റിയാദ്: ദക്ഷിണ സൗദിയിലെ അൽ ബാഹ മേഖലയിൽ ആലിപ്പഴ വർഷത്തോടൊപ്പം തുടർച്ചയായി പെയ്യുന്ന കനത്ത മഴ പ്രകൃതിയുടെ ചന്തമേറ്റുന്നു. താഴ്വരകളിലും മലയിടുക്കുകളിലും ഉയർന്ന പ്രദേശങ്ങളിലും അൽ-ബാഹ പ്രദേശങ്ങളിലാകെയും റഗദാൻ ഫോറസ്റ്റ്, അൽ-ഹുസാം, അൽ-ഷൊറൂഖ് എന്നീ പാർക്കുകളിലും സസ്യജാലങ്ങൾ തളിർക്കാനും പച്ചപ്പ് വ്യാപിക്കാനും സഹായിച്ചതോടെ മേഖലയുടെ ആകർഷണീയത മൊത്തത്തിൽ വർധിച്ചു. ബൽജുറൈഷി, അൽ അഖിഖ്, അൽ മന്ദഖ്, അൽ ഖുറ, ബാനി ഹസ്സൻ എന്നീ പ്രദേശങ്ങളിലെല്ലാം ആകെ പച്ചപ്പണിഞ്ഞിരിക്കുകയാണ്. അരുവികളുടെ ഒഴുക്ക് വർധിച്ചു. കോടമഞ്ഞ് പുതച്ചും പ്രകൃതിയാകെ മനോഹാരിതയിൽ വിളങ്ങിയിരിക്കുകയാണ്. കുളിർകാറ്റും വീശുന്നുണ്ട്. ഈ ദിവസങ്ങളിലെല്ലാം നല്ല മഴയാണ് പെയ്യുന്നത്. വെള്ളിയാഴ്ചയും സാമാന്യം ശക്തമായ മഴ പെയ്തു. സന്ദർശകരും പ്രദേശവാസികളും തണുത്ത കാലാവസ്ഥയും ചോലക്കാടുകളാൽ ചുറ്റപ്പെട്ട മനോഹരമായ സ്ഥലങ്ങളിലെ കാഴ്ചകൾ ആസ്വദിക്കാൻ താൽപര്യപ്പെടുന്നു. കൂടാതെ മഴവെള്ളം നിറഞ്ഞ കൃഷിപ്പാടങ്ങളും പച്ച പരവതാനി വിരിച്ചതുപോലുള്ള താഴ്വരകളും മഴവെള്ള പ്രവാഹങ്ങളും ചേരുേമ്പാൾ മനോഹരമായ പെയിൻറിങ്ങുകൾ പോലെ വിനോദസഞ്ചാരികൾക്ക് ഹൃദ്യമായ കാഴ്ചാനുഭവമായി മാറുകയാണ് അൽ ബാഹ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.