ത്വാഇഫ്: പ്രകൃതി സൗന്ദര്യാസ്വാദകരുടെയും ട്രക്കിങ് കമ്പക്കാരുടെയും ഇഷ്ടകേന്ദ്രമാവുകയാണ് ത്വാഇഫിലെ ‘അൽ ജിലാൽ’ പർവതനിരകൾ. ഹരിതാഭമായ ഇവിടത്തെ മലമ്പ്രദേശങ്ങളിലെ വിവിധ വർണങ്ങളിലും രൂപങ്ങളിലുമുള്ള ഗിരിനിരകളും വശ്യമനോഹരമായ ഭൂപ്രകൃതിയുമാണ് മുഖ്യ ആകർഷകം.
തെക്കൻ ത്വാഇഫിലെ സരാവത് പർവത നിരകളുൾക്കൊള്ളുന്ന മെയ്സാൻ ഗവർണറേറ്റിലാണ് ‘അൽ ജിലാൽ’ എന്ന പേരിലറിയപ്പെടുന്ന പ്രദേശം സ്ഥിതിചെയ്യുന്നത്. പ്രകൃതി സൗന്ദര്യത്തിന്റെ വേറിട്ട കാഴ്ചകൾ എമ്പാടുമുള്ള ഗിരിപ്രദേശം ഇപ്പോൾ ആകർഷകമായ ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു.
സ്വർണ നൂലുകളാൽ നെയ്ത തിളങ്ങുന്ന വൈരക്കല്ലുകൾ പതിച്ച പോലുള്ള പാറകളും അതുല്യമായ ഭൂപ്രകൃതിയും സഞ്ചാരികളെയും ട്രക്കിങ് കമ്പക്കാരെയും ക്യാമ്പിങ് പ്രേമികളെയും ഇങ്ങോട്ട് മാടിവിളി ക്കുന്നു. സരാവത് പർവതനിരകളുടെ കൊടുമുടികൾ കയറാനും അവിടത്തെ പ്രകൃതി ചാരുതയുടെയും വെള്ളച്ചാട്ടങ്ങളുടെയും അരുവികളുടെയും ആസ്വാദ്യത നുകരാനുമാണ് സന്ദർശകർ ഇവിടെ എത്തുന്നത്.
പ്രകൃതിയുടെ പ്രകാശത്തിൽ രൂപപ്പെടുന്ന ആകർഷകമായ നിറങ്ങളും ശാന്തമായ അന്തരീക്ഷവും ഹരിതയിടങ്ങളും പുൽമേടുകളും കൂടിച്ചേരുമ്പോഴുണ്ടാവുന്ന ഹൃദ്യത ഏറെയാണെന്ന് അവിടെ സന്ദർശിച്ചവർ സാക്ഷ്യപ്പെടുത്തുന്നു.
അൽ ജിലാൽ പ്രദേശത്ത് ശുദ്ധജല കുളങ്ങളും അങ്ങിങ്ങായി കാണാം. അവക്ക് ചുറ്റും ചൂടുള്ളതും മൃദുവായതുമായ ഓവൽ കല്ലുകൾ പതിച്ചിട്ടുണ്ട്. അതിരാവിലെ സൂര്യകിരണങ്ങൾ ഇവിടെ പതിക്കുമ്പോൾ സ്വർണനൂലുകൾ വീഴുന്നത്പോലെ തോന്നും. സൂര്യാസ്തമയ വേളയിലും വേറിട്ട പ്രകൃതി ഭംഗിയാണ് പ്രദേശത്തിന് കൈവരുന്നത്.
ബനി മാലിക് അൽ സദ്ദീൻ, സയാദ, അൽ ബാർട്ട്, അൽ ഖഷ്ബ്, വാദി അൽ വഹ്ബ, ഹദ്ദാദ്, അൽ ഖുറൈ, ഷൗക്കാബ്, താഖിഫ്, ഖാഹ എന്നീ വിവിധ പേരുകളിലാണ് അൽ ജിലാൽ പ്രദേശങ്ങൾ വേർതിരിച്ചിരിക്കുന്നത്.
ഇവിടുത്തെ വിവിധയിടങ്ങളിൽ ആകർഷകമായ കാഴ്ചകളും അതിശയിപ്പിക്കുന്ന ജൈവവൈവിധ്യ ദൃശ്യങ്ങളും കാണാം. വിശാലമായ താഴ്വരകളുടെ വിള്ളലുകളിൽനിന്ന് ഒഴുകുന്ന ജലപ്രവാഹം മറ്റൊരു കാഴ്ചയാണിവിടെ. മെയ്സാൻ ഗവർണറേറ്റിന്റെ മധ്യഭാഗത്തുള്ള ഗ്രാമങ്ങൾക്ക് വർഷം മുഴുവനും തുടർച്ചയായ ജലപ്രവാഹം മൂലം സ്ഥിരമായ ഫലഭൂയിഷ്ഠത ലഭിക്കുന്നു. മരക്കൊമ്പുകളിൽ കൂടുകൂട്ടുന്ന പക്ഷികളുടെ കളകളാരവങ്ങൾ പ്രദേശത്തെത്തുന്ന സന്ദർശകർക്ക് മറ്റൊരു ഹൃദ്യമായ അനുഭൂതി പകരുന്നു.
വാരാന്ത്യ അവധി ദിനങ്ങൾ ചെലവഴിക്കാനും ഇവിടുത്തെ പ്രകൃതിസുന്ദരമായ കാഴ്ചകൾ കാമറകളിൽ ഒപ്പിയെടുക്കാനും ഭക്ഷണവും മറ്റ് യാത്രാസംവിധാനങ്ങളും ഒരുക്കിയാണ് യുവാക്കളുടെ കൂട്ടായ്മകളിൽ വിവിധ സംഘങ്ങൾ ഇവിടെ എത്തുന്നത്. പ്രകൃതിയുടെ വശ്യസൗന്ദര്യം ആസ്വദിക്കാൻ കുടുംബങ്ങളോടൊത്തും സന്ദർശകർ ഇവിടെ എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.