റിയാദ്: റിയാദിൽ നടന്ന അറബ്-ഇസ്ലാമിക് ഉച്ചകോടിയുടെ ഫലങ്ങൾ ഗസ്സയിലെ യുദ്ധം തടയുന്നതിനുള്ള സംയുക്ത പ്രവർത്തനത്തെ ശക്തിപ്പെടുത്തുമെന്ന് സൗദി മന്ത്രിസഭ. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ ഉച്ചകോടിയുടെ ഉള്ളടക്കം ചർച്ച ചെയ്യവേയാണ് ഇക്കാര്യം വിലയിരുത്തിയത്.
ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും മേഖലയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനും സംയുക്ത പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും അന്താരാഷ്ട്ര സമൂഹവുമായുള്ള സഹകരണം തുടരുന്നതിനും സഹായകമാകുന്ന ഉച്ചകോടിയുടെ ഫലങ്ങളെ മന്ത്രിസഭ പ്രശംസിച്ചു.
ഒ.ഐ.സി, അറബ് ലീഗ്, ആഫ്രിക്കൻ യൂനിയൻ കമീഷൻ എന്നീ കൂട്ടായ്മകൾ തമ്മിൽ ‘ഫലസ്തീനെ പിന്തുണക്കാനുള്ള ത്രികക്ഷി കരാർ’ ഒപ്പിട്ടതും പ്രശംസനീയമാണെന്നും മന്ത്രിസഭ വിലയിരുത്തി.
ഇസ്രായേൽ ആക്രമണത്തിന്റെ വിനാശകരമായ മാനുഷിക പ്രത്യാഘാതങ്ങളെ മറികടക്കാൻ ഫലസ്തീനിലെയും ലബനാനിലെയും സഹോദരങ്ങൾക്ക് സൗദി അറേബ്യയുടെ ഉറച്ച പിന്തുണ എപ്പോഴുമുണ്ടാകുമെന്നും മന്ത്രിസഭ ആവർത്തിച്ച് വ്യക്തമാക്കി.
സൗദി നേതൃത്വത്തിലുള്ള അറബ്-ഇസ്ലാമിക് മന്ത്രിതല സമിതിയും യൂറോപ്യൻ യൂനിയനും നോർവേ രാജ്യവും സംയുക്തമായി രൂപവത്കരിച്ച ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാനുള്ള അന്താരാഷ്ട്ര സഖ്യത്തിൽ ചേരാൻ ലോകരാജ്യങ്ങളോട് മന്ത്രിസഭ ആഹ്വാനം ചെയ്തു.
ഇറാൻ പ്രസിഡൻറ്, ജപ്പാൻ പ്രധാനമന്ത്രി എന്നിവരുമായി നടത്തിയ സംഭാഷണങ്ങളുടെ ഉള്ളടക്കവും നിയുക്ത യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപുമായുള്ള ഫോൺകാളിൽ ഉൾപ്പെടുത്തിയ കാര്യങ്ങളും കിരീടാവകാശി മന്ത്രിസഭയെ അറിയിച്ചു.
നിലവിലുള്ളതും ഭാവിയിലുണ്ടാകുന്നതുമായ വെല്ലുവിളികളെ അഭിസംബോധന ചെയ്യാനും ആഗോള തലത്തിൽ സമ്മർദം ചെലുത്തുന്ന പ്രശ്നങ്ങളോട് പ്രതികരിക്കുന്നതിനും കൂടുതൽ ഫലപ്രദവും വേഗത്തിലുള്ളതുമായ അന്താരാഷ്ട്ര ബഹുമുഖ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിനുള്ള സൗദിയുടെ സംഭാവനകളും സംരംഭങ്ങളും അവലോകനം ചെയ്തതായി മന്ത്രിസഭ യോഗത്തിനുശേഷം വാർത്തവിതരണ മന്ത്രി സൽമാൻ അൽ ദോസരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.