യാംബു: ലഗേജുകൾ കിട്ടാൻ കാലതാമസം നേരിട്ടാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ വിമാന കമ്പനികൾ ബാധ്യസ്ഥരാണെന്ന് സൗദി അറേബ്യ കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ (സി.പി.എ). ലഗേജ് ഡെലിവറി വൈകുന്ന സാഹചര്യത്തിൽ യാത്രക്കാരന് വിമാനകമ്പനികൾ നൽകേണ്ട നഷ്ടപരിഹാര തുക സി.പി.എ വെളിപ്പെടുത്തി.
ആഭ്യന്തര യാത്രക്കാർക്ക് ലഗേജ് വൈകുന്ന ഓരോ ദിവസത്തിനും 20 എസ്.ഡി.ആറിന് (സ്‌പെഷ്യൽ ഡ്രോയിങ് റൈറ്റ്) തുല്യമായ നഷ്ടപരിഹാരം നൽകണം. ആഭ്യന്തര വിമാനങ്ങൾ പരമാവധി നഷ്ടപരിഹാരം 100 എസ്.ഡി.ആർ ആണ് നൽകേണ്ടത്. ലഗേജുകൾ കാലതാമസം വരുന്ന ഓരോ ദിവസത്തിനും അന്താരാഷ്ട്ര വിമാനങ്ങൾ 40 എസ്.ഡി.ആറിന് തുല്യമായ തുക നൽകണം. പരമാവധി നൽകേണ്ടുന്ന തുക 200 എസ്.ഡി.ആർ ആണ്.
വിമാന കമ്പനികൾ സൗദിയിൽ നഷ്ടപരിഹാരം നൽകേണ്ട തുക റിയാലിൽ കണക്കാക്കി നൽകാനും കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ നിർദേശം നൽകി. ഐ.എം.എഫിന്റെയും മറ്റ് അന്താരാഷ്ട്ര സംഘടനകളുടെയും അക്കൗണ്ടിന്റെ യൂനിറ്റുകളാണ് എസ്.ഡി.ആറിന് (സ്‌പെഷ്യൽ ഡ്രോയിങ് റൈറ്റ്). അന്താരാഷ്ട്ര തലത്തിൽ മൂല്യം നിർണയിക്കുന്നത് ഈ രീതിയിലാണ്. വിമാനത്തിൽ യാത്ര ചെയ്യുന്നവരുടെ അവകാശങ്ങളും സൗദി അറേബ്യ കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ വ്യക്തമാക്കി.
ഉപഭോക്താവിന് വിമാനക്കമ്പനികളുടെ വീഴ്ച കാരണം തുക റീഫണ്ട് ചെയ്യേണ്ടി വന്നാൽ അതിന്റെ 50 ശതമാനം അധിക നഷ്ടപരിഹാര തുകക്ക് സാഹചര്യമനുസരിച്ച് അർഹതയുണ്ട്.
യാത്രക്കാർക്ക് ബോർഡിങ് നിരസിച്ചതിന്റെ ഫലമായുണ്ടാകുന്ന മറ്റേതെങ്കിലും നഷ്ടപരിഹാരത്തിനോ റീഫണ്ടുകൾക്കോ അധിക നഷ്ടപരിഹാരം ഒരു ബദലായിരിക്കരുതെന്നും സി.പി.എ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.