റിയാദ്: വേനൽക്കാലത്ത് തങ്ങാൻ പ്രകൃതിരമണീയതയും കുളിർമയുമുള്ള സ്ഥലമെന്ന നിലയിൽ സൗദി അറേബ്യയിൽ പേര് കേട്ട പ്രദേശമാണ് അൽ ബാഹ പ്രവിശ്യ. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറായാണ് ഈ ശാദ്വല പ്രദേശം കിടക്കുന്നത്. ഇവിടെ എത്തിയാൽ മിതമായ കാലാവസ്ഥയും താപനിലയെ ലഘൂകരിക്കുന്ന തണുത്ത കാറ്റും ആസ്വദിക്കാം.
പച്ചപ്പണിഞ്ഞ മാമലകളും താഴ്വരകളും മനോഹരമായ പ്രകൃതിദൃശ്യങ്ങളാണ് സമ്മാനിക്കുന്നത്. പ്രകൃതിയുടെ സൗന്ദര്യം നുകരാനും വേനൽക്കാലത്തെ ചൂടിൽനിന്ന് രക്ഷപ്പെടാനും സന്ദർശകരുടെ ആദ്യ ലക്ഷ്യസ്ഥാനമായി മാറുകയാണ് ഈ പ്രവിശ്യ. മിക്കപ്പോഴും ഈ മേഖലയിൽ മഴയുണ്ടാവുമെന്നതാണ് ഏറ്റവും വലിയ സവിശേഷത. കൊടിയ വേനലിൽ പോലും അൽ ബാഹയിൽ മഴ പെയ്യും. മനോഹരമായ പ്രകൃതി, മഴ, മേഘാവൃതമായ കാലാവസ്ഥ, പതിയെ തലോടുന്ന ഇളങ്കാറ്റ് എന്നിവ ആസ്വദിച്ച് സമയം ചെലവഴിക്കാൻ എത്തുന്നവർക്കായി മേഖലയിലെങ്ങും നല്ല പാർക്കുകളും വർണവൈവിധ ശോഭയാർന്ന പൂന്തോട്ടങ്ങളുമുണ്ട്. ഈ ദിവസങ്ങളിൽ, അൽ ബാഹ ആകെ ഏറ്റവും മനോഹാരിത അണിഞ്ഞിരിക്കുകയാണ്. പച്ചയണിഞ്ഞ പർവതനിരകളും പ്രകൃതിയുടെ ശബ്ദങ്ങളുടെയും നിറങ്ങളുടെയും സുഗന്ധങ്ങളുടെയും നയന മനോഹരങ്ങളായ മിശ്രിതവും നിറഞ്ഞ് ഈ പ്രദേശത്തെ പാർക്കുകളും വനങ്ങളും ഒരു പറുദീസ പോലെ തിളങ്ങുകയാണ്. സന്ദർശകരുടെ മുഖത്ത് പുഞ്ചിരിയും സന്തോഷവും ഒളിമിന്നുന്നു. രാജ്യത്തിനകത്തും പുറത്തുംനിന്നും ദിനേന എത്തുന്ന സന്ദർശകരുടെ എണ്ണം പെരുകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.