിലെ വിവിധ തൊഴിലുകൾ ഈ സ്വദേശിവത്കരണത്തിൽ ഉൾപ്പെടുന്നു.
സൗദിയിലെ വിവിധ വിമാനത്താവളങ്ങളിൽ 3,200 സൗദി അക്കാദമി ഓഫ് സിവിൽ ഏവിയേഷൻ ബിരുദധാരികളെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സിവിൽ ഏവിയേഷൻ വിവിധ ജോലികളിൽ ട്രെയിനികൾക്കായി 38,000ത്തിലധികം സീറ്റുകൾ നീക്കിെവച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.