ജിദ്ദ: ഗസ്സയുടെ ഭാവിയെക്കുറിച്ചും ഫലസ്തീൻ പ്രശ്‌നത്തെക്കുറിച്ചും സംസാരിക്കുന്നത് അടിയന്തര വെടിനിർത്തലിനുശേഷം മാത്രമെന്ന് അറബ്, ഇസ്‌ലാമിക് മന്ത്രിതല സമിതി. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാന്‍റെ നേതൃത്വത്തിലുള്ള സമിതി അന്താരാഷ്ട്ര മാധ്യമങ്ങൾക്കു മുന്നിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് നിലപാട് വ്യക്തമാക്കിയത്. ഗസ്സയിൽ ഉടനടി വെടിനിർത്തണം. ഇസ്രായേൽ അധിനിവേശസേനയുടെ കൊലപാതകയന്ത്രത്തിൽനിന്ന് നിരപരാധികളായ സാധാരണക്കാരെ രക്ഷിക്കണം. ഇനിയെന്ത് ചർച്ചയും അതിനുശേഷം മാത്രം.
വെടിനിർത്തലും ഗസ്സയിലെ മാനുഷിക പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കണ്ടെത്തലും നടക്കാതെ പോകുന്നത് അന്താരാഷ്ട്ര സമൂഹത്തിന്‍റെ പരാജയമാണ്.
മരണസംഖ്യ ഉയരുകയും ഗസ്സ മുനമ്പിലെ മാനുഷിക സാഹചര്യങ്ങൾ വഷളാകുകയും ചെയ്യുകയാണ്. അടിയന്തര മാനുഷിക, ഭക്ഷണ, വൈദ്യസഹായങ്ങൾ എത്തിക്കുന്നതിന് ദുരിതാശ്വാസ ഇടനാഴികൾ തുറക്കുകയും അത് സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയും വേണം. അതിന് അടിയന്തര നടപടി സ്വീകരിക്കണം. ഗൗരവമേറിയതും അടിയന്തരവുമായ നടപടികൾ കൈക്കൊള്ളാനും സമിതി അംഗങ്ങൾ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
അറബ്, ഇസ്‌ലാമിക് രാജ്യങ്ങളുടെ ഇപ്പോഴത്തെ മുൻഗണന വെടിനിർത്തലാണ്. അന്താരാഷ്ട്ര സമൂഹം പ്രത്യേകിച്ച് യു.എൻ രക്ഷാകൗൺസിലിലെ സ്ഥിരാംഗങ്ങൾ അതിന് മുൻഗണന നൽകണമെന്നും സമിതി അംഗങ്ങൾ ആവശ്യപ്പെട്ടു. ഫലസ്തീൻ ജനതയുടെ ജീവനും അന്തസ്സും പരമാധികാരവും ഉറപ്പുനൽകുന്ന അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള വിശ്വസനീയവും ഗൗരവമേറിയതുമായ ഒരു റോഡ് മാപ്പിന്റെ അടിയന്തര ആവശ്യകതയും സമിതി അംഗങ്ങൾ ഊന്നിപ്പറഞ്ഞു. റിയാദിൽ കഴിഞ്ഞമാസം നടന്ന അറബ്-ഇസ്‌ലാമിക് ഉച്ചകോടിയാണ് ഫലസ്തീൻ പ്രശ്നപരിഹാരത്തിന് ലോകരാഷ്ട്രങ്ങളുമായി സംസാരിക്കാൻ പ്രത്യേക മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.