ജിദ്ദ: ഗസ്സയിലെ സൈനിക നടപടി ഉടൻ അവസാനിപ്പിക്കണമെന്നും 22 ലക്ഷം ഫലസ്തീൻകാർക്ക് അടിയന്തര മാനുഷിക സഹായവും അടിസ്ഥാന സാമഗ്രികളും നൽകാൻ അന്താരാഷ്ട്ര ശ്രമങ്ങളുണ്ടാവണമെന്നും അറബ് ലീഗും ആഫ്രിക്കൻ യൂനിയൻ കമീഷനും ആവശ്യപ്പെട്ടു. 10 ലക്ഷത്തിലധികം ഫലസ്തീനികൾ വീടു വിട്ടിറങ്ങാൻ പുറപ്പെടുവിച്ച ഉത്തരവിൽ ഇരു സംഘടനകളും തങ്ങളുടെ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനത്തിൽ ഇനിയും വൈകുന്നതിനുമുമ്പ് ഉറച്ച നിലപാട് സ്വീകരിക്കാൻ ഐക്യരാഷ്ട്രസഭയോടും അന്താരാഷ്ട്ര സമൂഹത്തോടും ആഹ്വാനംചെയ്തു.
ഫലസ്തീനികൾക്കെതിരെ നീണ്ടുനിൽക്കുന്ന ആക്രമണം തടയാൻ കൂട്ടായും ഉടനടിയും പ്രവർത്തിക്കേണ്ടതുണ്ട്. ഗസ്സയിലെ നിവാസികൾക്ക് അടിസ്ഥാന സഹായവും പരിക്കേറ്റവർക്ക് ആശ്വാസവും നൽകുന്നതിന് മാനുഷിക ഇടനാഴി തുറക്കേണ്ടതിന്റെ ആവശ്യകത ഇരുസംഘടനകളും അവരുടെ സംയുക്ത പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ പരിഹാരമാണ് മേഖലയിലെ എല്ലാ ജനങ്ങൾക്കും രാജ്യങ്ങൾക്കും സുരക്ഷയുടെയും സമാധാനത്തിന്റെയും ഏക ഉറപ്പെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.