ജിദ്ദ: സൗദി അറേബ്യയുടെ ദേശീയ എണ്ണ കമ്പനിയായ അരാംകോ തങ്ങളുടെ ഓഹരി ഉടമകൾക്ക് കഴിഞ്ഞ വർഷത്തെ നാലാംപാദ ലാഭവിഹിതമായി 73.15 ശതകോടി റിയാൽ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. സുസ്ഥിരവും വർധിക്കുന്നതുമായ ലാഭവിഹിതം നൽകാൻ ലക്ഷ്യമിടുന്ന അരാംകോയുടെ ഡിവിഡൻറ് നയത്തിന് അനുസൃതമായി 2022-ലെ മൂന്നാം പാദത്തെ അപേക്ഷിച്ച് ഇത് നാല് ശതമാനം വർദ്ധനയാണെന്ന് കമ്പനി വ്യക്തമാക്കി. 2021-ലെ മൊത്തം കമ്പനി അറ്റാദായം 412.4 ശതകോടി റിയാലായിരുന്നു. 2022-ൽ ഇത് 46.5 ശതമാനം വർധിച്ച് ഏകദേശം 604.01 ശതകോടി റിയാലായി.
2021-നെ അപേക്ഷിച്ച് ഉയർന്ന ക്രൂഡ് ഓയിൽ വില, വിറ്റഴിച്ച അളവ്, റിഫൈനിങ് ബിസിനസിൽ നിന്നുള്ള ലാഭവിഹിതത്തിലെ വർദ്ധനവ് എന്നിവ 2022-ലെ അറ്റാദായ വർദ്ധനവിന് ഇടവരുത്തിയിട്ടുണ്ട്. 15 ശതകോടി റിയാൽ നിലനിർത്തിയ വരുമാനം മൂലധനമാക്കി, ഓഹരി ഉടമകളുടെ കൈവശമുള്ള ഓരോ 10 ഓഹരിക്കും ഒരു ഓഹരി അധികം നൽകി കമ്പനിയുടെ മൂലധനം 75 ശതകോടി റിയാലിൽ നിന്ന് 90 ശതകോടി റിയാലായി ഉയർത്താൻ കമ്പനി ഡയറക്ടർ ബോർഡ് ശിപാർശ ചെയ്തിട്ടുണ്ട്.
2022 വർഷം സാമ്പത്തിക, പ്രവർത്തന തലങ്ങളിൽ കമ്പനിയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണെന്ന് സൗദി അരാംകോ പ്രസിഡൻറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ എൻജി. അമിൻ അൽ നാസർ പറഞ്ഞു. ആഗോള ക്രൂഡ് ഓയിൽ വില മുൻവർഷത്തെ അപേക്ഷിച്ച് ശക്തിപ്രാപിച്ചതിനാൽ 2022-ൽ സൗദി അരാംകോ റെക്കോർഡ് സാമ്പത്തിക പ്രകടനം കൈവരിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാവിയിലും എണ്ണയും വാതകവും അവശ്യ സ്രോതസ്സുകളായി തന്നെ തുടരും.
അതുമുഖേന ഊർജത്തിനും രാസവസ്തുക്കൾക്കുമുള്ള ഡിമാൻഡ് വർധിക്കും. അതിനാൽ ഊർജ നിക്ഷേപങ്ങൾ വിപുലീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദീർഘകാല തന്ത്രം കമ്പനി തുടരുമെന്ന് അൽ നാസർ ഊന്നിപ്പറഞ്ഞു. ഊർജ മേഖലയിൽ ആഗോള നിക്ഷേപത്തിെൻറ അഭാവമുണ്ടാക്കുന്ന അപകട സാധ്യതകൾ യഥാർഥമാണെന്നും ഊർജ വില ഉയരുന്നതിനും വിപണി അസ്ഥിരതയ്ക്കും ഇത് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.