ദമ്മാം: ലോകത്തിെൻറ പ്രകൃതിസമ്പത്തായി പരക്കെ അംഗീകരിക്കപ്പെട്ട സൗദിയിലെ കിഴക്കൻമേഖലയിലുള്ള അൽഅഹ്സക്ക് പുതിയ അംഗീകാരം കൂടി. മരുഭൂമിയുടെ ഊഷരത നിറഞ്ഞ സൗദിയിൽ തണൽ മരങ്ങളും താഴ്വരകളും തെളിനീരുറവകളുമുള്ള അൽഅഹ്സയിൽ ജലസ്രോതസ്സുകൾ സംരക്ഷിക്കപ്പെട്ടത് നൂറ്റാണ്ടുകൾ പഴക്കമുള്ള കൃഷിരീതികൾ മൂലമാണെന്ന് പഠനം. ലോകത്തിലെ ഏറ്റവും വലിയ സ്വയംപര്യാപ്ത മരുപ്പച്ചയായ ഈ മേഖലക്ക് ജലസമൃദ്ധിയും ഫലഭൂയിഷ്ഠതയും കാലത്തെ അതിജയിച്ച് കാത്തുവെക്കാൻ എങ്ങനെ കഴിഞ്ഞു എന്ന സംശയത്തിനാണ് ഇതോടെ ഉത്തരമാകുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള പരമ്പരാഗത കൃഷിരീതികൾ ഇടതടവില്ലാതെ പ്രകൃതിയെ അറിഞ്ഞ് നിലനിർത്തിയതാണ് ഇത്രയേറെ കാലം ജലം സംഭരിച്ച് സംരക്ഷിച്ച് നിലനിർത്താൻ കഴിഞ്ഞതെന്ന് പഠനം തെളിയിച്ചിരിക്കുന്നത്. ഇന്നും പരമ്പരാഗത കൃഷിരീതികളാണ് ഇവിടെ തുടരുന്നതെന്ന് അൽഅഹ്സ സ്വദേശിയായ കാർഷിക സ്പെഷലിസ്റ്റ് സയീദ് അൽ-ഹുലൈബി പറഞ്ഞു. ഈ പ്രദേശം എങ്ങനെയാണ് ഫലഭൂയിഷ്ഠത നിലനിർത്തിയിരിക്കുന്നതെന്ന് മനസ്സിലാക്കാൻ വർഷങ്ങളോളം പഠനം നടത്തിയ ആളാണ് അൽ-ഹുൈലബി. ഇവിടത്തെ മരുപ്പച്ചകൾ ഇപ്പോഴും നശിക്കാതെ നിലനിൽക്കുന്നത് കർഷകർ ഉപയോഗിക്കുന്ന വ്യത്യസ്ത ജലസേചന രീതികളാണെന്നും അദ്ദേഹം പറഞ്ഞു. പുരാതന കാലം മുതൽ ഇന്നുവരെ, അൽ-അഹ്സ കർഷകർ പരമ്പരാഗത ജലസേചനരീതികൾ അവലംബിച്ചു. അൽ-അഹ്സ മണൽ പാളിക്ക് മുകളിൽ ചളിയോ ഫലഭൂയിഷ്ഠമായ കളിമണ്ണോ നിറഞ്ഞ പ്രദേശങ്ങളാണ്.
സൗദിയിലെ മറ്റ് പ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അതിെൻറ ഉയരം കുറവാണ്. അതിനാൽ ഈ പ്രദേശത്ത് എല്ലായ്പോഴും വെള്ളം ലഭ്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അൽ-അഹ്സ പർവതനിരകൾക്ക് താഴെയുള്ള പൂരിത മേഖലയിലെ അവശിഷ്ട പാളികൾക്കിടയിലുള്ള ഇടം മഴവെള്ളം നിറയ്ക്കുന്നുവെന്ന് അൽ-ഹുലൈബി പറഞ്ഞു. അടുത്ത കാലം വരെ, വെള്ളത്തിന് ശക്തമായ ഒഴുക്ക് ഉണ്ടായിരുന്നു. അത് പർവതത്തിനടിയിൽ ചുരുങ്ങിക്കിടക്കുന്നതിനാൽ, ഉറവകളുടെ രൂപത്തിലാണ് ഇത് പുറത്തുവിടുന്നത്. ഈന്തപ്പനകൾ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ നനച്ചാൽ മതി -അദ്ദേഹം കൂട്ടിച്ചേർത്തു. കൃഷിക്കാർ ജലസേചനത്തിനായി ഈ നീരുറവകളെ നിലത്തിന് മുകളിൽ ഒഴുകുന്ന നീണ്ട ചാലുകളാക്കി മാറ്റിയതായി അൽ-ഹുലൈബി പറഞ്ഞു.
അറേബ്യൻ ഉപദ്വീപിൽ എത്രത്തോളം കിഴക്കോട്ട് കടലിലേക്ക് പോകുന്തോറും ഭൂമിശാസ്ത്രപരമായ ഒരു ഉറവ ഒഴുകുന്നുവെന്ന് തങ്ങൾ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. അതായത് ഉയർന്നപ്രദേശത്തുനിന്ന് താഴ്ന്നപ്രദേശത്തേക്ക് വെള്ളം സ്വാഭാവികമായി ഒഴുകുന്നു. അതാണ് അൽ-അഹ്സയെ ജലസമൃദ്ധമാക്കുന്നത്. പ്രകൃതി കനിഞ്ഞരുളിയ ഈ സമ്പന്നതകളെ അൽഅഹ്സയിലെ കർഷകർ കേടുകൂടാതെ കാത്തുവെച്ചു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞദിവസം ഏറ്റവും കൂടുതൽ വ്യത്യസ്ത ഇനം ഈന്തപ്പനകൾ വളരുന്ന അൽഅഹ്സ താഴ്വര ഗിന്നസ് ബുക്കിൽ ഇടംപിടിച്ചിരുന്നു. ഈന്തപ്പഴം മാത്രമല്ല, എല്ലാവിധ കാർഷിക വിളകളും അൽഅഹ്സയിലെ മണ്ണിൽ സമൃദ്ധമായി വളരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.