സൗദിയിൽ ഇലക്​ട്രിക്കൽ ജോലിക്കിടെ തീപ്പൊള്ളലേറ്റ ആലപ്പുഴ സ്വദേശി​ മരിച്ചു


റിയാദ്​: ഇലക്​ട്രിക്കൽ ജോലിക്കിടെ ഷോർട്ട്​ സർക്യൂട്ട്​ മൂലം തീപ്പൊള്ളലേറ്റ്​ റിയാദിലെ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലായിരുന്ന മലയാളി യുവാവ്​ മരിച്ചു. ആലപ്പുഴ മഹാദേവിക്കാട് പാണ്ട്യാലയിൽ പടീറ്റതിൽ രവീന്ദ്രൻ, ജഗദമ്മ ദമ്പതികളുടെ മകൻ റിജിൽ രവീന്ദ്രൻ (28) ആണ്​ മരിച്ചത്​. ഡിസംബർ 11ന്​ റിയാദിൽനിന്ന്​ 767 കിലോമീറ്ററകലെ റഫ്​ഹ പട്ടണത്തിലുള്ള ജോലിസ്ഥലത്താണ്​ അപകടമുണ്ടായത്​. സ്വകാര്യ കൺസ്​ട്രക്ഷൻ കമ്പനിയിൽ ഇലക്​ട്രീഷ്യനായ റിജിൽ ജോലി ചെയ്യുന്നതിനിടെ രാവിലെ 10ഓടെ വൈദ്യുതി ഷോർട്ട്​ സർക്യൂട്ട്​ മൂലം തീപിടിക്കുകയായിരുന്നു​. ശരീരത്തിലേക്ക്​ ആളിപ്പിടിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റു. അപ്പോൾ തന്നെ റഫ്​ഹ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

13ാം തീയതി മെഡിക്കൽ വിമാനത്തിൽ റിയാദ്​ ശുമൈസിയിലെ കിങ്​ സഊദ്​ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞുവരുന്നതിനിടെ ഞായറാഴ്​ച (ജനു. ഏഴ്​​) രാത്രി എ​ട്ടോടെയാണ്​ മരിച്ചത്​. അവിവാഹിതനാണ്​. ഒന്നര വർഷം മുമ്പാണ്​ കമ്പനിയിലേക്ക്​ ഇലക്​ട്രീഷ്യൻ ജോലിക്കായി നാട്ടിൽനിന്നെത്തിയത്​. വന്ന​ ശേഷം നാട്ടിൽ പോയിട്ടില്ല. ഒരു സഹോദരനുണ്ട്​. അപകടമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​ മുതൽ ഇതുവരെ ഒപ്പം നിന്ന്​ പരിചരണം നൽകിയത്​ സഹപ്രവർത്തകനായ കിളിമാനൂർ സ്വദേശി അഖിലാണ്​.

മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾക്ക്​ അഖിലിനെ സഹായിക്കാൻ ഒ.ഐ.സി.സി എറണാകുളം ജില്ല പ്രസിഡൻറ്​ മാത്യു ജോസഫ്​, ജീവകാരുണ്യ കൺവീനർ ഷിജോ ചാക്കോ എന്നിവർ രംഗത്തുണ്ട്​. നടപടിക്രമങ്ങൾ പൂർത്തീകരിച്ച്​ വൈകാതെ നാട്ടിലെത്തിക്കാനാവും എന്ന്​​ പ്രതീക്ഷിക്കുന്നതായി​ മാത്യു ജോസഫ്​ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു.

Tags:    
News Summary - Alappuzha native died in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.