യാംബു: കേരള സർക്കാറിെൻറ 10ാം ക്ലാസ് അറബിക് പാഠപുസ്തകത്തിലുള്ള 'കൈരളാ' (കേരളം) എന്ന കെ. മൊയ്തു മൗലവിയുടെ അറബി പദ്യം ഗൾഫിലിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. അധ്യാപകനും സംഗീത സംവിധായകനുമായ അമീൻ യാസിർ കേരളപ്പിറവി ദിനം പ്രമാണിച്ച് സംഗീതം നൽകി പുറത്തിറക്കിയ ഗാനമാണ് അറബികളടക്കമുള്ള ഗൾഫിലെ ആസ്വാദകലോകം ഏറ്റെടുത്തത്. അമീൻ യാസിർ ഇൗണം നൽകിയ വരികൾ ദിൽഫ കബീർ എന്ന മലയാളി വിദ്യാർഥിനിയാണ് ആലപിച്ചിരിക്കുന്നത്. ഹാദി അറബിക് മീഡിയ എന്ന യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത പദ്യമാണ് തരംഗം തീർക്കുന്നത്.
അറബിയിൽ നിരവധി കവിതകൾ രചിച്ചിട്ടുള്ള പ്രമുഖ പണ്ഡിതൻ കെ. മൊയ്തു മൗലവി ജമാഅത്തെ ഇസ്ലാമി കേരള മജ്ലിസ് ശൂറയിലും കേന്ദ്ര പ്രതിനിധി സഭയിലും അംഗമായിരുന്നു. കോഴിക്കോട് വാണിമേൽ സ്വദേശിയായിരുന്ന മൗലവി 2005ലാണ് നിര്യാതനായത്. കേരളത്തിെൻറ മഹത്തായ പാരമ്പര്യവും പ്രകൃതി വിഭവങ്ങളും ചാരുതയോടെ ചിത്രീകരിക്കുന്ന 'കൈരളാ' എന്ന ഈ കവിത ആരംഭിക്കുന്നതുതന്നെ 'കൈരളം, യാ കൈരളം...' എന്ന വരിയിലാണ്. കേരളത്തിെൻറ പ്രകൃതിരമണീയത ദൃശ്യവത്കരിക്കുകകൂടി ചെയ്ത് അണിയിച്ചൊരുക്കിയ ആൽബം വിദ്യാർഥികളെപ്പോലെ മുതിർന്നവരെയും ഏറെ ആകർഷിക്കുന്നു. കൊച്ചു ഗായികയായ ദിൽഫ കബീർ മലപ്പുറം -പാലക്കാട് ജില്ലകളുടെ അതിർത്തി പ്രദേശമായ കരിങ്കല്ലത്താണിയിൽ എഫ്.എം ഹയർസെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്.
പാലക്കാട് ചെത്തല്ലൂർ സ്വദേശിയായ അബ്ദുൽ കബീർ -ഷാക്കിറ ദമ്പതികളുടെ മകളായ ദിൽഫ ധാരാളം അറബി പദ്യങ്ങളും മാപ്പിളപ്പാട്ടുകളും ആലപിച്ചിട്ടുണ്ട്. അറബി കവിതകൾക്ക് ഈണം നൽകുന്നത് സപര്യയാക്കിയ അമീൻ യാസിർ മലപ്പുറം മേൽമുറി ജി.എം.യു.പി സ്കൂൾ അധ്യാപകനാണ്. കേരളത്തിലെ സ്കൂൾ അറബിക് പാഠപുസ്തകങ്ങളിലെ ഒന്ന് മുതൽ 10 വരെയുള്ള പദ്യങ്ങളിൽ പലതും ലളിതമായ പാട്ട് രൂപത്തിൽ കുട്ടികൾക്ക് ഈണത്തോടെ പാടിപ്പഠിക്കാൻ കഴിയുന്ന രീതിയിൽ സംഗീതം നൽകി ഒരുക്കിയിട്ടുള്ള അമീൻ യാസിർ ഇൗ രംഗത്ത് ഇതിനകം വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു. എൽ.പി സ്കൂളിലെ മലയാളം, ഇംഗ്ലീഷ് പാഠപുസ്തകങ്ങളിലെ ചില കവിതകൾക്കും അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. കേരള ഗാനം www.youtube.com/watch?v=cXAD9-m2-Ug എന്ന ലിങ്കിൽ കാണാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.