ജിദ്ദ: സൗദിയിൽ പള്ളികളിൽ മയ്യിത്ത് നമസ്കാരത്തിന് അനുമതി. കോവിഡിനെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച പള്ളികളിൽ വെച്ചുള്ള മയ്യിത്ത് നമസ്കാരത്തിനാണ് ചില നിബന്ധനകളോടെ മതകാര്യ വകുപ്പ് അനുമതി നൽകിയിരിക്കുന്നത്. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തുന്ന പൊതു ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പള്ളികളിൽ വെച്ച് മയ്യിത്ത് നമസ്കാരത്തിനു അനുമതി നൽകിയിരിക്കുന്നതെന്ന് മതകാര്യ വകുപ്പ് പറഞ്ഞു.
നിബന്ധകളോടെയാണ് പള്ളികളിൽ വെച്ച് മയ്യിത്ത് നമസ്കാരത്തിനു അനുമതി നൽകിയിരിക്കുന്നതെന്ന് മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് പറഞ്ഞു. മയ്യിത്ത് നമസ്കാരം നടത്തുന്ന പള്ളിക്ക് നിരവധി കവാടങ്ങളുണ്ടാകണം. മയ്യിത്ത് പള്ളിയിലുണ്ടാകുന്ന സമയത്ത് എല്ലാ കവാടങ്ങളും ഉപയോഗിക്കണം. മയ്യിത്ത് കൊണ്ടുവരുന്നതിനും പുറത്തേക്ക് കൊണ്ടു പോകുന്നതിനും പള്ളിയിൽ പ്രത്യേക കവാടം നിശ്ചയിച്ചിരിക്കണം. നിശ്ചിത കവാടത്തിലൂടെ മയ്യിത്ത് കൊണ്ടുവരുന്ന അടുത്ത ബന്ധുക്കൾക്കേ പ്രവേശാനുമതി നൽകാവൂ. ആളുകൾക്ക് അനുശോചനം അറിയിക്കാൻ പ്രത്യേക ലൈൻ നിശ്ചയിച്ചിരിക്കണം. മരണപ്പെട്ടയാളുടെ കുടുംബത്തിനും അനുശോചനം രേഖപ്പെടുത്തുന്നവർക്കുമിടയിൽ രണ്ട് മീറ്റർ അകലം പാലിച്ചിരിക്കണം.
നടപടിക്രമങ്ങൾ നടപ്പാക്കുന്നത് പരിശോധിക്കാനും അവ ലംഘിക്കരുതെന്ന് മുന്നറിയിപ്പ് നൽകാനും ഒന്നിലധികം സൂപ്പർവൈസർമാരെ പള്ളിയിൽ നിശ്ചയിക്കണം. മയ്യിത്ത് നമസ്കാരം നിർബന്ധിത നമസ്കാര സമയത്താകരുത്. നിർബന്ധിത നമസ്കാരത്തിനു മുമ്പോ അതിനുശേഷമോ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഉണ്ടായിരിക്കണം. ഒരു പള്ളിയിൽ ഒരു സമയത്ത് മൂന്ന് മയ്യിത്ത് നമസ്കാരത്തിൽ കൂടുതലുണ്ടാകുന്നത് ഒഴിവാക്കാൻ പള്ളിക്ക് കീഴിലെ മയ്യിത്ത് കുളിപ്പിക്കുന്ന കേന്ദ്രവുമായി മതകാര്യം, മുനിസിപ്പൽ ഗ്രാമകാര്യം ബ്രാഞ്ച് ഓഫീസുകളും ഏകോപ്പിച്ചു പ്രവർത്തിക്കണമെന്നും മതകാര്യ വകുപ്പ് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.