റിയാദ്: പാരിസിലെ സെൻ നദി തീരത്ത് വെള്ളിയാഴ്ച വൈകീട്ട് നടന്ന ഒളിമ്പിക് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ സൗദി സംഘം പങ്കെടുത്തത് പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞ്. ബിഷ്ത്, ഷിമാഗ്, അലങ്കാരപ്പണികളോട് കൂടിയ അംഗ വസ്ത്രം (തോബ്) എന്നിവ അണിഞ്ഞാണ് ചടങ്ങിൽ തങ്ങൾക്ക് നിശ്ചയിച്ച സ്ഥലത്ത് സൗദി സംഘം പ്രത്യക്ഷപ്പെട്ടത്. ബിഷ്ത്, ഷെമാഗ് എന്നിവ അണിഞ്ഞാണ് പുരുഷ പ്രതിനിധികൾ എത്തിയത്. അബായ (പർദ) ധരിച്ച് സ്ത്രീകളും.
ഒളിമ്പിക് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ നിരയിൽ സൗദി പ്രതിനിധികൾ രാജ്യത്തിന്റെ സമ്പന്നമായ പൈതൃകത്തെയും സാംസ്കാരിക സ്വത്വത്തെയും പ്രതിഫലിപ്പിക്കുന്ന ദേശീയ വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെട്ടത് ചടങ്ങിൽ പങ്കെടുക്കുന്ന രാജ്യാന്തര മാധ്യമങ്ങളുടെയും പ്രേക്ഷകരുടെയും പ്രശംസ പിടിച്ചുപറ്റിയതായും അധികൃതർ വ്യക്തമാക്കി. സെൻ നദിയിലെ വെള്ളത്തിൽ സൗദി കളിക്കാരുടെ നൗക എത്തിയപ്പോൾ കാണികളിൽ ഭൂരിഭാഗവും കരഘോഷം മുഴക്കി അഭിനന്ദിച്ചു.
സൗദി ഒളിമ്പിക് ഡെലിഗേഷന്റെ വസ്ത്രങ്ങൾ രൂപകൽപന ചെയ്തത് പ്രമുഖ സൗദി ഡിസൈനറായ ആലിയ അൽ സാൽമിയാണ്. 128 സ്ത്രീ-പുരുഷ ഡിസൈനർമാരിൽനിന്നാണ് സൗദി ഒളിമ്പിക് ഡെലിഗേഷന്റെ വസ്ത്രങ്ങളുടെ ഡിസൈനറായി ആലിയയെ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.