റിയാദ്: ഈ രാവ് വെളുക്കാതിരുന്നെങ്കിലെന്ന് ആസ്വാദകർ ആഗ്രഹിച്ചു പോകും. അറബ് കാവ്യങ്ങൾ മധുവായൊഴുകും രാവ് വെള്ളിയാഴ്ച അൽഉലയിൽ അരങ്ങേറും. തണുത്ത രാത്രിക്ക് സംഗീതം കൊണ്ട് ചൂട് പകരുന്ന ആനന്ദരാവിൽ പ്രമുഖ സൗദി സംഗീതസംവിധായകനും ഗായകനുമായ അബ്ദുറഹ്മാൻ മുഹമ്മദ് ഉൾപ്പെടെയുള്ള വിഖ്യാത കലാകാരന്മാർ ആസ്വാദകർക്ക് മുന്നിലെത്തും. പരമ്പരാഗത അറേബ്യൻ പ്രണയകാവ്യങ്ങളും ഗസലുകളും കൂടിച്ചേരുന്ന അബ്ദുറഹ്മാൻ മുഹമ്മദിന്റെ സൃഷ്ടികൾ അറേബ്യൻ കലാ ലോകത്ത് ഖ്യാതികേട്ടതാണ്.
നിരവധി പ്രാദേശിക, അന്തർദേശീയ വേദികളുടെ ആവേശമായ മുഹമ്മദ് അറബ് ലോകത്ത് സ്വീകാര്യനാണ്. ആഗോള വേദികളിൽ പേരുകേട്ട മൾട്ടി-ഇൻസ്ട്രുമെൻറലിസ്റ്റായ സ്വതന്ത്ര ഈജിപ്ഷ്യൻ ആർട്ടിസ്റ്റ് ആഷ് വേദിയിൽ ആവേശമുയർത്തും. ഗിസ പിരമിഡുകളുടെ പശ്ചാത്തലത്തിൽ ആഷ് ഒരുക്കിയ ‘മൊസൈക്ക്’ എന്ന ആൽബം യുട്യൂബിൽ 15 കോടി ഹിറ്റിലെത്തി. മധ്യപൗരസ്ത്യൻ, ഫ്രഞ്ച് സ്വാധീനങ്ങളെ തന്റെ വ്യക്തിമുദ്ര പതിഞ്ഞ ഇലക്ട്രോണിക് ശബ്ദത്തിലേക്ക് സമന്വയിപ്പിക്കുന്നതിൽ അതീവ വൈദഗ്ധ്യം നേടിയ കലാകാരനാണ്. സൗദയിൽ ആരാധകരുള്ള ആഷിന്റെ സാന്നിധ്യം അൽഉലയിലെ വെള്ളിയാഴ്ച രാവിന് മധുരവും തിളക്കവുമേറ്റും.
പ്രശസ്ത സൗദി അറേബ്യൻ കലാകാരനും കവിയുമായ അബ്ദുല്ലത്തീഫ് യൂസഫും അരങ്ങിലെത്തുന്നുണ്ട്. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഫൗണ്ടേഷന് കീഴിൽ പ്രവർത്തിക്കുന്ന മിസ്ക് ആർട്ട് ഈവൻറ്, റിയാദ് ആർട്ടിന്റെ സെമിനാർ സീരീസ്, 2022ൽ ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾച്ചറിൽ രാഷ്ട്ര സ്ഥാപക ദിനാഘോഷ വേദി തുടങ്ങി പ്രധാന പരിപാടികളിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്നു അബ്ദുല്ലത്തീഫ് യൂസുഫ്.
അറബി കവിതക്കുള്ള അമീർ അബ്ദുല്ല അൽഫൈസൽ ഇൻറർനാഷനൽ അവാർഡ് ഉൾപ്പെടെ നിരവധി ബഹുമതികളും ലഭിച്ച കവിയുടെ ഏറ്റവും പുതിയ കവിതകൾ കേൾക്കാൻ അൽഉല ഒരുങ്ങി. കവിതയും അറബ് ഗസലും നിലക്കാതെ ഒഴുകുന്നത് ആസ്വദിക്കാൻ ഓൺലൈൻ വഴി ടിക്കറ്റ് സ്വന്തമാക്കാവുന്നതാണ്. 180 സൗദി റിയാലാണ് ടിക്കറ്റ് നിരക്ക്. ശൈത്യകാലം ആഘോഷമാക്കുന്ന അൽ ഉലയിൽ ഈ സീസണിലെ ഉത്സവങ്ങളിൽ ഒന്നാണ് അൽഉല ഓറഞ്ച് മേള. മരുപ്പച്ചയിൽ വളരുന്ന വൈവിധ്യമാർന്ന ഓറഞ്ചിന്റെ വിളവെടുപ്പുത്സവം കൂടിയാണിത്. രണ്ട് ലക്ഷത്തിലധികം മരങ്ങളിൽനിന്ന് വ്യത്യസ്തമായ ഓറഞ്ചുകൾ കർഷകർ പ്രദർശനത്തിനെത്തിക്കും. കൃഷിയെ കുറിച്ചും വിദഗ്ധർ മേളയിൽ വിശദീകരണം നൽകും. സൗദി അറേബ്യയുടെ പ്രധാന വിനോദ കേന്ദ്രമായ അൽഉലയിൽ സന്ദർശകരെ കാത്തിരിക്കുന്നത് വ്യത്യസ്ത അനുഭവങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.